കേരളാ മാതൃക രാജ്യത്തിന് അഭിമാനം: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗവര്‍ണര്‍

Glint Desk
Wed, 26-01-2022 11:24:21 AM ;

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം.

നീതി ആയോഗിന്റെ ആരോഗ്യസൂചികയില്‍ നാല് വര്‍ഷം തുടര്‍ച്ചയായി കേരളം ഒന്നാമതാണ്. വാക്‌സിനേഷനിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് ഇന്ത്യയുടെ ശക്തിയും നേതൃപാടവും തിരിച്ചറിച്ച കാലമാണിത്. കേരളത്തിന്റെ നേട്ടങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാപേര്‍ക്കും ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം. സാക്ഷരതയിലും ആരോഗ്യത്തിലും സ്‌കുള്‍ വിദ്യാഭ്യാസത്തിലെയും നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ രാജ്യം ശക്തമായി നേരിട്ടു. ലോകത്തെ തന്നെ വലിയ വാക്‌സിന്‍ ഡ്രൈവ് നടത്തിയെന്ന് പറഞ്ഞ ഗവര്‍ണര്‍ സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ചു. സ്ത്രീധന പീഡനകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. ഉന്നത വിദ്യാഭ്യാസം ഇനിയും ശക്തിപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Tags: