ക്യാബിനറ്റ് ബസ്സ്: ആവശ്യമില്ലാത്ത വിവാദം

Glint desk
Sat, 18-11-2023 02:41:13 PM ;

നവകേരള സദസ്സിന് മന്ത്രിസഭയെ എത്തിക്കുന്ന ക്യാബിനറ്റ് ബസ് യഥാർത്ഥത്തിൽ ഇത്ര വിവാദമാക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങളുടെ വാർത്താനിർണയത്തിലെ ശുഷ്കസമീപനത്തെയാണ് ഈ ബസ് വിഷയം വെളിവാക്കന്നത്. ഇടതുപക്ഷ മുന്നണി കൺവീനർ വ്യക്തമായി പറഞ്ഞു, നവകേരള സദസ്സ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് തന്നെ ഉള്ളതാണെന്ന്. എന്തിൻറെ പേരിലാണെങ്കിലും മന്ത്രിസഭ ഒന്നിച്ച് ജനങ്ങളെ കാണുമ്പോൾ അത് ഇത്തരത്തിൽ ഒരു വാഹനത്തിൽ ആകുമ്പോൾ ജനത്തിന് സാമ്പത്തികമായും ഭരണപരമായും ഗുണം ചെയ്യും .തങ്ങൾക്ക് കിട്ടുന്ന പരാതികൾ സംബന്ധിച്ച് മന്ത്രിസഭയ്ക്ക് കൂട്ടായി തീരുമാനമെടുക്കാനും ഈ യാത്ര സഹായകമാകും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയാണെങ്കിലും കുറച്ചൊക്കെ പ്രയോജനം ജനങ്ങൾക്ക് കിട്ടുകയാണെങ്കിൽ അത് ആശ്വാസം തന്നെയാണ്. വിശേഷിച്ചും കെടുകാര്യസ്ഥത, കാലതാമസം, കൈക്കൂലി തുടങ്ങിയിട്ടുള്ള സംഗതികളിൽ കുരുങ്ങിപ്പോകുന്ന സാധാരണ മനുഷ്യൻറെ ജീവിതത്തെ സംബന്ധിച്ച്. ഒരു സംസ്ഥാനത്തെ സംബന്ധിച്ച് ഒരു കോടിയിലധികം വരുന്ന ഒരു ബസ് എന്ന് പറയുന്നത് ധൂർത്തായിട്ട് കണക്കാക്കാൻ കഴിയില്ല. കേരളത്തിൽ തന്നെ ചെറിയ സേവനങ്ങൾക്ക് 'വിശേഷിച്ച് ഐടി മേഖലയിലൊക്കെ, വ്യക്തികൾക്ക് തന്നെ ഒന്നും രണ്ടുകോടിക്കടുപ്പിച്ചൊക്കെ പ്രതിഫലം കിട്ടുന്ന കാലമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ ഈ  ബസ്സിന് ആധാരമാക്കി മാധ്യമങ്ങൾ വിവാദമാക്കുന്നതിലൂടെ മുൻഗണന വിഷയങ്ങൾ അപ്രസക്തമായി പോകുന്ന കാഴ്ചയാണ് കാണുന്നത്.

Tags: