രണ്ടാം കളിയിലും കലിപ്പടങ്ങിയില്ല

ആസിഫ് മുഹമ്മദ്‌
Sat, 25-11-2017 03:05:54 PM ;

isl, blasters 2nd match

ആര്‍ത്തിരമ്പുന്ന ആരാധകരുടെ ഊര്‍ജ്ജം കളിക്കാരിലേക്ക് പകര്‍ന്ന് കൊടുത്തിട്ടും ബ്ലാസ്റ്റേഴ്‌സിന് ഗോളടിക്കാനായില്ല.ഐ എസ് എല്ലിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 37000 കാണികളുടെ പിന്തുണ ഉണ്ടായിട്ടും ജംഷെഡ്പൂരിനെതിര സമനിലയില്‍ കൂടുതല്‍ ഒന്നും നേടാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല.

 

കളി തുടങ്ങിയ ആദ്യ നിമിഷങ്ങളില്‍ മികച്ച പ്രതീക്ഷയാണ് ബ്ലാസ്റ്റേഴ്‌സ് നല്‍കിയത്. ഇയാന്‍ ഹ്യൂമിന്റെ ഹൈ ക്രോസില്‍ സി കെ വിനീത് തകര്‍പ്പന്‍ ഹെഡ്ഡര്‍ ചെയ്‌തെങ്കിലും ലക്ഷ്യത്തിലേക്ക് ആയിരുന്നില്ല. ശേഷം ബെര്‍ബറ്റോവിന്റെ ഹാള്‍ഫ് വോളി ലക്ഷ്യം തെറ്റാതെ തൊടുത്തെങ്കിലും ജംഷെഡ്പൂര്‍ ഗോളി തടുത്തിട്ടു.

 

ആദ്യ പകുതിയില്‍ വേറെ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായില്ല. ബോള്‍  പൊസഷനിലും ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്‍പില്‍. ജംഷെഡ്പൂരിന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ തട്ടി അകറ്റി. റീബൗണ്ട് ഷോട്ട് വന്നതും ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ റെച്ചുബ്ക രക്ഷപെടുത്തി. ഇരു ടീമുകള്‍ക്കും ഒന്നാം പകുതിയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ആയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി.മുന്നേറ്റങ്ങള്‍ തീരെ കുറഞ്ഞു. മനം മടുപ്പിക്കുന്ന കളിയായിരുന്നു പിന്നീട്.

isl, blasters 2nd match

ബ്ലാസ്റ്റേഴ്‌സിന് ബോള്‍ പൊസഷന്‍ ഉണ്ടായിരുന്നെങ്കിലും പെനാല്‍റ്റി ബോക്‌സിലേക്ക് എത്താന്‍ തക്ക ശേഷിയുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായില്ല.  പക്ഷെ ജംഷെഡ്പൂര്‍ കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയില്ല. ബോക്‌സിന് പുറത്ത് നിന്നുള്ള കരേജ് പെകുസണിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട് വന്നെങ്കിലും ഗോള്‍ മുഖത്തെ വിറപ്പിച്ചില്ല.അവസാനം ലഭിച്ച കോര്‍ണര്‍ കിക്ക് ജംഷെഡ്പൂര്‍ മുതലെടുത്തു. പക്ഷെ ബെല്‍ഫോര്‍ട്ടിന്റെ ഹെഡര്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഗോളി റെച്ചുബ്ക സേവ് ചെയ്തു.

 

കേരളനിരയില്‍ ഉണര്‍ന്ന് കളിച്ചത് ഗോളി റെച്ചുബ്ക മാത്രമാണ്. ആ ഉണര്‍വില്ലായിരുന്നു എങ്കില്‍ കേരളം കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തോല്‍വി അറിഞ്ഞേനെ.

 

isl, blasters 2nd match

കളിയില്‍ അല്പം വാക്കേറ്റവും കൈയേറ്റവും ഇടക്ക് ഉണ്ടായി. ബെര്‍ബറ്റോവിന്റെ ചില അടവുകളും മറ്റും ആരാധകര്‍ ആസ്വദിച്ചുകൊണ്ട് പ്രോത്സാഹിപ്പിച്ചു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ കാണികള്‍ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സിനെതിരെ കൂവുകയും ചെയ്തു.

മുംബൈയുമായി നടക്കുന്ന അടുത്ത മത്സരത്തില്‍ ഗോള്‍ നേടിയാലെ ഇനി കൊച്ചിയിലെ ഗാലെറി നിറയൂ....

 

Tags: