അത്താഴത്തിനിടയില്‍ അണഞ്ഞ ചില മെഴുതിരികള്‍

ഡോ. മാധവി ഘോഷ്
Mon, 30-07-2018 05:51:51 PM ;

 ente-mezhuthiri-review

മെഴുതിരി അത്താഴമെന്നത് പാശ്ചാത്യ സംസ്‌കാരത്തില്‍ കാല്‍പ്പനിക സൂചകമാണ്. എന്നാല്‍ ഇവിടെ ചില മാറ്റങ്ങള്‍ വരുത്തി മെഴുതിരിയെ റാന്തലാക്കിയാല്‍ ദാരിദ്ര്യ സൂചകമായി. അനൂപ് മേനോന്‍ എന്ന ബഹുമുഖ പ്രതിഭയുടെ 'എന്റെ മെഴുതിരി അത്താഴ'മെന്ന സിനിമയ്ക്ക് അത്തരത്തില്‍ ഒരു രൂപാന്തരം കൈ വന്നോ എന്ന് ചെറിയ രീതിയില്‍ സംശയിക്കാം. അത്താഴം എന്നത് മെഴുതിരി വെളിച്ചത്തിലായാലും റാന്തല്‍ വെളിച്ചത്തിലായാലും വിശപ്പ് മാറും. അതാണല്ലോ പ്രധാനം.

 

സൂരജ് ടോമിന്റെ സംവിധാനത്തില്‍ ഊട്ടിയുടെ മനോഹാരിതയില്‍ ഒരുക്കിയ അത്രകണ്ട് പുതുമകളില്ലാത്ത ചിത്രം, ദൃശ്യഭംഗികൊണ്ട് കാണികളെ രണ്ട് മണിക്കൂര്‍ പിടിച്ചിരുത്തുന്നു.തന്റെ പതിവ് ശൈലികള്‍ ഒന്നും തന്നെ കൈവിട്ട് പോകാതെ വളരെ ഭദ്രമായി തന്നെയാണ് അനൂപ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. മൂല്യങ്ങള്‍, അവയ്ക്ക് സമൂഹത്തിലെ പ്രസക്തി എന്നിങ്ങനെയുള്ള അന്ധവിശ്വാസങ്ങളെ പാടെ വിസ്മരിച്ചുകൊണ്ടുള്ള ഉദ്യമമല്ല ഈ മെഴുതിരി അത്താഴങ്ങള്‍ എന്ന് പ്രഖ്യാപിക്കാന്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങളും അതിനുവേണ്ടിയുണ്ടാക്കിയെടുത്ത സന്ദര്‍ഭങ്ങളും ശരാശരിക്കാരന് ആശ്വാസമാണ്. ബുദ്ധിജീവി സമൂഹത്തിനുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഏക അര്‍ത്ഥത്തിലുള്ള വെള്ളം ചേര്‍ക്കാത്ത സംഭാഷണങ്ങളും നിറഞ്ഞ ഈ ചിത്രം എല്ലാത്തരത്തിലുള്ള പ്രേക്ഷകരോടും നീതി പുലര്‍ത്തുന്നു. വര്‍ഗീയത ഒരുതരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നും  ഉദ്‌ഘോഷിക്കാനും ചിത്രം മറക്കുന്നില്ല. 

 

ഒരു ഷെഫിന്റെയും കാന്‍ഡില്‍  ഡിസൈനറിന്റെയും പ്രണയ കഥ എന്ന ഒറ്റവാക്കിലൊതുക്കാം ഈ സിനിമയെ. അതല്ല, ഒരു ആണിന്റെയും പെണ്ണിന്റെയും പ്രണയ കഥ എന്ന് പറഞ്ഞാലും ചിത്രത്തിന്റെ കഥാ തന്തു മാറുന്നില്ല. ഒരു സിനിമയ്ക്കാവശ്യമായ ചേരുവകള്‍ നിറച്ച ചിത്രത്തില്‍ വിജയ ഫോര്‍മുലയുടെ സാന്നിധ്യം ഉറപ്പില്ല. 

 

സഞ്ജയ് പോള്‍ (അനൂപ് മേനോന്‍) എന്ന ഷെഫ് തന്റെ റസ്റ്റോറന്റിലേക്കുള്ള വ്യത്യസ്തമാര്‍ന്ന രസക്കൂട്ടുകള്‍ തേടിയുള്ള യാത്രയില്‍ ഊട്ടിയിലെ സുഹൃത്തായ സ്റ്റീഫന്റെ (ബൈജു) എസ്‌റ്റേറ്റിലെത്തുന്നു. അവിടെ വച്ച് മെഴുകുതിരി ഡിസൈനറായ അഞ്ജലിയെ (മിയ) പരിചയപ്പെടുന്നു.  തുടര്‍ന്നുള്ള അവരുടെ പ്രണയവും അഞ്ജലിയുടെ തിരോധാനവുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. അനൂപ് മേനോന്‍, മിയ, അലന്‍സിയര്‍, ബൈജു തുടങ്ങിയവര്‍ അഭിനയ തട്ടകത്തില്‍ അരോചകരമല്ലാതെ തിളങ്ങി നിന്നു. എം.ജയചന്ദ്രന്റെ സംഗീതവും ചിത്രം പോലെ തന്നെ പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ശ്രവ്യാനുഭവമാണ്. ചിത്രത്തിന്റെ ദൃശ്യ ഭംഗിയില്‍  ഛായാഗ്രാഹകന്‍ ജിത്തു ദാമോദര്‍ പ്രശംസ അര്‍ഹിക്കുന്നു. 

 

മെഴുതിരിവെളിച്ചത്തില്‍ നാം അത്താഴമുണ്ണാനിരിക്കുന്നു. അതിനിടെ മെല്ലെ വീശിയ കാറ്റില്‍ മെഴുതിരി അണയുന്നു. എന്നാലും നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ പരിചിതമായ രുചിയില്‍ അത്താഴം കഴിച്ച് വിശപ്പടക്കി മടങ്ങുന്നു. അങ്ങനെ നമുക്കാശ്വസിക്കാം.

 

Tags: