തര്‍ക്കത്തിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവം: നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്; സസ്‌പെന്‍ഷന്‍

Glint Staff
Tue, 06-11-2018 12:42:46 PM ;
Thiruvananthapuram

വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി പിടിച്ചു തള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറും സനല്‍ എന്നയാളും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. തള്ളലിന്റെ ആഘാതത്തില്‍ റോഡിലേക്ക്  വീണ സനലിനെ ഇതുവഴി വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പോലീസും നാട്ടുകാരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

സംഭവത്തില്‍ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഹരികുമാറിനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിനുശേഷം ഡി.വൈ.എസ്.പി ഒളിവില്‍പോയിരിക്കുകയാണ്.

 

കഴിഞ്ഞദിവസം രാത്രി കമുകിന്‍കോടിലെ ഒരു വീട്ടിലെത്തിയ ഹരികുമാര്‍ തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ തന്റെ വാഹനത്തിന് കടന്നുപോകാനാകാത്ത നിലയില്‍ മറ്റൊരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. തുടര്‍ന്ന് കാര്‍ പാര്‍ക്ക് ചെയ്ത സനലും ഡി.വൈ.എസ്.പിയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു.

 

 

 

Tags: