ഡബ്ല്യൂ.സി.സിക്കെതിരെ വിമര്‍ശനം ശക്തം; മൗനം പാലിച്ച്‌ അംഗങ്ങള്‍

Glint desk
Wed, 08-07-2020 06:13:10 PM ;

സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിക്കെതിരെ നാള്‍ക്കുനാള്‍ വിമര്‍ശനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരംഗം പോലും തയ്യാറായിട്ടില്ല. അതില്‍ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്. ഒന്നുകില്‍ അവര്‍ക്ക് സംസാരിക്കാന്‍ ആളില്ല. അല്ലെങ്കില്‍ അവര്‍ക്ക് ഇതിനെതിരെ പറയാന്‍ വ്യക്തമായ നിലപാടുകളില്ല എന്നത് തന്നെയാണ്. സിനിമാ രംഗത്തെ പല വിഷയങ്ങള്‍ക്കുമെതിരെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്താറുള്ള പാര്‍വ്വതി, റിമ എന്നിവര്‍, അവര്‍ ഉള്‍പ്പെട്ട ഒരു സംഘടനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതും പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. 

മലയാള സിനിമാ മേഖലയിലെ പുരുഷ മേധാവിത്വത്തിനെതിരെ നിലകൊള്ളുന്ന, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സ്ഥാപിതമായ ഒരു സംഘടന അവരുടെ സംഘടനയ്ക്കുള്ളിലെ വ്യക്തികളോട് മോശമായി പെരുമാറുന്നത് ഒരു നല്ല നിലപാടായി കാണാന്‍ സാധിക്കുന്നതല്ല. വളരെ കുറച്ച് അംഗങ്ങള്‍ മാത്രം അടങ്ങുന്നതാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന് പറയുന്ന സംഘടന. എന്നിട്ട് പോലും അതിനുള്ളിലെ അംഗങ്ങളെ പോലും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നില്ല എങ്കില്‍ അത് ഡബ്ല്യൂ.സി.സിയുടെ പരാജയം തന്നെയായാണ് കണക്കാക്കേണ്ടത്. 

അമ്മയില്‍ നിന്നും നടിമാര്‍ കൂട്ടമായി രാജിവെച്ചതും ഡബ്ല്യൂ.സി.സി നിര്‍മ്മിച്ചതും എല്ലാം ചര്‍ച്ചയായിരുന്നു. ഡബ്ല്യൂ.സി.സിയുടെ പ്രാരംഭ ഘട്ടത്തില്‍ സിനിമാ മേഖലയ്ക്ക് ഉള്ളിലുള്ളവരും പുറത്തുള്ളവരും പ്രതീക്ഷയോടെയാണ് അവരുടെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഒരു പ്രത്യേക ആളുകളുടെ ഇഷ്ടത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് സംഘടന മാറുകയായിരുന്നു. പല നടിമാരും അവര്‍ക്ക് ഡബ്ല്യൂ.സി.സിയില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നു പറഞ്ഞതുമാണ്. ഡബ്ല്യൂ.സി.സിയില്‍ എലൈറ്റിസ് നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണെന്നും പലരും സമ്മതിച്ചതുമാണ്. സ്ത്രീക്ഷേമത്തിന് വേണ്ടി സ്ഥാപിച്ച സംഘടനയ്‌ക്കെതിരെ ഒരുപാട് സ്ത്രീകള്‍ തന്നെ രംഗത്തെത്തുന്നത് സംഘടനയ്‌ക്കേറ്റ കടുത്ത പ്രഹരം തന്നെയാണ്.

സിനിമയിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത് ഡബ്യൂ.സി.സിയിലെ ഒരു പ്രധാന അംഗമായിരുന്ന വിധു വിന്‍സെന്റാണ്. പിന്നീട്  കോസ്റ്റിയൂം ഡിസൈനറായ സ്‌റ്റെഫി സേവ്യര്‍, അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ ഗീതു മോഹന്‍ദാസിനെതിരെ ആരേപണം ഉന്നയിച്ചിരുന്നു. സ്‌റ്റെഫി സേവ്യറിന് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിരുന്നു. 

Tags: