പേടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രേതം 2

അര്‍ജുന്‍ പ്രസാദ്‌
Tue, 01-01-2019 03:04:16 PM ;

pretham 2

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ഹൊറര്‍ ചിത്രമാണ് പ്രേതം 2. സാങ്കേതിക മികവുകൊണ്ടും കഥ പറയുന്ന രീതി കൊണ്ടും പ്രേതം 1നെക്കാള്‍ ഒരു പടി കൂടി മുന്നില്‍ നില്‍ക്കുന്നതാണ് ഈ സിനിമ. അമിത് ചക്കാലക്കല്‍, സിദ്ധാര്‍ഥ് ശിവ, സാനിയ ഈയ്യപ്പന്‍, ഡൈന്‍ ഡേവിസ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളായി വന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്. മലയാള സിനിമകളുടെ പ്രധാനപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നായ വരിക്കാശ്ശേരി മനയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം ഛായഗ്രഹണ മികവ് കൊണ്ടും വേറിട്ട് നില്‍ക്കുന്നു. അഭിനേതാക്കളില്‍ ജയസൂര്യക്കൊപ്പം മികവ് പുലര്‍ത്തിയത് സിദ്ധാര്‍ഥ് ശിവയാണ്. സിദ്ധാര്‍ഥിന്റെ കോമഡി രംഗങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി.

 

കോമഡിക്ക് വളരെ പ്രാധാന്യം നല്‍കിയ ചിത്രം വരും കാലത്ത്  നമ്മുടെ പത്രതാളുകളില്‍ ഇടം പിടിച്ചേക്കാവുന്ന ഒരു തലക്കെട്ടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നാം ജീവിക്കുന്ന, ജീവിക്കാന്‍ പോകുന്ന കാലഘട്ടത്തിലെ വെല്ലുവിളികളില്‍ ഒന്നാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍. അവയുടെ അനന്തര ഫലങ്ങളില്‍ ഒന്നിന്റെ സങ്കീര്‍ണതയിലേക്കുള്ള ഒരു എത്തിനോട്ടമാണ് പ്രേതം 2. ഇന്ന് നമ്മള്‍ക്ക് പത്രങ്ങളിലൂടെയും മറ്റു നവ മാധ്യമങ്ങളിലൂടെയും സുപരിചിതമാണ് ബാങ്കിങ് തട്ടിപ്പ് വാര്‍ത്തകള്‍. എന്നാല്‍ ഈ തട്ടിപ്പുകള്‍ നടത്തുന്നവരുടെ മാനസികാവസ്ഥ എത്രത്തോളം സങ്കീര്‍ണമാകാം എന്ന് ഈ സിനിമ കാണിച്ചുതരുന്നു. ഈ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ഉണ്ടാകുന്ന നഷ്ട്ടങ്ങള്‍ മനുഷ്യന്റെ സാമാന്യ ചിന്തകള്‍ക്കും മേലെയാകാമെന്ന് ഈ സിനിമ പറയാതെ പറയുന്നു.

 

നവ ഡിജിറ്റല്‍ യുഗത്തില്‍ മെന്റലിസം എന്ന മേഖലയുടെ പ്രായോഗികതയും ഈ സിനിമ മലയാളികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നു. കുറ്റാന്വേഷണ രംഗത്ത് മെന്റലിസം എന്ന മേഖലക്ക് പ്രാധ്യാന്യം നല്‍കി കൊണ്ട് പോലീസിന്റെ പ്രാകൃത ശാരീരിക പീഡന മുറകള്‍ കുറച്ചുകൊണ്ട് തന്നെ കുറ്റവാളികളെ കണ്ടെത്താം എന്ന പുതിയ ആശയത്തിലേക്കും ഈ സിനിമ വിരല്‍ ചൂണ്ടുന്നു. ഇന്നത്തെ സമൂഹത്തില്‍ നാം നേരിടുന്നതും ഇനി നേരിടാന്‍ പോകുന്നതുമായ സങ്കീര്‍ണതകളിലേക്ക് ഹൊററിന്റെ അകമ്പടിയോടുകൂടി അവതരിപ്പിച്ച ഈ സിനിമ ഒരു വ്യത്യസ്ത അനുഭവം നല്‍കുന്നു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിന് നന്ദി.

 

Tags: