പറന്നുയരുമ്പോള്‍

താര കൃഷ്ണന്‍
Sat, 10-08-2013 03:45:00 PM ;

വിരൽത്തുമ്പിൽ പോലും ചെറിയൊരു ഇമ്പം. എഴുതുന്നത് ചെറുപ്പക്കാരികളെക്കുറിച്ച് ആകുന്നതിന്റെ സുഖമാവാം. പതിനേഴിന്റെ പകപ്പിൽ, പതിനെട്ടിന്റെ കുതിപ്പിൽ, പത്തൊൻപതിന്റെ നിറവിൽ അവരെന്താണ്? എങ്ങനെയാണ്? മുൻവിധികളില്ലാത്ത ശ്രമം ഒരുപാടു കൗതുകങ്ങൾ ബാക്കിവച്ചു.

 

സുന്ദരികളുടെ ലോകം

 

എവിടെയും സുന്ദരിക്കുട്ടികൾ മാത്രം. കാക്കക്കറുമ്പികള്‍ക്ക് വംശനാശം വന്നിരിക്കുന്നു (ഫെയർനെസ് ക്രീം നിർമ്മാതക്കളുടെ നല്ലനേരം). പ്രസന്റബിൾ അല്ലാത്ത ഒരാളെക്കാണാൻ മഷിനോട്ടം വേണ്ടിവന്നേക്കും. പത്തുമുപ്പതു കൊല്ലംമുമ്പ് രണ്ടുതരം പെണ്‍കുട്ടികളുണ്ടായിരുന്നു. ജന്മനാ സുന്ദരികളും സാധാരക്കാരികളും. ഇതു പാടെ മാറി. ആദ്യവിഭാഗത്തിന്റെ മേൽക്കോയ്മ നിരന്തര ശ്രദ്ധയും പരിചരണവും കൊണ്ട് രണ്ടാം വിഭാഗം പൊളിച്ചടുക്കി. വെളുമ്പികളും ഇരുനിറക്കാരികളും ഒപ്പത്തിനൊപ്പം ഇടിച്ചുനിൽക്കുന്നു. പൂച്ചക്കണ്ണും കാക്കപ്പുള്ളിയും ഇടമ്പല്ലും എന്നുവേണ്ട പണ്ടു പ്രശ്‌നമായിരുന്നതെല്ലാം ഇന്ന്‍ പ്ലസ് ആണ്. വൈവിധ്യത്തിന്റെ സ്വീകാര്യത അവർ തിരിച്ചറിയുന്നു. ഒരു ടി. വി. ഷോയിൽ, പരസ്യത്തിൽ, എന്തിന് സിനിമയിൽ പോലും തങ്ങളിൽ ആർക്കും അവസരം ലഭിച്ചേക്കാം എന്ന തിരിച്ചറിവോടെയാണ് എല്ലാവരും ജീവിക്കുന്നത്. ഇനി ഇതൊന്നും പറ്റിയില്ലെങ്കിലും ഒരു ചുക്കും ഇല്ല. ഒന്നാംതരം നാർസിസ്റ്റുകളല്ലേ, കണ്ണാടിയിൽ താനേ കണ്ടുരസിച്ചോളും. എന്നും ഒരുങ്ങിനടക്കാൻ സമയവും താല്പര്യവും ഇല്ല, എന്നാൽ വിശേഷാവസരങ്ങളിൽ അതിന്റെ കേടുതീർക്കും എന്നു പറഞ്ഞ വ്യത്യസ്തരും ഉണ്ട്. പക്ഷേ, അംഗസംഖ്യ തുലോം കുറവ്.

 

വായന, ചിന്ത

വായന കുറവാണെന്ന്‍ പറയാൻ വലിയ താല്പര്യം. പത്രത്തിൽ ഹെഡ്‌ലൈൻസ് മാത്രമേ വായിക്കൂ. അപൂർവ്വം പേർ സ്‌പോർട്‌സ് പേജുകൂടി നോക്കും. കാരണം, വിരാട് കോഹ്‌ലിയുടെ പടം വരും എന്നതുതന്നെ. നാല്പതിൽ എത്തിയ രാഹുൽ ദ്രാവിഡിനെ സ്‌നേഹിക്കുന്നവർ ധാരാളം. കറകളഞ്ഞ വ്യക്തിത്വമാണ് എന്ന്‍ ന്യായം. എന്നാൽ സമപ്രായക്കാരനായ സച്ചിൻ തെൻഡുൽക്കറിന് തീരെ ഡിമാൻഡില്ല. (സച്ചിന്റെ പ്രതിഭയ്ക്കും ഭാഗ്യത്തിനും ഇടയിൽപ്പെട്ടുവലഞ്ഞ ദ്രാവിഡിന് ദൈവം വൈകി നൽകുന്ന നീതിയാവാം.)

 

ടെന്നിസിനും ഫുട്‌ബോളിനും ലോകമെമ്പാടും ആരാധകരുണ്ടാകാം പക്ഷേ, ഇവർക്കു വേണ്ട. ഫെഡററും ജോക്കോവിച്ചും നഡാലുമെല്ലാം ജസ്റ്റ് കേട്ടറിവുള്ളവർ മാത്രം. സെറിനയും, ഷെറപ്പോവയും അതേ സ്ഥിതിയിൽ തന്നെ. മെസ്സി, നെയ്മർ, ടോറസുമൊന്നും അത്രപോലും വരുന്നില്ല.

 

ദേശീയരാഷ്ട്രീയം ഒട്ടും താല്പര്യമില്ല. ഭരിക്കുന്ന മുന്നണിയുടെ പേരുപോലും ചെറിയ തപ്പൽ. പക്ഷേ സോണിയാ ഗാന്ധിയേയും മക്കളേയും എല്ലാവർക്കുമറിയാം. കേരളരാഷ്ട്രീയവും പിടിയില്ല. പക്ഷേ, ആ അജ്ഞത പുച്ഛം കൊണ്ടു മറയ്ക്കാൻ പിള്ളേർക്കറിയാം. കാരണം കേരളരാഷ്ട്രീയത്തിൽ ഇപ്പോൾ കുറെ 'അയ്യേ' കൾ നിറഞ്ഞുനിൽക്കുകയല്ലേ?

 

വലിയ അപകടങ്ങൾ ഉണ്ടായാൽ പിറ്റേന്ന്‍ പത്രം വായിക്കുമെന്ന്‍ മിക്കവരും. വിദ്യാർത്ഥികൾക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന പേജുകൾ നോക്കും. പ്രോജക്ടിന് ആവശ്യമായ വിവരങ്ങൾ വേണ്ടപ്പോൾ മാത്രം.

 

പുസ്തകവായന കുറവാണെന്ന്‍ പറയാൻ മടിയൊന്നുമില്ല. ചേതൻ ഭഗത്തും ജെ.കെ.  റൗളിംഗുമാണ് മിക്കവർക്കും അറിയുന്ന എഴുത്തുകാർ. മലയാളപുസ്തകങ്ങൾ ശ്രദ്ധിക്കാറെയില്ലെന്ന്‍ പറഞ്ഞവർ നിരവധി. എന്നാൽ വായനാസുഖം തിരിച്ചറിഞ്ഞ് ചെറിയൊരു വിഭാഗത്തിന്റെ സാന്നിദ്ധ്യം അംഗീകരിക്കാതെ വയ്യ. ഒട്ടുമിക്ക എഴുത്തുകാരെയും വായിച്ചുകൊണ്ടിരിക്കുന്നവർ. വി.എസ്. ഖാണ്ഡേക്കറുടെ യയാതിയിലെ ജീവിത ദർശനങ്ങളും എം.ടി.യുടെ രണ്ടാമൂഴത്തിലെ ഭീമന്റെ ധർമ്മസങ്കടങ്ങളും ഒരുപാട് ചിന്തിപ്പിച്ചു എന്നുപറഞ്ഞ കുട്ടിയും, വികാസ് സ്വരൂപിന്റെ പുതിയ പുസ്തകം 'Six Suspects' ഇതുവരെ വായിക്കാൻ കഴിയാത്തതിൽ കുണ്ഠിതപ്പെട്ട നുണക്കുഴിക്കാരിയുമൊക്കെ ഇവരിലെ വേറിട്ട മുഖങ്ങളാണ്.

 

പ്രണയം - സൗഹൃദം

 

സൗഹൃങ്ങൾ ഇരമ്പി നിൽക്കുന്ന മനസ്സിൽ കൂട്ടുകാർക്കാണ് മുഖ്യസ്ഥാനം. അമ്മ സുഹൃത്തിന്റെ നിലവാരത്തിൽ നിൽക്കുമെങ്കിൽ 'ബെസ്റ്റ് ഫ്രണ്ട്' പട്ടം നൽകി ആദരിച്ചുകളയും. അതിനപ്പുറം വളരാനും അധികാരമുറപ്പിക്കാനുമൊക്കെ ശ്രമിച്ചാൽ പിന്നെ സൂക്ഷിച്ചേ ഇടപെടൂ. ഹൃദയരഹസ്യങ്ങളെല്ലാം അമ്മയിൽ നിന്ന്‍ സുരക്ഷിതമായ പാസ്‌വേർഡ് ഇട്ട് സെക്യുർ ചെയ്തുകളയും കുട്ടികൾ. അച്ഛന്മാർക്ക് പഴയ കത്തിവേഷമില്ല. എല്ലാം ഹരിതൻമാരാണ്. പെണ്മക്കളുടെ കണ്ണുനിറയുന്നതോ, അവർ വെറുതെ പിണങ്ങുന്നതുപോലുമോ സഹിക്കാൻ പറ്റാത്തവർ. അവരെ വളച്ചൊടിച്ച് കീശയിലാക്കാൻ ഒട്ടും പ്രയാസമില്ലെന്ന്‍ പെണ്മക്കൾ.

 

ആണ്‍-പെണ്‍ സൗഹൃദങ്ങളെ ഒരേപോലെ കാണുന്നു എന്ന അവകാശവാദം മിക്കവർക്കുമുണ്ട്. എങ്കിലും പുരുഷസൗഹൃദങ്ങൾക്ക് പരിധിവേണമെന്നതിൽ ആർക്കും സംശയവുമില്ല. ഇവരെ വളരെ സൂക്ഷിച്ചു തെരഞ്ഞെടുക്കണമെന്നും പ്രശ്‌നക്കാരെന്ന്‍ കണ്ടാൽ അകറ്റി നിറുത്തണമെന്നും പൊതു വിലയിരുത്തൽ.

 

മൊബൈൽ ഫോണ്‍ വ്യാപകമായതോടെ പ്രണയബന്ധങ്ങൾ തഴച്ചുവളരുന്നുവെന്നാണ് സാമാന്യ ധാരണ. എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു കമ്പവുമില്ല, 'ഞങ്ങൾ ആ ടൈപ്പല്ല' എന്നു  പറഞ്ഞൊഴിയും കുട്ടികൾ.

 

പ്രണയം നല്ലതാണ് എന്ന്‍ പറഞ്ഞവർ പോലും പ്രണയവിവാഹത്തിന് തീർത്തും എതിര്. ഒരു വിവാഹത്തിന്റെ 'പൂർണ്ണ സന്തോഷം' കിട്ടണമെങ്കിൽ പേരന്റ്‌സ് തിരഞ്ഞെടുത്ത വരൻ ആവണമത്രേ! ഈ പൂർണ്ണസന്തോഷത്തിന്റെ ഉള്ളുകള്ളികൾ രസകരമാണ്. അനുയോജ്യനായ വരൻ, ആർഭാടപൂർണ്ണമായ ചടങ്ങുകൾ, കാറ്, കാശ്, പിന്നെ താങ്ങാനാവുമെങ്കിൽ ഒരു ഫ്‌ളാറ്റ്, വിദേശത്തേക്ക് ഹണിമൂണ്‍ ട്രിപ്പ് ഇങ്ങനെ പോകുന്നു ആശകൾ. ഇതെല്ലാം സ്പോണ്‍സര്‍ ചെയ്യാൻ അച്ഛനമ്മമാർ ഉഷാറായി നില്‍ക്കണമെങ്കിൽ വരൻ അവരുടെ ചോയ്‌സ് ആയിരിക്കണം. ഒന്ന്‍ രണ്ട് കോട്ടയം ഫീമെയ്ൽസ് അല്പം കൂടി മുന്നോട്ടുകയറി ചിന്തിച്ചുകളഞ്ഞു. തങ്ങൾ ജോലിത്തിരക്കിലാകുമ്പോൾ കുട്ടികളെ നോക്കാനും കാശിനു മുട്ട് വന്നാൽ സഹായിക്കാനുമൊക്കെ ആളില്ലെങ്കിലുണ്ടാകുന്ന ബുദ്ധിമുട്ട് വരെ ആലോചിച്ചു വെച്ചിരിക്കുന്നു.

 

ഈ ചിന്തകൾ സൂചിപ്പിക്കുന്നത് ഇവരുടെ പ്രായോഗിക ബുദ്ധിയാണോ അതോ ആവശ്യത്തിലധികം സുഖസൗകര്യങ്ങൾ കിട്ടി വളർന്ന തലമുറയുടെ കംഫര്‍ട്ട് സോണില്‍ തന്നെ തുടരാനുള്ള വ്യഗ്രതയാണോ എന്ന കാര്യം ചിന്തിക്കേണ്ടതാണ്.

 

നല്ല പേരന്റ്‌സ്

അവർ ദൈവത്തെപ്പോലെ ആകണമെന്ന്‍ ഒരു സംഘം. സംഗതി മറ്റൊന്നുമല്ല. ചോദിക്കുന്നതെല്ലാം കൊടുക്കുന്നവരാകണം. എന്തിനും ഏതിനും വിളിച്ചാൽ വിളിപ്പുറത്തുണ്ടാകണം. ദൈവങ്ങളെപ്പോലെ നിത്യ മൗനത്തിലുമായിരിക്കണം. പ്രതാപശാലികളും കഴിവുള്ളവരുമാകണം. അണ്‍കണ്ടീഷണൽ സപ്പോർട്ട്  നൽകണം. (ലൈൻ പിടികിട്ടിയില്ലേ?) പറ്റുമെങ്കിൽ അച്ഛനോ അമ്മയോ ചെറിയ മട്ടിലെങ്കിലും ഒരു സെലിബ്രിറ്റി ആയാൽ നന്ന്‍. തങ്ങളുടെ സുഹൃത്തുക്കളോട് ഫ്രീയായി ഇടപെടണം, അവരെ സംശയിക്കരുത് ഇങ്ങനെ പോകുന്നു ഐഡിയൽ പേരന്റസിന്റെ യോഗ്യതകൾ.

 

ഏതായാലും കുട്ടികൾക്ക് ഒരു കാര്യത്തിൽ പേരന്റ്‌സിനെ വിശ്വാസമാണ്. തങ്ങൾ എത്ര വലിയ തെറ്റുചെയ്താലും അവർ ക്ഷമിക്കും എന്ന കാര്യത്തിൽ. കാരണം വളരെ ലളിതമാണ്. പേരന്റ്‌സിനു വേറേ ചോയ്‌സില്ല. അവർക്ക് ഞങ്ങളല്ലേയുള്ളൂ?

 

          ഈ ആത്മവിശ്വാസമാണ് ഇവരെ കരുത്തരാക്കുന്നത്, സുന്ദരികളാക്കുന്നത്. പക്ഷേ, പലപ്പോഴും നമ്മുടെ ശക്തി തന്നെയാണ് ദൗർബല്യവും. താങ്ങാനാളുള്ളതുകൊണ്ട് തളർച്ചയറിയാതെ വളരുന്ന തലമുറയുടെ ഉൾക്കരുത്തില്ലായ്മ ഈ ബോണ്‍സായ് കുട്ടികൾക്കുണ്ട്. തായ്‌വേര് ഭൂമിയിലാഴ്ത്തി, വേരുപടലങ്ങൾ ചുറ്റും പടർത്തി ആകാശത്തോളം വളരാൻ കഴിയുന്നവർ ഇവരിൽ ധാരാളമുണ്ട്. പക്ഷേ, കാശിനു മുട്ടില്ലാതെ, സാമാന്യം നല്ലൊരു ജോലിയും ചെയ്ത് അടിച്ചുപൊളിച്ചു കഴിഞ്ഞാൽ മതിയെന്ന്‍ സാമൂഹ്യ- സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ ഇവരെ കൊണ്ടു പറയിക്കുന്നത്, താങ്ങിനിറുത്തുന്ന കരങ്ങളിലുള്ള വിശ്വാസം തന്നെയാണ്.

 

          സ്വന്തം കഴിവുകൾ തിരിച്ചറിയുകയും അതിലേക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള ജീവിതം എത്ര ഊർജ്ജദായകമാണെന്ന്‍ ഇവർ തിരിച്ചറിയട്ടെ! ഇവർ,  ഇന്നു കാണുന്ന പ്രായത്തിൽതന്നെ എന്നും ജീവിക്കട്ടെ! കണ്ണിലെ പൂത്തിരിയും ചുണ്ടിലെ പുഞ്ചിരിയും ചലനങ്ങളിലെ ചടുലതയും ഇതേപോലെ നിലനിൽക്കട്ടെ. കാരണം, ഇവരെ നോക്കിനിൽക്കുമ്പോൾ പതിനേഴിലേക്കു തിരിച്ചുപോയോ, എന്നൊരു സംശയം ആ പ്രായം കടന്നുപോന്ന എല്ലാവർക്കും ഉണ്ടാകും. കൈവിട്ടു പോയ കാലം തിരിച്ചുപിടിക്കാൻ തക്ക ഊർജ്ജം പകർന്നുകിട്ടുന്നത് ചില്ലറക്കാര്യമല്ലല്ലോ.

 

Tags: