ഇത് മംഗലാപുരം കൊച്ചുണ്ണി

ഗോപാല്‍ വര്‍മ്മ
Thu, 11-10-2018 05:50:48 PM ;

Kayamkulam-Kochunni

പേര് കാണിക്കുമ്പോള്‍ ഗവേഷകരുടെ പേരൊക്കെ കാണിക്കുന്നുണ്ട്. പക്ഷെ എന്തുഗവേഷണമാണാവോ ഇവര്‍ നടത്തിയതെന്ന് ചിത്രം കണ്ടിറങ്ങുമ്പോള്‍ തോന്നിപ്പോയി. കഥ കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ എഴുതിവെച്ചതാണ്. പണക്കാരെയും പ്രമാണിമാരെയും കൊള്ളയടിച്ച് പാവങ്ങളെ പോറ്റിയ കായംകുളം കൊച്ചുണ്ണി ജീവിതം കൊണ്ട് ഇതിഹാസമായി മാറിയ കഥാപാത്രമാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍പോളി കൊച്ചുണ്ണിയായി മാറിയ പുതിയ ചിത്രം കണ്ടപ്പോള്‍ കായംകുളം എവിടെ കൊച്ചുണ്ണിയെവിടെ ഇത്തിക്കരയെവിടെ. ആകെ മൊത്തം കണ്‍ഫ്യൂഷനായി. കായംകുളത്തിന്റെ ഭൂപ്രകൃതിയും തിരുവിതാകൂറിന്റെ ഉള്‍പ്രകൃതിയും എല്ലാം അറിയുന്നതുകൊണ്ടാണോ എന്തോ ഇത് കായംകുളം കൊച്ചുണ്ണിയായില്ല. മംഗലാപുരം കൊച്ചുണ്ണിയായി മാറിപോയെന്നു പറയാതെ വയ്യ.

 

വൈദ്യുതിലൈനും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഇല്ലാത്ത ഇടം നോക്കി കര്‍ണാടകയിലേക്ക് പോയി കോടികള്‍ മുടക്കി സെറ്റിടുമ്പോള്‍ കഥ നടക്കുന്ന മണ്ണിന്റെ ചെറിയ ചെറിയ പ്രത്യേകതകള്‍ എങ്കിലും കൊണ്ടുവരാമായിരുന്നു. അതും ഗ്രാഫിക്സ് കൊണ്ട് അമ്മാനമാടാവുന്ന ഈ സാങ്കേതികവിദ്യാ ലോകത്ത്. നാല്‍പ്പത് കോടി മുടക്കി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചതാണ് ചിത്രം. നിര്‍മ്മാതാവിനോട് ഒറ്റചോദ്യം. കോടികള്‍ക്കൊന്നും ഒരു വിലയുമില്ലേ. ഇതിന്റെ നൂറിലൊന്നുപോലും ചെലവാക്കാത്ത കായംകുളം കൊച്ചുണ്ണി സീരിയല്‍ ഇതിനു മുകളില്‍ നില്‍ക്കുമല്ലോ.
 

 

ബന്ധങ്ങള്‍ക്ക് ഒരുപാട് സാധ്യതയുള്ള ഒരു കഥയായിരുന്നു ബോബിയും സഞ്ജയും ഐതിഹ്യമാലയില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിപുലപ്പെടുത്തി രൂപപ്പെടുത്തിയ ഈ സിനിമയ്ക്ക്. പക്ഷേ അതെല്ലാം ചോര്‍ന്നു പോകുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. ചില കഥാപാത്രങ്ങളുടെ ഭാവമാറ്റത്തിനും യുക്തിഭദ്രമായ കാരണങ്ങള്‍ തിരക്കഥയില്‍ വിട്ടുപോയി. നിവിന്‍പോളി ആഞ്ഞുപിടിക്കുന്നുണ്ടെങ്കിലും ഇനിയും മൂക്കാനുണ്ട് പോളിയിലെ നടന്‍.

 

ആശ്വാസം ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലും അദ്ദേഹത്തിന്റെ മാനറിസങ്ങളുമാണ്. പിന്നെ ബാബു ആന്റണിയുടെ തങ്ങള്‍ ഗുരുവും ആ കഥാപാത്രത്തിന് കൊടുത്ത പൂര്‍ണതയും നന്നായി. ബാക്കിയെല്ലാം കണക്കാ. ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു പോലുമില്ല. പാട്ടൊക്കെ ആരൊക്കെയോ പാടുന്നൊക്കെയുണ്ട്. ഒരു ഐറ്റം നമ്പറും ഉണ്ടായിരുന്നു. കൊച്ചുണ്ണിയുടെ കാലത്തൊക്കെ അതൊക്കെ ഉണ്ടായിരുന്നോ എന്നൊന്നും ചോദിച്ചേക്കല്ലേ. കൊച്ചുണ്ണിയിലെ യഥാര്‍ത്ഥ വിപ്ലകാരിയെ തിരശ്ശീലയിലെത്തിക്കുന്നതില്‍ ഈ ചിത്രം വിജയിച്ചോ എന്നൊരു വിചിന്തനവും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത് നന്നായിരിക്കും. ഗവേഷണം ആ വഴിക്കായിരുന്നു നീങ്ങേണ്ടിയിരുന്നത്.

 

Tags: