ഒരു കുപ്രസിദ്ധ പയ്യന്റെ സുപ്രസിദ്ധിയിലേക്കുള്ള പ്രയാണം

ഡോ. മാധവി ഘോഷ് കെ
Mon, 19-11-2018 06:39:49 PM ;

Oru kuprasidha Payyan Poster

മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലര്‍ സിനിമ ഏതാണെന്നുള്ള ചോദ്യത്തിന് ഗൂഗിള്‍ ഉത്തരം തന്നില്ല. പക്ഷേ പണ്ടുമുതലേ ഉള്ള ഈ ക്രൈം ത്രില്ലര്‍ സിനിമകളുടെ ആഖ്യാന ശൈലി ഏകദേശം ഒരേ തരത്തില്‍ തന്നെ എന്ന് അനുമാനിക്കാം. ഒരു കുറ്റകൃത്യം, നാലഞ്ച് പേരെ സംശയത്തില്‍ നിര്‍ത്തുക, കാണികള്‍ക്ക് ഊഹിക്കാനുള്ള വകുപ്പിടുക, ഒടുവില്‍ കുറ്റവാളിയെ കണ്ടെത്തുക. എന്നാല്‍ ഈ ഒരു ശൈലി വിട്ടുപിടിച്ചതാണ് ജീവന്‍ ജോബ് തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യനെ' സുപ്രസിദ്ധ സിനിമയുടെ ശ്രേണിയില്‍ എത്തിക്കുന്നത്.

 

വൈക്കത്തെ ഒരു ഗ്രാമത്തില്‍ ഒറ്റക്ക് താമസിക്കുന്ന ചെമ്പകാമ്മാള്‍ ദാരുണമായി കൊലപ്പെടുന്നു. സ്വാഭാവികമായും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറപ്പെടുന്നു. സാമൂഹിക പ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥന്റെയും അതിസമ്മര്‍ദ്ദത്താല്‍ പോലീസ് ഒരു പ്രതിയെ തട്ടിക്കൂട്ടുന്നു. പ്രതിയാക്കപ്പെടുന്നത് തനിക്ക് തന്റേതെന്ന് അവകാശപ്പെടാന്‍ ആരുമില്ലാത്ത 'അജയനാ'ണ്. പോലീസ് കൃത്രിമ തെളിവുകളുണ്ടാക്കി പഴുതുകളടച്ച് അവനെ പൂട്ടുന്നു. ഇതുവരെ പുതുമകള്‍ ഒന്നും തന്നെ തോന്നിപ്പിക്കാതെ നീങ്ങുന്ന ചിത്രം ഇടവേളയോടുകൂടി ഗതി മാറ്റിപ്പിടിക്കുന്നു. കുറ്റം ചെയ്തത് ആര് എന്നത് അപ്രസക്തമാക്കി ആ പ്രതിയാക്കപ്പട്ട ചെറുപ്പക്കാരന്‍ എങ്ങനെ കുറ്റവിമുക്തനാകുന്നു എന്നതിലേക്ക് കഥ തിരിയുന്നു. എന്നിരുന്നാല്‍ കൂടിയും സസ്‌പെന്‍സ് ഉടനീളം ചോര്‍ന്ന് പോകാതെ നിലനിര്‍ത്തുന്നു എന്നത് പ്രശംസനീയമാണ്.

 

ടൊവിനോയുടെ സിനിമാ ജീവിതത്തിലെ വേറിട്ട ഒരു കഥാപാത്രമായി അജയന്‍ നിലനില്‍ക്കും. അജയനോട്, കഥാപാത്രം അര്‍ഹിക്കുന്ന നീതി പുലര്‍ത്താനും ടൊവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നായിക എന്ന സ്ഥാനത്ത് അനു സിത്താര ആണെങ്കിലും ചിത്രത്തെ നയിച്ചത് നിമിഷ സജയന്റെ പ്രകടനം തന്നെയാണ്. തുടക്കക്കാരിയായ ഒരു വക്കീലിന്റെ എല്ലാ പരിമിതികളും ജാള്യതകളും ഒതുക്കത്തോടെ കൈകാര്യം ചെയ്യുകയും സ്ഥിരം കോടതി രംഗങ്ങളില്‍ കണ്ടുവരുന്ന അമാനുഷികതയിലേക്കുള്ള പരകായപ്രവേശം മനപ്പൂര്‍വ്വം ഒഴിവാക്കിയുo  'ഹന്ന' വക്കീലായി നിമിഷ തിളങ്ങി. അഡ്വ. സന്തോഷ് നാരയണനായി പ്രതിനായക ഛായയില്‍ വരുന്ന നെടുമുടി വേണുവും ഇരുത്തം വന്ന തന്റെ അഭിനയപ്രതിഭയെ ഒന്നുകൂടി വിളക്കിയെടുത്തിരിക്കുന്നു.

 

ചിത്രത്തിലെ ഔസേപ്പച്ചന്റെ ഗാനങ്ങള്‍ എന്തുകൊണ്ടോ പിടിച്ചിരിത്തുന്നവയായിരുന്നില്ല. എടുത്തു പറയത്തക്ക ഛായാഗ്രഹണ മികവില്ലാത്തതിനാല്‍ അതും പരാമര്‍ശിക്കാതെ വിടുന്നു. ഇടയ്ക്കിടെ വിട്ടു പോകുന്ന ഒഴുക്ക് ചെറിയ കല്ലുകടികളായി മാറുന്നുണ്ട്. എങ്കിലും അവയും പരാമര്‍ശ യോഗ്യമായവ അല്ല.

 

പണ്ട് കോഴിക്കോട് വട്ടകിണറില്‍ നടന്ന ഇഡ്ഡലി കച്ചവടക്കാരി സുന്ദരി അമ്മാളിന്റെ കൊലപാതകവും ജയേഷ് എന്ന അനാധ യുവാവിന്റെ മേല്‍ ചുമത്തപ്പെട്ട കള്ളക്കേസും  ആസ്പദമാക്കി ഒരുക്കിയ ചിത്രം വെറും ഭാവന മാത്രമല്ല എന്ന ഓര്‍മ്മ ഭീതിയുടെ തരിപ്പുളവാക്കുന്നു.  അനിതരസാധാരണം എന്ന പട്ടമൊന്നും ചാര്‍ത്താനില്ല.  അലോസരപ്പെടുത്തുന്ന ദ്വയാര്‍ത്ഥങ്ങള്‍ കുത്തിനിറക്കാത്ത, രണ്ടര മണിക്കൂര്‍ ഇരുത്തി വെറുപ്പിക്കാത്ത ഒരു സാധരണ സിനിമ. അത്ര കുപ്രസിദ്ധമാകാന്‍ ഇടയില്ലാത്ത ഒരു കൊച്ചു ആസ്വാദനം.

 

Tags: