ഇന്ത്യൻ ക്രിക്കറ്റിന്റെ ഗണിതശാസ്ത്ര പാരമ്പര്യം

എം.സി വസിഷ്ഠ്
Fri, 15-07-2016 04:32:40 PM ;

'ഇന്ത്യക്കാരെ അറിയാൻ, ഇന്ത്യയെ അറിയാനുള്ള എളുപ്പവഴി ഇന്ത്യക്കാരന്റെ ക്രിക്കറ്റിനെ അറിയുക എന്നതാണ്' - ആഷിഷ് നന്തി

 

ഏതാണ്ട് 200 വർഷത്തെ ബ്രിട്ടീഷ് ഭരണം ഇന്ത്യക്ക് പലതും സംഭാവന ചെയ്തു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊളോണിയൽ ആധുനികതയുടെ ഇന്ത്യയിലെ പ്രധാന പ്രതീകങ്ങളായ ഇംഗ്ലീഷ് ഭാഷയും ക്രിക്കറ്റുമായിരുന്നു. 'ഇംഗ്ലീഷുകാർ ഇന്ത്യയിൽ അവശേഷിപ്പിച്ചുപോയ തിരുശേഷിപ്പുകളിൽ ഏറ്റവും പ്രധാനപ്പട്ടത് ക്രിക്കറ്റായിരുന്നു' എന്ന് ലാപ്പിയറും കോളിൻസും എഴുതി (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ). ബ്രിട്ടീഷുകാർ വളർത്തി വലുതാക്കിയ ഇന്ത്യൻ മധ്യവർഗ്ഗം പരാതികളില്ലാതെ, വിമർശനങ്ങളില്ലാതെ, എതിർപ്പുകളില്ലാതെ കൊളോണിയൽ ആധുനികതയുടെ പ്രതീകങ്ങളായ ഇംഗ്ലീഷ് ഭാഷയേയും ക്രിക്കറ്റിനേയും ഹൃദയപൂർവ്വം സ്വീകരിച്ചു. ആദ്യകാല ദേശീയവാദിയും, മദ്ധ്യവർഗ്ഗ പ്രതിനിധിയുമായിരുന്ന എസ്.എൻ. ബാനർജിയുടെ പ്രസ്താവന - 'വേർപിരിഞ്ഞ ബന്ധുക്കളുടെ പുന:സംഗമമാണ് ബ്രിട്ടീഷുകാരുടെ ഇന്ത്യയിലേക്കുള്ള ആഗമനം' - ബ്രിട്ടീഷ് ഭരണത്തോടുള്ള ഇന്ത്യൻ മദ്ധ്യവർഗ്ഗത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. മഹാത്മാഗാന്ധിയും ആധുനികതയെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ സൃഷ്ടിയായിട്ടാണ് വീക്ഷിച്ചത്.

 

കോളോണിയൽ ഇന്ത്യയിലെ ക്രിക്കറ്റിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് ബ്രിട്ടീഷ് അനുഭാവം ഉണ്ടാക്കാനായി അവർ തന്നെ സൃഷ്ടിച്ച സർവ്വകലാശാലകളായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി പട്ടാളത്തിലെ ശിപായിമാരും ഇന്ത്യയിലെ നാട്ടുരാജാക്കൻമാരും കർഷകരും ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തിയ അതേ സന്ദർഭത്തിലാണ്, 1857-ലാണ്, ബോംബെയിലും മദ്രാസിലും കൽക്കത്തയിലും സർവ്വകലാശാലകൾ സ്ഥാപിക്കപ്പെട്ടത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടൊപ്പം കടൽ കടന്നെത്തിയ ക്രിക്കറ്റിനെ ഇന്ത്യയിലെ മദ്ധ്യവർഗ്ഗം  സ്വീകരിക്കാൻ ഈ സർവ്വകലാശാലകൾ കാരണമായി.

 

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ വളർച്ചയോടൊപ്പം തന്നെ വിവിധ മണ്ഡലങ്ങളിലെ അവരുടെ ഭൗതികപരമായ ആധിപത്യത്തിന് പുറമെ സാംസ്കാരിക മേധാവിത്വവും ശക്തിപ്പെട്ടു. ഇതോടെ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ബ്രിട്ടീഷുകാരുടെ സ്വാധീനം പ്രകടമായി. ബ്രിട്ടീഷ് സ്വാധീനം പ്രകടമായ രംഗങ്ങളിൽ, ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാതെ പോയ ഒരു മേഖലയാണ് കൊളോണിയല്‍ കാലഘട്ടത്തിലെ കായികരംഗം/ക്രിക്കറ്റ്.

 

എന്താണ് ക്രിക്കറ്റ് എന്ന സങ്കീര്‍ണ്ണമായ കായികരൂപത്തെ ഇന്ത്യയിലെ സാധാരണക്കാര്‍ ഏറ്റെടുക്കാന്‍ കാരണമായത്? ക്രിക്കറ്റിനേക്കാള്‍ ലളിതമായ കായികരൂപങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി എന്താണ് അവരെ ക്രിക്കറ്റിലേക്ക് ആകര്‍ഷിച്ചത്?  ബ്രിട്ടീഷ് അധിനിവേശ തന്ത്രങ്ങളും യൂറോപ്യന്‍ ആധുനികതയും നടപ്പിലാക്കപ്പെട്ട മറ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ക്രിക്കറ്റ് ഇന്ത്യാക്കാരന്റെ ജീവിതമായി, ജീവശാസ്ത്രമായി മാറിയതില്‍ ഇന്ത്യന്‍ ഗണിതശാസ്ത്ര പാരമ്പര്യത്തിന്റെ സ്വാധീനം പ്രകടവും വ്യക്തവുമാണ്.

 

ഗണിതശാസ്ത്രത്തിലെ ഇന്ത്യന്‍ പാരമ്പര്യം അറിഞ്ഞോ അറിയാതെയോ ഇന്ത്യന്‍ ജനങ്ങളുടെ ജീവിതരീതിയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഗണിതം പ്രത്യേക വിഷയമായി പഠനം നടക്കുന്നതിന് മുന്‍പ് തന്നെ ഗണിതം അഥവാ കണക്കുകൂട്ടല്‍ ഏതൊരു ഇന്ത്യാക്കാരന്റെയും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രാചീനകാലം മുതലുള്ള ഇന്ത്യന്‍ ഉപഭൂകണ്ഡത്തിലെ വ്യാപാര വളര്‍ച്ചയെ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി വേണം കാണുവാന്‍. ഹാരപ്പന്‍ സംസ്കാരം മുതല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഉടനീളം വ്യാപാരത്തിന്റെയും വര്‍ത്തക സഘങ്ങളുടെയും സ്വാധീനം നമുക്ക് കാണുവാന്‍ കഴിയും. വൈദിക കാലഘട്ടത്തില്‍ തന്നെ ഗണിതശാസ്ത്രം ഇന്ത്യയില്‍ ഒരു വിജ്ഞാനശാഖയായി വികസിച്ചുവന്നു. ഇതാണ് പ്രസിദ്ധമായ വേദ ഗണിതം അഥവാ വേദിക് മാത്തമാറ്റിക്സ്‌. ബി.സി. 600-നു അടുപ്പിച്ച് ഫലഭൂയിഷ്ടമായ മധ്യഗംഗാ സമതലത്തിൽ രൂപംകൊണ്ട ജൈന-ബൗദ്ധ മതങ്ങൾ യഥാർത്ഥത്തിൽ ആ ഭൂപ്രദേശത്തെ വാണിജ്യപ്രവർത്തനങ്ങളുടെ പരിച്ഛേദമായിരുന്നു. മൗര്യ കാലഘട്ടത്തിലെ സാമ്രാജ്യ രൂപീകരണം വ്യാപാര വളർച്ചയെ ഏറെ സ്വാധീനിച്ചു. കൂടാതെ വടക്കേ ഇന്ത്യയെ തെക്കേ ഇന്ത്യയുമായി ബന്ധിപ്പിച്ച വ്യാപാര പാതകളായ ഉത്തര-ദക്ഷിണപാതകളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വ്യാപാര വളർച്ചയെ ഏറെ സഹായിച്ചു.

 

ലോകത്തിന് ഗണിതശാസ്ത്രത്തിൽ മികച്ച സംഭാവനകൾ നൽകിയ രാജ്യം ഇന്ത്യയാണ്. ദശാംശ സമ്പ്രദായം, പൂജ്യത്തിന്റെ ഉപയോഗം എന്നിവയെല്ലാം ഗണിതശാസ്ത്ര രംഗത്തെ ഇന്ത്യക്കാരന്റെ സംഭാവനകളാണ്. പൈയുടെ വില നിർണ്ണയിക്കപ്പെട്ടതും ഇന്ത്യയിലാണ്. വിഖ്യാതരായ ഗണിതശാസ്ത്രജ്ഞരേയും ഇന്ത്യ ലോകത്തിന് സംഭാവന നൽകിയിട്ടുണ്ട്. ഗുപ്തകാലഘട്ടത്തിൽ (275 എ.ഡി- 550 എ.ഡി) ജീവിച്ചിരുന്ന  ബ്രഹ്മഗുപ്തൻ, വരാഹമിഹിരൻ എന്നിവർ ഇതിനുദാഹരണങ്ങളാണ്. ഗണിതശാസ്ത്രത്തിന് ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്ന് കേരളീയനായ മാധവനാണ്.

 

ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ കണക്കുകൂട്ടലുകളുള്ള കായിക രൂപം ക്രിക്കറ്റാണ്. കൊളോണിയൽ കാലഘട്ടത്തിലും സ്വതന്ത്രാനന്തര കാലഘട്ടത്തിലും ക്രിക്കറ്റിന്റെ ഏറ്റവും ജനകീയ രൂപം അഞ്ചു ദിവസം നീണ്ടു നിന്ന ടെസ്റ്റ് ക്രിക്കറ്റാണ്. ചുരുക്കത്തിൽ 22 കളിക്കാരുടെ അഞ്ച് ദിവസത്തെ കണക്കുകൂട്ടലിന്റെ കളി കൂടിയാണ് ക്രിക്കറ്റ്.  ക്രിക്കറ്റ് കളിക്കാൻ, ക്രിക്കറ്റിനെ പിന്തുടരാൻ, ആസ്വദിക്കാൻ, പരിശീലിപ്പിക്കാൻ, കളിക്കാരന്റെ നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കാൻ കണുക്കൂകുട്ടൽ കൂടിയേ തീരൂ. ചുരുക്കത്തിൽ ക്രിക്കറ്റ് ആസ്വദിക്കാൻ അസാധാരണമായ ഗണിതശാസ്ത്ര വൈദഗ്ദ്ധ്യം ആവശ്യമാണ്. ആ ആവശ്യം  നിർവഹിക്കുന്നതിലൂടെ മാത്രമേ ഒരു കാണി ശരിയായ ക്രിക്കറ്റ് ആസ്വാദകനായി മാറുന്നുള്ളൂ. സ്കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാത്ത നിരക്ഷരനായ ഇന്ത്യക്കാരൻ കൊളോണിയൽ കാലഘട്ടത്തിൽ സങ്കീർണ്ണമായ അഞ്ച് ദിവസം നീണ്ടു നിന്ന ക്രിക്കറ്റിനെ പിന്തുടർന്നത് ശക്തമായ ഗണിതശാസ്ത്ര പാരമ്പര്യത്താലാണ്. ശരാശരി ഗണിതശാസ്ത്ര ബോധമുള്ള ഒരു ആസ്വാദകന്റെ ഗണിതശാസ്ത്രബോധം വളർത്താൻ ക്രിക്കറ്റ് സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഗണിതശാസ്ത്ര പാരമ്പര്യത്തെ ഇന്ത്യക്കാർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച കൊളോണിയൽ ആധുനികതയുമായി കൂട്ടിയോജിപ്പിച്ചതാണ് ഇന്ത്യയിലെ ക്രിക്കറ്റ്.   


mc vasisht കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചരിത്ര വിഭാഗത്തില്‍ അസോസിയെറ്റ് പ്രൊഫസര്‍ ആണ് ലേഖകന്‍

Tags: