ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുത്; ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട്; ഹംഗാമ 2വിന്റെ റിലീസില്‍ ശില്പ ഷെട്ടി

Glint desk
Sat, 24-07-2021 12:54:50 PM ;

നീണ്ട ഇടവേളയ്ക്ക് ശേഷം ശില്പ ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹംഗാമ 2 റിലീസ് ചെയ്ത സാഹചര്യത്തില്‍ സിനിമയ്ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി താരം. ഒരു വലിയ സംഘത്തിന്റെ കഠിനാദ്ധ്വാനം ഹംഗാമ 2 വിന് പിന്നിലുണ്ടെന്നും കുടുംബങ്ങള്‍ക്കൊപ്പം സിനിമ കാണണമെന്നും ശില്പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയില്‍ ശില്പ ഷെട്ടിയെ കൂടാതെ പരേഷ് റാവലും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള ചിത്രമായ മിന്നാരത്തിന്റെ റീമേക്കാണ് ഹംഗാമ 2. ഡിസ്നി ഹോട്ട്സ്റ്റാറില്‍ ആണ് സിനിമ റിലീസ് ചെയ്തത്.

അശ്ളീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ശില്‍പ ഷെട്ടിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ദമ്പതികളുടെ ജുഹുവിലെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. ശില്‍പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫിസ് പരിസരം ഹോട്ട്ഷോട്സ് ആപ്പിലേക്കുള്ള വിഡിയോകള്‍ ചിത്രീകരിക്കുന്നതിനു ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. നീലച്ചിത്ര ബിസിനസുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ശില്‍പയ്ക്ക് അറിയാമായിരുന്നോ എന്നാണു പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Tags: