ലേഡീസ് സീറ്റില്‍ പുരുഷന്മാര്‍ ഇരുന്നാല്‍ എഴുന്നേല്‍പ്പിക്കാന്‍ നിയമമുണ്ടോ ?

Glint Desk
Mon, 11-03-2019 04:17:59 PM ;

ksrtc-ladies seat

ബസ് യാത്രയ്ക്കിടയില്‍ നാം പലപ്പോഴും നേരിട്ട് അനുഭവിക്കുകയോ കാണുകയോ ചെയ്യുന്ന പ്രശ്‌നമാണ് റിസര്‍വ് ചെയ്തിട്ടുള്ള സീറ്റുകളിലിരുന്നുള്ള യാത്രയുമായി ബന്ധപ്പെട്ട തര്‍ക്കം. അതില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് സ്ത്രീകളുടെ സീറ്റിലിരുന്ന് പുരുഷന്മാര്‍ യാത്ര ചെയ്യുന്നതാണ്. പ്രത്യേകിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍. എന്നാല്‍ കെ.എസ്.ആര്‍.ടിസി ബസില്‍ സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരുന്നാല്‍ അവരെ എഴുന്നേല്‍പ്പിക്കാന്‍ നിയമം ഉണ്ടോ? പലര്‍ക്കും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം അറിയില്ല എന്നുള്ളതാണ് സത്യം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് തനിക്കുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു യാത്രികന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ചുവടെ.

 

'ഇന്ന് രാവിലെ അങ്കമാലിയില്‍ നിന്നും കോട്ടയത്തേക്ക് വരുന്ന KSRTC FP(fast passenger) ല്‍ ഉണ്ടായ ഒരു സംഭവം ആണ് ചുവടെ ചേര്‍ക്കുന്നത്.ഞാന്‍ അങ്കമാലിയില്‍ നിന്നും കയറുന്ന സമയത്ത് വലതു വശത്തെ അഞ്ചാമത്തെ വരിയില്‍ ഒരു അമ്മയും മകനും ആണെന്ന് തോനുന്നു അവര് കൂടാതെ ഒരു സീറ്റ് കാലി ഉണ്ടായിരുന്നു (സ്ത്രീകള്‍ക്ക് മുന്‍ഗണന സീറ്റ് ആയിരുന്നു അത് ) നേരെ അതില്‍ കയറി ഇരുന്നു.

 

എന്നും ഉണ്ടാകുന്ന പോലെ ടിക്കറ്റ് എടുത്തതിനു ശേഷം ഞാന്‍ ഉറക്കത്തിലേക്ക് പോയി.പെരുമ്പാവൂര്‍ ഒക്കെ കഴിഞ്ഞു കാണും ആരോ തട്ടി വിളിക്കുന്ന പോലെ തോന്നി.കണ്ണു തുറന്നു നോക്കിയപ്പോള്‍ ജനസാഗരം.ഒരു പെണ്‍കുട്ടിയാണ് വിളിച്ചത് കാഴ്ച്ചയില്‍ ഒരു 20-30 പ്രായം തോന്നിക്കും.പെണ്‍കുട്ടി അവള്‍ക്ക് ഉള്ള അവകാശം പോലെ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നു.

 

മുമ്പ് എന്നോ  KSRTC യുടെ സീറ്റ് തര്‍ക്കങ്ങളെ പറ്റിയുള്ള കോടതി ഉത്തരവ് വായിച്ച ഓര്‍മയില്‍ അങ്ങനെ ഒരു റൈറ്റ് ഇല്ലെന്നും കണ്ടക്ടര്‍ വരുമ്പോള്‍ താങ്കളുടെ സംശയം സാധുകരിക്കാനും ഞാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. അതിന് ശേഷം ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് പോയി.

 

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തട്ടി വിളിക്കുന്നു ഇത്തവണ വിളിക്കുന്നത് മറ്റാരും അല്ല കണ്ടക്ടര്‍ തന്നെയാണ്. എന്നോട് സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ അദ്ദേഹം ആജ്ഞാപിക്കുകയാണ്. ഞാന്‍ പറഞ്ഞു അങ്ങനെ ഒരു റൈറ്റ് ഇല്ല സര്‍ എന്ന് പറഞ്ഞു. സംഭവം എന്തെന്നാല്‍ കണ്ടക്ടര്‍ക്കും ഇതേപ്പറ്റി വലിയ വിവരം ഒന്നും ഇല്ലെന്നതാണ്. പെണ്‍കുട്ടി എന്തോ ഒരു ഔദാര്യം  പോലെ ആ ഇരുന്നോ എന്ന് പറഞ്ഞു. പെണ്‍കുട്ടി കൂത്താട്ടുകളം ആയപ്പോള്‍ ഇറങ്ങി. ഇറങ്ങുന്നതിനു മുന്‍പ് തന്റെ മൊബൈല്‍ ക്യാമറയില്‍ എന്റെ ചിത്രം എടുക്കുന്ന പോലെ എനിക്ക് തോന്നി.

 

ഇനി കാര്യത്തിലേക്ക് കടക്കാം. ദീര്‍ഘദൂര സര്‍വീസുകളില്‍ [FP ,SFP, തുടങ്ങിയ ] സ്ത്രീകള്‍ക്കായി വലതുവശം മുന്‍പിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തില്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ്] ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്.

 

അഥവാ പുരുഷന്മാര്‍ എങ്ങാനും ഇടയില്‍ ഇറങ്ങുക ആണെങ്കില്‍ നില്‍ക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുന്‍ഗണന. ഇറങ്ങി കഴിഞ്ഞാണ് മുന്‍ഗണന.

 

അടുത്ത പന്തിയില്‍ സ്ത്രീകള്‍ക്കു മുന്‍ഗണന എന്നു പറഞ്ഞാല്‍, ഉണ്ടുകൊണ്ടിരിക്കുന്ന ആളെ എഴുന്നേല്‍പ്പിച്ചു സീറ്റ് നല്‍കില്ലല്ലോ.  കോടതി ഉത്തരവു പ്രകാരം ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാന്‍ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നല്‍കിയ ഒരു യാത്രക്കാരന്നെ ഇടയില്‍ എഴുന്നേല്‍പ്പിക്കും. അത് കുറ്റകരമല്ലേ. യാത്രയ്ക്കിടയില്‍ കയറുന്ന ആള്‍ നിന്നു യാത്ര ചെയ്യാന്‍ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.അതിന് ശേഷം ടിക്കറ്റ് നല്‍കുക. ഇത്രയും വിവരം KSRTControl room നല്‍കിയതാണ്.
Phone No: 0471 2463799

 

ഈ നിയമം എല്ലാവരും പാലിക്കുന്നില്ല. പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. യാത്രക്കാര്‍ക്ക് ഇത് അറിയില്ല.

1.സീറ്റുകള്‍ മുഴുവനും occupied ആണെങ്കില്‍ അതും പുരുഷന്മാര്‍ ആണെങ്കില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുവാന്‍ തയ്യാറാണ് എന്ന് സമ്മതത്താല്‍ ആണ് പിന്നീട് കയറുന്ന സ്ത്രീകള്‍.

2 )യാത്രാമധ്യേ തനിക്കു സീറ്റ് തരുവാന്‍ കണ്ടക്ടറോട് ആവശ്യപ്പെടുവാന്‍ സ്ത്രീക്ക് അവകാശമില്ല'.

 

കടപ്പാട്

 

 

 

 

Tags: