ജിയാ ഖാന്റെ മാതാവിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

Sun, 06-07-2014 03:54:00 PM ;

അന്തരിച്ച ബോളിവുഡ് താരം ജിയാ ഖാന്റെ മാതാവ് റാബിയ ഖാനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്. ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളിയുടെ മാതാപിതാക്കളായ ആദിത്യ പഞ്ചോളിയും സെറീന വഹാബുമാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ റാബിയ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയെന്നാണ് പഞ്ചോളി കുടുംബത്തിന്റെ ആരോപണം.

 

പഞ്ചോളി കുടുംബത്തിന്റെ ഹര്‍ജി ജൂലൈ 9-ന് കോടതി പരിഗണിക്കും. ജിയ ഖാനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ് സൂരജ് പഞ്ചോളി. ജിയാ ഖാന്റെ മരണം സംബന്ധിച്ച അന്വേഷണം രണ്ട് ദിവസം മുമ്പ് ഹൈക്കോടതി മുംബൈ പോലീസില്‍ നിന്നും സി.ബി.ഐക്ക് കൈമാറിയിരുന്നു. ജിയയുടെ മരണം കൊലപാതകമാണെന്ന് കാണിച്ച് റാബിയ ഖാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

 

മാര്‍ച്ച് നാലിനുംമെയ് ഒന്നിനുനുമിടയില്‍ റാബിയ നടത്തിയ 18 ട്വിറ്റര്‍ പോസ്റ്റുകളും ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്. 30 വര്‍ഷമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങളെക്കുറിച്ച് സമൂഹത്തില്‍ മാന്യമായ അഭിപ്രായമാണുള്ളതെന്നും റാബിയയുടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തങ്ങളെ മോശമായി ബാധിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം കേസ് സംബന്ധിച്ച് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് റാബിയയുടെ അഭിഭാഷകന്‍ ദിനേശ് തിവാരി അറിയിച്ചു. എന്നാല്‍ പരാതി ഫയല്‍ ചെയ്തതായി അറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Tags: