പിതാമഹന്റെ ശിശിരം

എസ്. സുരേഷ്

Thursday, September 19, 2013 - 4:15pm
ദില്ലി ഘട്ട്
മുന്‍ യു.എന്‍.ഐ പ്രതിനിധി എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി

എഴുത്ത് ചുവരില്‍ പ്രത്യക്ഷപ്പെട്ടിട്ട്‌ നാളേറെയായിരുന്നു. അത് വായിക്കാന്‍ എല്‍.കെ. അദ്വാനിയെ പോലൊരാള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് അത്ഭുതം. അതോ തന്റെ നഷ്ടപ്രഭാവത്തേയും രാഷ്ട്രീയ അപ്രസക്തിയേയും അംഗീകരിക്കാന്‍ അദ്ദേഹം തയാറാകാത്തതോ? തന്റെ വിവാദ രഥയാത്രയിലൂടെ ബി.ജെ.പിയെ 1990 കളില്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണെങ്കിലും 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ അല്ലാതെ മറ്റാരെയും സ്വീകരിക്കാന്‍ ബി.ജെ.പി തയ്യാറാകില്ല എന്നത് ചുവരില്‍ വ്യക്തമായിരുന്നു.

lk advani

 

പതിമൂന്നാം തിയതി വെള്ളിയാഴ്ച പടിഞ്ഞാറന്‍ ജ്യോതിഷക്കാര്‍ക്ക് അശുഭകരമാണ്. യേശു കുരിശിലേറ്റപ്പെട്ട ദിവസം. സെപ്തംബറിലെ ഈ ദിവസം ബി.ജെ.പിയുടെ ഉന്നത സമിതിയായ പാര്‍ലിമെന്ററി ബോര്‍ഡ് റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസതിയിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ഥിയായി മോഡിയെ പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പിയുടെ പിതാമഹനും ആ ദിവസം ഒരു യുഗത്തിന്റെ അന്ത്യമാകുകയായിരുന്നു. കാവി പതാകയുടെ കീഴില്‍ അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം പാര്‍ട്ടിയെ നയിച്ച നീണ്ട വര്‍ഷങ്ങളുടെ കൊടിയിറക്കം. തന്റെ രക്ഷാകര്‍തൃത്വത്തില്‍ രാഷ്ട്രതന്ത്രം പരിശീലിച്ച മോഡി തന്നെ ഇതിന് നിമിത്തമായി എന്നതിലെ വൈരുധ്യം അദ്വാനിയുടെ മുന്നില്‍ ഇനിയവശേഷിക്കും.

 

തന്റെ എതിര്‍പ്പും, കോപം തന്നെയും, പ്രകടിപ്പിച്ച് ബോര്‍ഡ് യോഗത്തില്‍ നിന്ന്‍ അദ്വാനി വിട്ടുനിന്നു. തന്റെ വിഷമവും ദേഷ്യവും കാണിച്ചുകൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് കത്തയച്ചു. വെങ്കയ്യ നായിഡു, അനന്ത് കുമാര്‍ തുടങ്ങിയ നേതാക്കള്‍ മോഡിക്കുള്ള അത്യധികമായ പിന്തുണ അംഗീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടും അദ്വാനി വഴങ്ങിയില്ല. എന്നാല്‍, ഇതെല്ലാം പാര്‍ട്ടിയിലെ അദ്വാനിയുടെ ഒറ്റപ്പെടല്‍ വര്‍ധിപ്പിച്ചതെയുള്ളൂ. സുഷമ സ്വരാജിനേയും മുരളി മനോഹര്‍ ജോഷിയേയും പോലെ മോഡിയുടെ നേതൃസ്ഥാനത്തോട് അഭിപ്രായ വ്യത്യാസമുള്ള നേതാക്കള്‍ പോലും മോഡിക്കൊപ്പമുള്ള ഒഴുക്കിനെതിരെ നില്‍ക്കാതിരിക്കുകയാണ് ബുദ്ധി എന്ന് കരുതുന്നു.

 

എന്നാല്‍, മോഡി ഉയര്‍ത്തുന്ന ധ്രുവീകരണത്തിന്റെ ആഴം എത്രയെന്ന് വ്യക്തമാക്കാന്‍ ഈ സംഭവവികാസങ്ങള്‍ സഹായിക്കുന്നു. ഗുജറാത്ത് നേതാവിന്റെ പിന്നില്‍ ഒരു സമവായം സൃഷ്ടിക്കാന്‍ രാജ്നാഥ് സിങ്ങിന് തന്റെ രാഷ്ട്രീയ നൈപുണികള്‍ മുഴുവന്‍ പുറത്തെടുക്കേണ്ടിയിരിക്കുന്നു.

 

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ തലവനായി ജൂണില്‍ മോഡിയെ നിയമിച്ചപ്പോള്‍ തന്നെ അദ്വാനി പാര്‍ട്ടിയില്‍ നിന്ന്‍ രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മോഡിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കിയതോടെ അന്ന്‍ അദ്വാനിക്ക് പത്തി മടക്കേണ്ടി വന്നു. ഒരു ദശാബ്ദമായി പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുള്ള ഏറ്റവും മികച്ച സാധ്യത മോഡി എന്ന കാര്‍ഡ് തന്നെയാണെന്ന് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര മേധാവികള്‍ക്ക് നന്നായറിയാം.

 

എന്നാല്‍, മോഡിയെ മുന്നില്‍ നിര്‍ത്തുന്നത് യു.പി.എയ്ക്ക് എതിരെയുള്ള ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കും എന്നാണ് അദ്വാനിയുടേയും വാദം. അഴിമതി, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന്‍ മോഡിയുടെ വ്യക്തിത്വത്തിലേക്ക് പ്രചാരണം ചുരുങ്ങുമെന്ന് അദ്വാനി കരുതുന്നു. എന്നാല്‍, പാര്‍ട്ടി നേതാക്കള്‍ക്ക് ഈ വാദം ബോധ്യമായിട്ടില്ല. ബീഹാറിലെ ഉപമുഖ്യമന്ത്രിയായിരുന്ന സുശില്‍ കുമാര്‍ മോഡി ജനമനസ് അളക്കുന്നതില്‍ അദ്വാനി പരാജയപ്പെട്ടു എന്ന ട്വീറ്റ് ചെയ്ത് കാര്യങ്ങള്‍ വ്യക്തമാക്കി. വാജ്പേയിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അദ്വാനിക്ക് നരേന്ദ്ര മോഡിയുടെ കാര്യത്തിലും അത് ചെയ്യാമായിരുന്നു എന്നും സുശില്‍ മോഡി കുറിച്ചു.

 

narendra modiഎന്നാല്‍, 2009-ല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അദ്വാനി ആ സ്വപ്നം ഇപ്പോഴും താലോലിക്കുന്നു. എന്നാല്‍, വെള്ളിയാഴ്ച ആ സ്വപ്നം തിരിച്ചുപിടിക്കാനാകാത്ത വണ്ണം നഷ്ടപ്പെട്ടിരിക്കുന്നു. മറുവശത്ത്, ചതുരമായ കരുനീക്കങ്ങളിലൂടെ മോഡിയുടെ രഥം മുന്നോട്ട് പോകുകയായിരുന്നു. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന റാലിയില്‍ തന്നെ മോഡി മറ്റ് നേതാക്കളെ നിഷ്പ്രഭരാക്കാന്‍ തുടങ്ങിയിരുന്നു. മോഡിയെ പുകഴ്ത്തുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് കണ്ട് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനെത്തിയ നേതാക്കള്‍ക്കുള്ള വിരുന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ റദ്ദാക്കിയതിന്റെ പിറ്റേന്നായിരുന്നു ആ റാലി. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ തനിക്കുള്ള വ്യാപക പിന്തുണ പിന്നീട് ഓരോ പൊതുസമ്മേളനത്തിലൂടെയും മികച്ച പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളിലൂടെയും നവ മാധ്യമ സാന്നിധ്യത്തിലൂടെയും മോഡി വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. എല്ലാത്തിനും മുകളില്‍ ആര്‍.സ്.എസ് തങ്ങളുടെ വിശ്വാസവും മോഡിയില്‍ നിക്ഷേപിച്ചപ്പോള്‍ അദ്വാനിയുടെ കാലിനടിയിലെ എല്ലാ മണ്ണും ഒലിച്ചുപോകുകയായിരുന്നു.

 

തന്റെ ജനപിന്തുണ എന്തെന്ന് ബോധ്യമുള്ള മോഡി രഥത്തിന്റെ വേഗം കൂട്ടാനും തുടങ്ങിയിരുന്നു. ഈ വര്‍ഷമാദ്യം കര്‍ണാടക തിരഞ്ഞെടുപ്പ് സമയത്ത് പ്രാദേശിക എം.പി കൂടിയായ ബി.ജെ.പി ദേശീയ നേതാവ് അനന്ത് കുമാറിനെ ബെംഗലൂരുവില്‍ പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചു, മോഡിയുടെ പ്രസംഗം മാത്രം കേട്ടാല്‍ മതിയെന്ന ആവശ്യവുമായി. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന രാജസ്ഥാനിലും ജയ്പൂരില്‍ മോഡിയുടെ സമ്മേളനത്തില്‍ ‘മോഡിമന്ത്രം’ മുഴങ്ങി. അധികാരത്തിലേക്ക് തിരിച്ചുവരാന്‍ മോഡിയാണ് ഉപകരിക്കപ്പെടുക എന്ന് ആര്‍.എസ്.എസ്സിനെ ഇതെല്ലാം ബോധ്യപ്പെടുത്തി. മാത്രവുമല്ല, ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളെ മോഡി അഭിസംബോധന ചെയ്തു. ഏപ്രിലില്‍ ഹരിദ്വാറില്‍ രാംദേവിന്റെ പതഞ്ജലി യോഗപീഠത്തില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വസിക്കുന്നവരോട് മോഡി സംസാരിച്ചു. ആ മാസം തന്നെ ഫിക്കിയിലെ സ്ത്രീകളുമായും മോഡി കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ റിവാഡിയില്‍ മുന്‍ സൈനികരെ ഈ മാസം 15-ന് മോഡി അഭിസംബോധന ചെയ്തു.

 

“ഗ്ലാസ്, പകുതി നിറഞ്ഞിരിക്കുന്നു എന്ന് കരുതുന്ന ശുഭാപ്തിവിശ്വാസിയോ പകുതി ഒഴിഞ്ഞിരിക്കുന്നു എന്ന് കരുതുന്ന ദോഷൈകദൃക്കോ അല്ല ഞാന്‍. അത് മുഴുവനായി നിറഞ്ഞിരിക്കുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുക: പകുതി വെള്ളം കൊണ്ടും പകുതി വായു കൊണ്ടും.” ശ്രീറാം കോളേജിലെ വിദ്യാര്‍ഥികളോട് മോഡി പറഞ്ഞു, കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയുന്ന ആളാണ്‌ താന്‍ എന്ന് പ്രതിബിംബത്തെ സ്വയം ഉറപ്പിച്ചുകൊണ്ട്.

 

2013 തുടക്കത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തന്നെ സംഘ് പരിവാറും പ്രവര്‍ത്തകരും മോഡിയുടെ നേര്‍ക്ക് ചായുകയാണ് എന്നതിന്റെ സൂചന വ്യക്തമായിരുന്നു. എല്ലാവരും എഴുന്നേറ്റ് നിന്ന്‍ ഏറ്റവും ജനകീയനായ നേതാവിനെ സ്വാഗതം ചെയ്യാന്‍ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് തന്നെ നാടകീയമായി ആവശ്യപ്പെട്ടപ്പോള്‍ അത് പ്രവര്‍ത്തകരുടെ വികാരം രാജ്നാഥ് സിങ്ങ് കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു എന്നതിന്റെ അടയാളമായി.

 

ദേശീയ രാഷ്ട്രീയത്തില്‍ മോഡിയുടെ ഉയര്‍ച്ചക്ക് കോണ്‍ഗ്രസിനും ചെറുതല്ലാത്ത ഉത്തരവാദിത്വമുണ്ട്. ഗുജറാത്തില്‍ തുടര്‍ച്ചയായ മൂന്നു തവണ അധികാരത്തില്‍ ഇരുന്ന പശ്ചാത്തലം മോഡി ഉപയോഗിക്കുന്നത് അഴിമതിയുടേയും നയമരവിപ്പിന്റേയും ചുഴിയില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ ഏറ്റവും യോജിച്ച ആളാണ്‌ താന്‍ എന്ന് പ്രചരിപ്പിക്കാനാണ്. രാജ്യത്തിന്റെ നേതൃസ്ഥാനത്ത് അനുഭവപ്പെടുന്ന ശൂന്യത, സാമ്പത്തിക പ്രതിസന്ധി, യു.പി.എ സര്‍ക്കാരിനെതിരെയുള്ള വന്‍ അഴിമതി ആരോപണങ്ങള്‍ ഇവയെല്ലാം മോഡിയ്ക്ക് ഒരു ദേശീയ ഇടം ഒരുക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്.

 

മികച്ച പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളിലൂടെ നഗര മധ്യവര്‍ഗ്ഗത്തിന്റെ ഇടയില്‍ തന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും മോഡിയ്ക്ക് കഴിഞ്ഞു. 2013-ലെ വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപക സമ്മേളനത്തിന്റെ പി.ആര്‍ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് പ്രമുഖ ലോബിയിംഗ് കമ്പനിയായ ആപ്കോ വേള്‍ഡ് വൈഡ് ആണ്. കോര്‍പ്പറേറ്റ് രംഗത്തും മോഡിയുടെ പിന്തുണ ഏറെയാണ്‌. ട്വിറ്ററിലെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നതും മോഡിയെ തന്നെ. മോഡിയുടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പ്രസംഗങ്ങള്‍ എല്ലാം തന്നെ വെബ്സൈറ്റില്‍ ലഭ്യമാണ്.

 

തന്റെ രാഷ്ട്രീയ കേന്ദ്രമായ ഹിന്ദുത്വ അനുയായികളേയും തൃപ്തിപ്പെടുത്താനും മോഡി ശ്രമിക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുസ്ലിം നേതാക്കള്‍ നല്‍കിയ തൊപ്പി നിരസിച്ചതില്‍, നായക്കുട്ടി, ബുര്‍ഖ മതേതരത്വം എന്നിങ്ങനെയുള്ള സമീപകാല പ്രയോഗങ്ങളില്‍ എല്ലാം ഈ ശ്രമം പ്രകടമായി തന്നെ മോഡി നടത്തുന്നു.

 

മികച്ച ഭരണം എന്ന വാഗ്ദാനത്തെ ഹിന്ദുത്വയോട് കൂട്ടിയിണക്കാന്‍ മോഡിയ്ക്ക് കഴിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. എന്നിരുന്നാലും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 എന്ന മാന്ത്രിക സംഖ്യ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നേടിയെടുക്കുന്നത് മോഡിയ്ക്ക് എളുപ്പമായിരിക്കില്ല. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എന്തെങ്കിലും സഹായമാകാന്‍ മോഡിയ്ക്ക് കഴിഞ്ഞില്ല. തെക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ സാന്നിധ്യം അവഗണനീയമാണ്. ജാതി സ്വത്വങ്ങള്‍ അതിശക്തമായ ഉത്തര്‍ പ്രദേശില്‍ വന്‍തോതിലുള്ള നേട്ടങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. അവിടെ അഖിലേഷ് യാദവ് സര്‍ക്കാറിന്റെ പരാജയങ്ങള്‍ ബി.ജെ.പിയെക്കാളേറെ ബി.എസ്.പിയേയും കോണ്‍ഗ്രസിനേയുമാകും തുണയ്ക്കുക.

 

 

എന്തായാലും, ബി.ജെ.പിയുടെ സമുന്നത നേതാവായുള്ള മോഡിയുടെ ഔദ്യോഗിക സ്ഥാനാരോഹണം പാര്‍ട്ടിക്ക് എന്നപോലെ രാജ്യത്തിനും സാധ്യതകളും അപകടങ്ങളും നിരത്തുന്നുണ്ട്. സൂക്ഷ്മബുദ്ധിയായ രാഷ്ട്രീയക്കാരനെങ്കിലും അദ്വാനി താന്‍ വളര്‍ത്തിയെടുത്ത നേതാക്കളുടെ കൌശലത്താല്‍ തന്നെ മറികടക്കപ്പെട്ടു. 2002-ല്‍ ഗുജറാത്ത് കലാപത്തിനു ശേഷം നടന്ന ബി.ജെ.പിയുടെ ഗോവ സമ്മേളനത്തില്‍ മോഡിയെ നീക്കാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് മാനസികമായി തയ്യാറെടുത്തിരുന്നെകിലും അന്ന് മോഡിയുടെ മുഖ്യമന്ത്രി സ്ഥാനം രക്ഷിച്ചത് അദ്വാനിയായിരുന്നു. പിന്നീടും സംഘ് പരിവാറിലെ തന്റെ എതിരാളികളില്‍ നിന്നും മോഡിയെ സംരക്ഷിച്ചു നിര്‍ത്തിയതും അദ്വാനി തന്നെ. ഈ എതിരാളികളില്‍ 2001-ല്‍ മോഡിയ്ക്കായി മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കേശുഭായി പട്ടേലും പണ്ട് മോഡിയ്ക്കൊപ്പം ഒരേ മുറിയില്‍ കഴിഞ്ഞ ആര്‍.എസ്.എസ് പ്രചാരക് സഞ്ജയ്‌ ജോഷിയും ഉള്‍പ്പെടുന്നു.

 

അദ്വാനിയുടെ പ്രശ്നം എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ 2009-ലെ തിരഞ്ഞെടുപ്പില്‍ തന്നെ ജനങ്ങള്‍ തള്ളി എന്ന വസ്തുത അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതാണ്. താന്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ നേതാവായി താന്‍ ആജീവനാന്തം തുടരുമെന്ന സ്വയം സൃഷ്ടിച്ച വിശ്വാസത്തിന്റെ തടവറയിലാണ് അദ്വാനി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ പ്രതിഷ്ഠിക്കുന്നതിനായി വാജ്പേയ് ശൈലിയില്‍ മിതവാദി എന്ന ഒരു പ്രതിബിംബം സൃഷ്ടിക്കാനുള്ള ശ്രമവും അദ്വാനിക്ക് ദോഷമേ വരുത്തിയിട്ടുള്ളൂ. ഈ ശ്രമത്തിന്റെ അങ്ങേയറ്റമായിരുന്നു സംഘ് പരിവാറിന് അസഹ്യമായിരിക്കുമെന്നറിഞ്ഞിട്ടും മൊഹമ്മദ്‌ അലി ജിന്നയെ പ്രശംസിച്ചു നടത്തിയ പ്രസ്താവന.

 

ഗ്രീക്ക് ദുരന്തനാടകത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ പേറുന്നു അദ്വാനിയിലെ നായകന്‍. കഴിഞ്ഞ തവണ, അദ്ദേഹത്തിന്റെ കോപം തണുപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ സക്രിയമായിരുന്നു. ഇത്തവണ, ഈ ശ്രമങ്ങളും ദുര്‍ബലവും പേരിനു മാത്രമുള്ളതും ആയി. മോഡി വന്നുകഴിഞ്ഞിരിക്കുന്നു. ഒരിക്കല്‍ ആജ്ഞാശക്തിയോടെ വിരാജിച്ച നേതാവായിരുന്നു അദ്വാനി. ബി.ജെ.പിയുടെ ഈ പിതാമഹന് ഇനി മൗനം എന്ന രോഷപ്രകടനമേ സാധ്യമാകൂ. ഒറ്റപ്പെടല്‍ പൂര്‍ണ്ണവും അന്തിമവുമായിരിക്കുന്നു. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നേതാവ് ഇപ്പോള്‍ കാണുന്നത് തന്റെ രാഷ്ട്രീയ അസ്തമനമാണ്.

Tags: