ഗുഡ്‌ബൈ ഗസ്സ്!

Glint News Service
Sat, 13-07-2013 03:30:00 PM ;

മൂപ്പർ: ഹലോ, എന്തു  പറയുന്നു? എങ്ങിനെയുണ്ട് എൻട്രൻസിനുള്ള തയ്യാറെടുപ്പ്?

എളമിലാട്ടി: നന്നായിപ്പോകുന്നു. പരീക്ഷയ്ക്കു തൊട്ടുമുൻപ് ഒന്ന്‍ കോച്ചിംഗിനു പോയാല്‍ കൊള്ളാമെന്ന്‍ കരുതുന്നു

മൂ: ഓ, പ്രൊഫഷണല്‍ കോഴ്‌സിന്റെ പിജിക്കുമുണ്ടോ കോച്ചിംഗ്?

എ: പിന്നേ, അതു മുക്കിനുമുക്കിനുണ്ട്.

മൂ: ഞാൻ  നോക്കുന്ന മുക്കുകളിലെങ്ങും കാണുന്നില്ലല്ലോ.

എ: ഓ, മൂപ്പര് തമാശിക്കുവാ.

മൂ: അതിശയോക്തി പ്രയോഗിച്ചതായിരിക്കും. അതാണല്ലോ നിങ്ങൾ ഡോക്ടർമാരുടെ പരിപാടി. ചെറിയ മൂക്കിപ്പനി വന്നാല്‍ രോഗികളെ പേടിപ്പിച്ച് ഇല്ലാത്ത ടെസ്റ്റും എം.ആർ.ഐ സ്‌കാനുമൊക്കെ നടത്തി രോഗമില്ലാത്തവരെ രോഗികളാക്കുമല്ലോ.

എ: ഞാൻ അതിശയോക്തിയാണെങ്കില്‍ മൂപ്പര് അവാസ്തവം പറയുന്നു.

മൂ: അതിശയോക്തിയേക്കാൾ നല്ലതാണ് അവാസ്തവം. അതറിയില്ല അല്ലേ. അതിശയോക്തിയില്‍ സംശയം ജനിക്കും. സംശയം രോഗമാണെന്ന്‍ പറയാതെ തന്നെ അറിയാമല്ലോ? അതിരിക്കട്ടെ എളമിലാട്ടിയുടെ പഠിപ്പ് എങ്ങിനെ നീങ്ങുന്നു.

എ: ഇപ്പോള്‍ പഴയ ചോദ്യപ്പേപ്പറുകൾക്കുള്ള ഉത്തരമെഴുതിപ്പരിശീലിക്കുവാ.

മൂ: ഉത്തരമെഴുതിയിട്ട് എങ്ങിനെയുണ്ട്?

എ: കുഴപ്പമില്ല. ആത്മവിശ്വാസം വർധിക്കുന്നുണ്ട്. ഏതാണ്ട് എണ്‍പത് ശതമാനം വരെ ആൻസറു ചെയ്യാൻ പറ്റുന്നുണ്ട്.

മൂ: അതില്‍ എത്രശതമാനം കൃത്യമായ ഉറപ്പോടെ ചെയ്യാൻ പറ്റുന്നുണ്ട്?

എ: ഏതാണ്ട് അറുപതു ശതമാനത്തോളം ഉറപ്പോടെ ഉത്തരമെഴുതാൻ പറ്റുന്നു. പിന്നെ ബാക്കിയുള്ളത് ഗസ്സ് ചെയ്യാനും പറ്റുന്നു.

മൂ: ഗസ്സ് ചെയ്യുന്നത് എത്ര ശതമാനം ശരിയായി വരുന്നുണ്ട്?

എ: അതും ഏതാണ്ട് അറുപത് എഴുപത് ശതമാനം ശരിയാകാറുണ്ട്.

മൂ: അപകടം! അപകടം!

എ: എങ്ങനെ?

മൂ: ഗസ്സിംഗ് എന്ന പരിപാടി തന്നെ അപകടമല്ലേ. വിശേഷിച്ചും നിങ്ങളുടെ പ്രൊഫഷനില്‍. ഏതു പ്രൊഫഷനിലും അങ്ങിനെ തന്നെ. എന്തുകൊണ്ടാ ഗസ്സ് ചെയ്യുന്നത്? ആലോചിച്ചിട്ടുണ്ടോ?

എ: അത്ര ഉറപ്പില്ലാത്തതുകൊണ്ട്.

മൂ: അതിനർഥം ശരിക്ക് അറിയാത്തത്. ശരിക്ക് അറിയാതെ വരുമ്പോഴാണ് സംശയം വരുന്നത്. അപ്പോൾ ഊഹിക്കും. ഊഹം തന്നെ വേണ്ടി വരുന്നത് ശരിക്കും ബോധ്യമില്ലാത്തതുകൊണ്ടാണ്. ശരിയായ അറിവിന്റെ അടിസ്ഥാനത്തില്‍ ആലോചനയെ സഹായിക്കാൻ ഊഹം സഹായിക്കും. അതു വേണം താനും. രോഗനിർണയത്തില്‍ നിങ്ങൾ  ആ ശേഷി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ ബോധ്യം നന്നായിട്ടില്ലാത്തതിന്റെ പേരില്‍ ഊഹം നടത്തുന്നത് കറക്കിക്കുത്താണ്. എന്തിനാണ്  ഈ പ്രവേശനപ്പരീക്ഷ നടത്തുന്നത്. കൂടുതല്‍ അഡ്വാൻസ്ഡ് ആയ തലത്തില്‍ ഈ പ്രൊഫഷൻ പഠിച്ച് അതു കൈകാര്യം ചെയ്യാൻ ശേഷിയുണ്ടോ എന്നളക്കാൻ വേണ്ടിയാണ്. അവിടെ എല്ലാം വ്യക്തമായിരിക്കണം. കൃത്യമായിരിക്കണം. പിന്നെ, ഈ ചോദ്യപ്പേപ്പർ ഗസ്സ് ചെയ്ത് ആൻസർ ചെയ്താലുള്ള കുഴപ്പമെന്താണെന്നറിയാമോ? ഗസ്സ് ചെയ്യുന്നത് ശരിയായ ബോധ്യം ഇല്ലാതെ വരുമ്പോഴാണല്ലോ. അങ്ങനെ ഗസ്സ് ചെയ്ത് ഉത്തരമെഴുതുന്നതില്‍  എഴുപതു ശതമാനം ശരിയാകുന്നുവെന്ന്‍ പറഞ്ഞുവല്ലോ. അത് ശരിയായി വരുമ്പോൾ  സന്തോഷം തോന്നും. ശരിയായതിന്റെ പേരില്‍. അതിനാല്‍ പ്രത്യേകം ശ്രദ്ധയോടെ പഠിക്കാനുള്ള പ്രേരണയില്ലാതാകും. കാരണം ഉത്തരം ശരിയായല്ലോ. എന്നാല്‍ ആ  ഉത്തരം എന്തുകൊണ്ടാണ് ശരിയായതെന്ന്‍ അറിയണമെങ്കില്‍ ആ ഭാഗം നന്നായി പഠിച്ചേ പറ്റൂ. അല്ലാത്ത പക്ഷം ആ ഭാഗത്തുനിന്ന്‍ മറ്റ് ചോദ്യങ്ങൾ വരികയാണെങ്കില്‍ അപ്പോഴും ഗസ്സ് ചെയ്യേണ്ടി വന്നെന്നിരിക്കും. അപ്പോൾ കികിപോപോ, കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി. അതനുവദിക്കരുത്.

എ: താങ്ക്യൂ മൂപ്പരേ. കറക്ട് സമയത്താണ് മൂപ്പരുടെ ഇടപെടല്‍.

മൂ: മോസ്റ്റ് വെല്‍ക്കം. ചോദ്യപ്പേപ്പർ ആൻസർ ചെയ്യുമ്പോൾ കൃത്യമായി, ഒരു സംശയവുമില്ലാതെ ആൻസർ ചെയ്യാവുന്നവ അറ്റംപ്റ്റ് ചെയ്യുക. അല്ലാത്തത് ഉപേക്ഷിക്കുക. അതിനു ശേഷം ഏതു ഭാഗത്തുനിന്നാണോ ആ ചോദ്യം വന്നത് ആ ഭാഗം പഠിക്കുക. എന്നിട്ട് അവയ്ക്ക് ഉത്തരം എഴുതുക. ഒരു സംശയവും വേണ്ട, താങ്കൾ പ്രവേശനപ്പരീക്ഷയില്‍ നിസ്സംശയം മുകളിലെത്തും. ഏറ്റവും മുകളിലും എത്താവുന്നതേയുള്ളു.

എ: അങ്ങിനെതന്നെ. ഗസ്സ് പരിപാടി ഇനി ഉണ്ടാവുന്നതല്ല. ഒരിക്കല്‍ക്കൂടി, താങ്ക്യൂ മൂപ്പരേ. എനിക്ക്  എവിടെയോ തയ്യാറെടുപ്പില്‍ ഒരു തൃപ്തിക്കുറവുണ്ടായിരുന്നു. ഒരു സിസ്റ്റത്തിലേക്കു വരാത്തപോലെ. ഇപ്പോ മനസ്സിലായി എന്തായിരുന്നു പ്രശ്‌നമെന്ന്‍. ക്ലാരിറ്റിയില്ലായ്മയുണ്ടായിരുന്നു. അത് മാറിക്കിട്ടി.

മൂ: കറക്ട്. ക്ലാരിറ്റി അഥവാ വ്യക്തതയില്ലാതെ വരുമ്പോഴാണ് നമ്മൾ ഗസ്സ് നടത്തുന്നത്. അതുകൊണ്ട് വ്യക്തതയില്ലാത്തതിന്റെ പേരില്‍ ഗസ്സ് നടത്തുന്ന പരിപാടിയോട് ഗുഡ്‌ബൈ പറഞ്ഞോളൂ.

എ: യെസ്! ഗുഡ്‌ബൈ ഗസ്സ്!

Tags: