ആരെയും ഉപദ്രവിക്കുകയെന്നത് തന്‍റെ ലക്ഷ്യമല്ലെന്ന്‍ പ്രീതി സിന്റ

Wed, 02-07-2014 03:51:00 PM ;

Preity Zinta

 

ആരെയും ഉപദ്രവിക്കുകയെന്നത് തന്‍റെ ലക്ഷ്യമല്ലെന്നും തന്നെ സംരക്ഷിക്കാനാണ് മുന്‍ കാമുകന്‍ നെസ് വാഡിയക്കെതിരെ പരാതി നല്‍കിയതെന്നും ഐ.പി.എല്‍ ടീം കിങ്ങ്സ് ഇലവന്‍ പഞ്ചാബ് ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്‍റയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. സെലിബ്രിറ്റിയാണെങ്കിലും അല്ലെങ്കിലും ക്രൂരമായ ശാരീരിക അതിക്രമങ്ങള്‍ ആരും ഒരിക്കലും സഹിക്കുകയില്ലെന്നും മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് താന്‍ കേസ് നല്‍കിയതെന്നും പ്രീതി സിന്‍റ പറയുന്നു.

 

 

ഒരിക്കല്‍ തനിക്കേറ്റവും പ്രിയപ്പെട്ടയാളായിരുന്ന ഒരാള്‍ തന്നെ നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനാലാണ് അയാളുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഇവിടെ സ്ത്രീയാണെന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടെങ്കിലും കുറച്ചുനാള്‍ മുമ്പ് തങ്ങളുടെ ബന്ധം അവസാനിപ്പിച്ചതാണെന്നും അതിന് ശേഷം വളരെ മോശമായ രീതിയിലാണ് വാഡിയ തന്നോട് പെരുമാറിയിരുന്നതെന്നും പ്രീതി സിന്‍റ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

 

അതേ സമയം പ്രിതി സിന്റ നല്‍കിയ പീഡനക്കേസില്‍ മുന്‍ കാമുകന്‍ നെസ് വാഡിയയെ ഈ ആഴ്ച പോലീസ് ചോദ്യം ചെയ്യും. നെസ് വാഡിയ തന്നെ അപമാനിച്ചെന്ന്‍ ആരോപിച്ചാണ് പ്രീതി സിന്‍റ ജൂണ്‍12-ന് മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മേയ് 30-ന് വാംഖഡെ സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ നടന്ന മാച്ചിനിടെ വാഡിയ തന്‍റെ കൈ പിടിച്ചുവലിക്കുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു പരാതി

Tags: