ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ചൈനയില്‍ തുറക്കുന്നു

Glint Staff
Mon, 22-10-2018 06:38:01 PM ;

ചൈനയില്‍ നിര്‍മാണം പൂര്‍ത്തിയായ ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം 24ന് ഗതാഗതത്തിനായി തുറക്കും. മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാന്റോ ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണ് നീളം. 1.32 ലക്ഷം കോടി (2000 കോടി ഡോളര്‍) രൂപ മുതല്‍ മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാസമയം മൂന്ന് മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും.

 

ആറുവരിപ്പാതയായി നിര്‍മിച്ചിരിക്കുന്ന പാലത്തിന്റെ ഭാഗമായി നാല് തുരങ്കങ്ങളും നാല് കൃത്രിമ ദ്വീപുകളുമുണ്ട്. ഉരുക്കിലാണ് പാലത്തിന്റെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഉരുക്കുകൊണ്ട് 60 ഈഫല്‍ ഗോപുരങ്ങള്‍ നിര്‍മ്മിക്കാനാകും.

 

അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാന്റ്സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എകദേശം 100 വര്‍ഷമെങ്കിലും ഈ പാലത്തിലൂടെ ഗതാഗതം സാധിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ചുഴലികാറ്റിനേയും സുനാമിയേയും പ്രതിരോധിക്കാന്‍ ഈ പാലത്തിന് സാധിക്കും എന്നാണ് ചൈന അവകാശപ്പെടുന്നത്.

 

Tags: