ഇനി കളി കാണാം...

ആസിഫ് മുഹമ്മദ്‌
Thu, 14-06-2018 04:51:03 PM ;

 world-cup-stadium.

2014 ല്‍ മെസ്സിയെ കരയിച്ച പന്ത്. 2010 ല്‍ പുയോലിനെയും സാവിയെയും വീരപുരുഷന്മാരാക്കിയ പന്ത്. 2006 സിദാനെ കളത്തിന് പുറത്തിരുത്തിയ പന്ത്. 2002 ല്‍ കാനറിക്കൂട്ടത്തിന്  കപ്പ് നല്‍കിയ പന്ത്. ആ പന്തിന് പിറകെയുള്ള 21-ാം നൂറ്റാണ്ടിലെ അഞ്ചാമത്തെ ഓട്ടം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ആദ്യമത്സരത്തോടെ 2018 ഫിഫ ലോകകപ്പിന് കിക്കോഫ്.

 

മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിതി. ഇംഗ്ലീഷ്‌ ഗായകനായ റോബി വില്യംസണും റഷ്യന്‍ ഗായിക ഐഡ ഗരിഫുള്ളിനയും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് ഉദ്ഘാടനത്തിലെ പ്രധാന ആകര്‍ഷണം. തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‌ വേദിയെ അഭിസംബോധന ചെയും.

 

ആതിഥേയര്‍ക്ക് ആദ്യ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒരു പ്രതീക്ഷയും ഉണ്ടാകില്ല. പക്ഷേ ഏഷ്യന്‍ ശക്തിയായ സൗദിയെ മറികടക്കുക അത്ര എളുപ്പമുള്ള കാര്യമാകില്ല. ഫാന്‍സ് ഫേവറിറ്റുകളായ അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ് ടീമുകളുടെ മത്സരം തുടര്‍ന്നുള്ള ദിവസങ്ങളിലാണ്.റഷ്യയില്‍ ഇത്തവണ കപ്പുയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്ന ടീമുകളാണ് ഇവരെല്ലാം.

 

നെയ്മറിന്റെ കീഴില്‍ അണിനിരക്കുന്ന ബ്രസീലിന് പ്രതീക്ഷകള്‍ ഏറെയാണ്. മുന്നേറ്റത്തില്‍ ഫിര്‍മിനോ, ജീസസ്, നെയ്മര്‍. മധ്യ നിരയില്‍ കുട്ടീഞ്ഞോ, പൊളിഞ്ഞോ, പ്രതിരോധത്തില്‍ മര്‍സെലോ, തിയാഗോ സില്‍വ. ഏറെ കുറെ ഒത്തിണക്കമുള്ള ടീമാണ് ബ്രസില്‍.

 

എന്നാല്‍ അര്‍ജന്റീനയുടെ നില അല്പം മോശമാണ്. പരിക്ക് കാരണം ഒന്നാം നമ്പര്‍ ഗോളി റൊമേറോ ടീമിന് പുറത്തായി, മധ്യനിര താരം ലന്‍സീനിയ്ക്കും പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഇടം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരം ഇക്കാര്‍ഡിയെ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. മെസ്സിതന്നെയാണ് ടീമിന്റെ കരുത്ത്. ഒപ്പം ഡയബല, അഗ്യൂറോ, ഹിഗ്വയ്ന്‍ എന്നിവര്‍ ചേരുന്നതോടെ ആക്രമണം ശക്തം. മധ്യനിരയില്‍ ഡി മരിയ പാസ്റ്ററെ സംഘം തിളങ്ങുമെന്ന് പ്രതീക്ഷിക്കാം. ഒറ്റമെന്‍ഡി, റോജോ, മഷെറാനോ, ബിഗ്ളീയ എന്നിവര്‍ പ്രതിരോധം കാക്കും.

 

ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ് ,ഇംഗ്ലണ്ട്, ബെല്‍ജിയം, ടീമുകള്‍ എന്തിനും സജ്ജരാണ്. കറുത്ത കുതിരകളാവാന്‍ ഐസ്‌ലാന്റ്, ക്രൊയേഷ്യ ഉറുഗ്വേ എന്നിവരും കച്ചകെട്ടി കഴിഞ്ഞു. ഇനി മൈതാനത്ത് കാണാം കളികള്‍.

 

Tags: