ചെട്ടിയാലത്തൂരിൽ ഒരവധിക്കാലത്ത്..

ചന്ദന
Fri, 17-05-2013 09:45:00 PM ;

കുംഭകർണനെ സേവിച്ചുകൊണ്ടിരുന്ന നന്ദുവിനേയും ഞങ്ങൾ കുത്തിപ്പൊക്കി, ആനയെ കാണാൻ.  എന്നാൽ എഴുന്നേറ്റ് വരുന്ന അവൻ കാണുന്നത് കലിതുള്ളി പാഞ്ഞടുക്കുന്ന കൊമ്പനെയാണ്.

എല്ലാ വർഷവും വേനൽക്കാല അവധിക്ക് ഒരു വിനോദയാത്ര പതിവുള്ളതാണ്. എല്ലാ വർഷവും ഇടുക്കിയിലേക്കാണോ എന്ന് ചോദിച്ചുകൊണ്ട് ഞാൻ വയനാട്ടിലേക്കും എന്നും കുന്നും വയനാടേ ഉള്ളോ എന്നു ചോദിച്ചുകൊണ്ട് മാമൻ ഇടുക്കിയിലേക്കുമാവും പോകുക. ഇക്കൊല്ലവും പതിവുതെറ്റിച്ചില്ല. 

ഇത്തവണത്തെ സന്ദർശന സ്ഥലങ്ങളുടെ പട്ടികയിൽ തീരെ പരിചിതമല്ലാത്ത ഒരു പേരു കൂടി ഉണ്ടായിരുന്നു. ചെട്ടിയാലത്തൂർ. ഏതോ കുഗ്രാമം എന്നു പ്രതീക്ഷിച്ചാണ് യാത്ര തിരിച്ചത്. ചെട്ടിയാലത്തൂർ കൂടാതെ കുറുവാ ദ്വീപും ബാണാസുരസാഗർ അണക്കെട്ടും ഞങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. മൂന്നു മണിക്ക് കോഴിക്കോടു നിന്ന്‍ യാത്ര തിരിച്ച് ഞങ്ങൾ ഏതാണ്ട് രാത്രി പത്ത് മണിയായപ്പോഴേക്കും മാനന്തവാടിയിലെത്തി. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് തങ്ങി. 

പിറ്റേന്ന്‍ രാവിലെ തന്നെ കുറുവാ ദ്വീപിലേക്ക് തിരിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട കുറേ ദ്വീപുകളുടെ സമൂഹം, വൻ ടൂറിസ്റ്റ് കേന്ദ്രം ഇതൊക്കെ കേട്ടപ്പോൾ വളരെ പ്രതീക്ഷകളുണ്ടായിരുന്നു, കുറുവാ ദ്വീപിനെ കുറിച്ച്. പക്ഷെ അതെല്ലാം തെറ്റി. ഇപ്പോൾ നാലു ദ്വീപുകളിലേക്ക് മാത്രമേ പ്രവേശനമുള്ളു. അതിൽ കൊള്ളാവുതിനേക്കാൾ കൂടുതൽ ആൾക്കാരും ഇത്തിരി വെള്ളവും. കുരങ്ങൻമാരെ കാണാം. കാടിന്റെ ഭംഗി ആസ്വദിക്കാം. അത്രതന്നെ. ഞങ്ങൾ പെട്ടെന്നു തന്നെ അവിടെ നിന്നു തിരിച്ചു. ചെട്ടിയാലത്തൂരിലേക്ക്.

വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്തിലെ ഒരു വാർഡാണ് ചെട്ടിയാലത്തൂർ. അതൊരു വാർഡല്ല, ഒരൊന്നന്നര വാർഡു തന്നെ. കാററടിച്ചാൽ അന്നേരം തന്നെ ഉറങ്ങുക എന്നത് എന്റെ ഒരു ശീലമാണ്. അത് ഞാൻ ഇവിടെയും അതിഗംഭീരമായി തുടർന്നു. കാറിന്റെ ബാക്ക്‌സീറ്റിൽ വിശാലമായി കിടന്ന് ഉറങ്ങി. ക്ഷീണമില്ലാത്തതുകൊണ്ട് തന്നെ ആ ഉറക്കത്തിന് അധികം നീളമില്ലായിരുന്നു. ഉണർപ്പോൾ ഒരു നാൽക്കവലയിൽ നിർത്തി വഴി ചോദിക്കുകയായിരുന്നു അച്ഛനും അമ്മയും. 
 
അങ്ങനെ ചോയ്ച്ച്... ചോയ്ച്ച് മുന്നോട്ട്...

കാഴ്ചകൾ ആസ്വദിക്കുകയായിരുന്ന ഞാൻ വഴിയരികിൽ ഒരാനക്കൂട്ടത്തെ കണ്ടുപിടിച്ചു. കഴിഞ്ഞ തവണ മുത്തങ്ങയിൽ വച്ച് ഇങ്ങനെ ഒരാനക്കൂട്ടത്തെ കണ്ടപ്പോൾ അതിന്റെ അരികിൽ തന്നെ ഡ്രൈവർ വണ്ടി നിർത്തി ഞങ്ങൾ ലൈവ് ആയി അതിന്റെ തീറ്റ ആസ്വദിച്ചിരുന്നു. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ അച്ഛൻ വണ്ടി നിർത്തി, അമ്മയ്‌ക്കോ എനിക്കോ പേടി ലവലേശമില്ലായിരുന്നു. കുംഭകർണനെ സേവിച്ചുകൊണ്ടിരുന്ന നന്ദുവിനേയും ഞങ്ങൾ കുത്തിപ്പൊക്കി, ആനയെ കാണാൻ.  എന്നാൽ എഴുന്നേറ്റ് വരുന്ന അവൻ കാണുന്നത് കലിതുള്ളി പാഞ്ഞടുക്കുന്ന കൊമ്പനെയാണ്. ചുള്ളിക്കമ്പുകൾ കുത്തിമറിച്ചിട്ട് ഓടി വന്ന ഓട്ടം കണ്ടാൽ അത് ആനയോ മാനോ എന്നു തോന്നിപ്പോകും. ക്യാമറക്കണ്ണുകളിലൂടെ ഇത് വ്യക്തമായി ഞാൻ കണ്ടു. പക്ഷെ മറ്റുള്ളവരെ കാണിക്കാനായി ക്ലിക്ക് ചെയ്യാൻ പറ്റിയില്ല. കൈ വിറച്ചുപോയി. കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പെട്ടെന്ന് സ്റ്റാർട്ടാവാഞ്ഞത് ഞങ്ങളുടെ പേടി കൂട്ടി. സ്റ്റാർട്ടായി മുന്നോട്ട് നീങ്ങിയപ്പോൾ ഫോട്ടോ എടുക്കെടീ എന്ന്‍ അമ്മ. പക്ഷെ അപ്പോഴേക്കും അത് കണ്ണിൽ നിന്ന്‍ മറഞ്ഞിരുന്നു. പക്ഷെ മനസിലതൊരു മായാത്ത ചിത്രമാണിന്നും.

ക്യാമറ എന്റെ കൈയിലായിരുന്നെങ്കിൽ ഞാൻ ഫോട്ടോ എടുത്തേനെ എന്ന്‍ അമ്മ വീമ്പടിച്ചു. പക്ഷെ അന്നേരം കാറെടുക്കെന്ന്‍ ആദ്യം വിളിച്ചു കൂവിയതും അമ്മ തന്നെ. കുറച്ചു മുന്നോട്ടെത്തിയപ്പോഴേക്കും ചെട്ടിയാലത്തൂരിലേക്ക് തിരിയാനുള്ള വഴിയായി. 

കാട്ടിനുളളിലേക്ക്... ആന മണം പിടിച്ച് വരുമോ? ശബ്ദം കേട്ട് വരുമോ? ആനയ്ക്ക് നമ്മളെ ഓർമ്മയുണ്ടാവുമോ എിങ്ങനെ പലവിധ സംശയങ്ങൾ ഉയർന്നു. കാരണം ആനയിൽ നിന്നും ഞങ്ങള്‍ വളരെ ദൂരെയല്ലായിരുന്നു. ആനയും ഞങ്ങളും തമ്മിൽ ഏതാനും വൃക്ഷങ്ങളുടെ മറവ് മാത്രം. അതുകൊണ്ട തന്നെ പിന്നീടുള്ള ചോദ്യങ്ങൾ പേടിയോടെയായിരുന്നു. ഏറ്റവും കൂടുതൽ സംശയങ്ങൾ സംഭാവന ചെയ്തതും ഞാൻ തന്നെയായിരുന്നു. വ്യക്തമായ മറുപടി ആർക്കുമില്ലായിരുന്നെങ്കിലും ഒരു മറുപടി വളരെ തൃപ്തികരമായിരുന്നു: വിശ്വാസം, അതല്ലേ എല്ലാം.

അങ്ങിനെ ആ വിശ്വാസത്തോടെ കാനനപാതയിലൂടെ ചെട്ടിയാലത്തൂരിലേക്ക് വണ്ടി നീങ്ങി. കുണ്ടും കുഴിയും കയറ്റവും ഇറക്കവും നിറഞ്ഞ വഴിയിൽ പല സ്ഥലങ്ങളിലും ഇറങ്ങേണ്ടി വന്നു. കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും കാടിന്റെ ഭംഗി ആസ്വദിച്ച് അതിന്റെ സംഗീതം കേട്ട് അതിനെ തൊട്ടറിഞ്ഞുള്ള യാത്രയ്ക്ക് വല്ലാത്ത സുഖമുണ്ടായിരുന്നു. ഇറങ്ങിയും കയറിയും ഞങ്ങൾ ചെട്ടിയാലത്തൂരിലെത്തി.

കാടിനു നടുവിൽ വിശാലമായൊരു വയൽപ്രദേശം. അങ്ങിങ്ങായി കുറച്ചു വീടുകൾ. കൊച്ചു ഏറുമാടങ്ങൾ. അവിടെ ഞങ്ങളെ സ്വാഗതം ചെയ്യാൻ ശ്രീധരേട്ടനുണ്ടായിരുന്നു. ശ്രീധരേട്ടനും ശ്രീധരേട്ടന്റെ കടയും ചെട്ടിയാലത്തൂരിന്റെ തലസ്ഥാനമാണെു പറയാം.  ആനയെ കണ്ട കാര്യം ശ്രീധരേട്ടനോട് പറഞ്ഞപ്പോള്‍ ഈയിടെയായി ആനയിറങ്ങുന്നത് ഇത്തിരി കൂടുതലാണെന്ന്‍ അദ്ദേഹവും പറഞ്ഞു. കാട്ടിലെ വിഭവങ്ങള്‍ കുറഞ്ഞതാണ് കാരണമെന്ന് അദ്ദേഹം പറയുന്നു. എല്ലാവരും ചായയും കുടിച്ച് ആനക്കാര്യവും പറഞ്ഞിരിക്കുമ്പോൾ ശ്രീധരേട്ടന്റെ പൂച്ചയും നന്ദുവും ചങ്ങാതിമാരായി കഴിഞ്ഞിരുന്നു. 

ഞങ്ങൾക്കു താമസിക്കാനുളള ബക്കർമാമന്റെ യോഗ്യാവീട് അൽപ്പം കൂടി മുന്നോട്ടായിരുന്നു. ഒരു കുന്നിന്‍ ചരുവിൽ കാപ്പിത്തോട്ടത്തിനിടയിൽ ഒറ്റപ്പെട്ടൊരു വീട്. അവിടെ നിന്ന്‍ നോക്കിയാൽ മറ്റൊരു വീട് കാണാം. അതിൽ ആന തന്റെ കരുത്ത് തെളിയിച്ചതിന്റെ അടയാളമുണ്ട്. ഞങ്ങൾ താമസിക്കാൻ പോവുന്ന വീടിന്റെ മുന്നിലെ തെങ്ങും ആന കുത്തിമറിച്ചിട്ട് ഒരോല പോലുമില്ലാതെ തിന്നു തീർത്തിരിക്കുന്നു. 
വീടിനകം സുന്ദരമായിരുന്നു. നാലു ബെഡ്‌റൂമും ഹാളും കിച്ചനും പോരാത്തതിന് പുറത്തൊരു ഏറുമാടവും. ബെഡ്‌റൂമുണ്ടെങ്കിലും എനിക്കും നന്ദുവിനും ഏറുമാടം മതിയായിരുന്നു. പക്ഷെ ആന അതിനുമേലും കൈവെച്ചതിന്റെ അടയാളമുണ്ടായിരുന്നു.

രാത്രി നല്ല ചൂടുപാറുന്ന കഞ്ഞിയും കുടിച്ച് ഞങ്ങൾ വെളിയിൽ ഇറങ്ങിയിരുന്നു. മുറ്റത്ത് തീ കൂട്ടി എല്ലാവരും അതിനു ചുറ്റും. കാടിന്റെ നിശബ്ദയിൽ ഞങ്ങളുടെ വർത്തമാനങ്ങൽ മാത്രം. ഏറെ നേരം കഴിഞ്ഞാണൊന്നു ചാഞ്ഞത്. ഭിത്തിക്കരികിൽ കിടക്കുമ്പോൾ തെല്ലൊരു ഭയം ഉണ്ടായിരുന്നു. എന്നാലും ഉറങ്ങി, നല്ല ശാന്തമായ ഉറക്കം.

ഞങ്ങൾക്ക് കണിയൊരുക്കിയത് കുറേ മാനുകളായിരുന്നു. ശത്രുക്കളെ പേടിക്കാതെ രാവുറങ്ങാൻ വന്നതാണവർ. പക്ഷെ ഞങ്ങളെ കണ്ടതോടെ അവ കാട്ടിലേക്കു തന്നെ കടന്നു കളഞ്ഞു. പല്ലുതേക്കാൻ കിണറ്റിൻ കരയിൽ ചെന്നപ്പോഴല്ലേ രസം. അതിനു ചുറ്റും ആനക്കാലടികൾ. ചെളി കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു.

കിണറ്റിലെ വെള്ളത്തെ ഒന്നു പുകഴ്ത്താതെ വയ്യ. ഓര് വെള്ളവും മഞ്ഞവെള്ളവും കണ്ട് ശീലിച്ച ഞങ്ങൾക്കത് പനിനീര് പോലെ സുന്ദരമായിരുന്നു. അപ്പോഴാണ് അതുവഴി ഒഴുകുന്ന പുഴയെ പറ്റി കേട്ടത്. നൂൽപ്പുഴ. ഞങ്ങളങ്ങോട്ട് വെച്ചുപിടിച്ചു. പേരുപോലെ തന്നെ ഒരു നൂലോളം വണ്ണത്തിൽ ഒഴുകുന്ന പുഴ. കാട്ടിൽ നിന്ന്‍ കലങ്ങി മറിഞ്ഞുവരുന്ന വെള്ളം. ഞങ്ങൾ തിരിച്ച് കിണറ്റുംകരയിലെത്തി. കുളിച്ച ശേഷം നടക്കാനിറങ്ങി. ആന മാങ്ങ തിന്നാൻ വരുന്ന മാവും കൊച്ചമ്പലവുമെല്ലാം കണ്ട് ചുറ്റി നടന്നു. അപ്പോഴേക്കും വിശപ്പ് കത്തിക്കാളാൻ തുടങ്ങിയിരുന്നു. ഏറുമാടത്തേിലിരുന്നു ഊണുകഴിക്കാൻ എന്തുരസം. ഒരുപാത്രവും നാലാളും. ഒരു കൂട്ടം കറിയും. പക്ഷെ വിഭവസമൃദ്ധിയേക്കാൾ ഹരമുണ്ടായിരുന്നു ഒറ്റ ഊണു കഴിപ്പിന്.

പക്ഷെ വിഷമം തുടങ്ങി. കാരണം ഊണുകഴിഞ്ഞാൽ ഇറങ്ങണമൊണ് പ്ലാൻ. ഒരു രാത്രി കൂടെ അച്ഛാ, പ്ലീസ് എന്നു ഞങ്ങളും നാളെ പോകാം എന്നു അമ്മയും നിരന്തരം പറഞ്ഞിട്ടും ലീവില്ലെന്ന മറുപടിയിൽ അച്ഛൻ. അങ്ങിനെ വിഷമത്തോടെ ഞങ്ങൾ എല്ലാം കെട്ടിപ്പെറുക്കി. അച്ഛന്റെ സുഹൃത്തിന് കാട്ടിൽ ഇങ്ങിനെയൊരു കാപ്പിത്തോട്ടവും വീടും വാങ്ങിയിടാൻ തോന്നിയതിന് ഞങ്ങൾ നന്ദി പറഞ്ഞു.

പോരുന്ന വഴി ശ്രീധരേട്ടന്റെ വക നല്ല കാട്ടുതേൻ കിട്ടി. ആ തേൻ മധുരമുള്ളതായിരുന്നു, ചെട്ടിയാലത്തൂരും. അതുകൊണ്ട് തന്നെ അവിടെ നിന്നകപ്പോൾ സങ്കടവും തോന്നി. അടുത്ത പ്രാവശ്യം കൊണ്ടുവരാമെന്നു അച്ഛൻ പറയുന്നു. പക്ഷെ അച്ഛന്റെ പറച്ചിലല്ലേ കർണന്റെയൊന്നുമല്ലല്ലോ. അതുകൊണ്ട് തന്നെ ഇനിയുമാ നാട് കാണാമെന്നെ സ്വപ്‌നമൊന്നും ഇല്ല. പക്ഷെ എന്റെ സ്വപ്‌നങ്ങളിൽ ചെട്ടിയാലത്തൂർ ഇടയ്ക്കിടെ കടന്നുവരാറുണ്ട്.

സർക്കാർ അവിടെയുള്ളവരെയെല്ലാം മാററി പാർപ്പിക്കുവാൻ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. വൈകാതെ ചെട്ടിയാലത്തൂർ എന്റെ മാത്രമല്ല എല്ലാവരുടെയും സ്വപ്‌നത്തിൽ ഒതുങ്ങുമോ? കാട്ടിലെ മൃഗങ്ങളുടെ ഭാഗത്തു നിന്ന്‍ ചിന്തിച്ചാൽ സർക്കാർ തീരുമാനത്തിലും ശരിയുണ്ട്. അവയ്ക്കും ജീവിക്കണ്ടേ? ഇത്രയും വലിയനാട് നമുക്കുള്ളപ്പോൾ കാട് കൂടി വേണം എന്നു പറയുന്നത് അത്യാഗ്രഹമല്ലേ. 

അങ്ങിനെയുള്ള ചിന്തകളുമായി അവിടം വിട്ട് ഞങ്ങള്‍ ബാണാസുരസാഗർ അണക്കെട്ടിനുമേൽ ചേക്കേറി. കാറ്റുകൊണ്ടവിടെ സമയം പോക്കി. പിന്നെ വീട്ടിലേക്ക്.  പുതിയ വഴികൾ കണ്ടുപിടിക്കാൻ ഇഷ്ടപ്പെടുന്ന അച്ഛൻ ഞങ്ങളെ ഒരു വളഞ്ഞവഴിയിൽ കൂടിയാണ് വീട്ടിൽ കൊണ്ടുപോയത്. വളഞ്ഞും പുളഞ്ഞും കുത്തനെയുള്ള ഇറക്കങ്ങൾ. പക്രംതളം ചുരം. വയനാട്ടിലേക്കുള്ള മറ്റൊരു കവാടം. മൂടൽമഞ്ഞിന്റെ കൂട്ടുണ്ടായിരുന്നു. ആ കുളിരും നിശബ്ദതയും കടന്ന്‍ ഞങ്ങൾ നഗരത്തിരക്കിലൂടെ വീട്ടിലെത്തി.

ആനക്കഥ പറയാനുള്ള ആവേശം എനിക്കും നന്ദുവിനും മാത്രമായിരുന്നില്ല. അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ശൈലിയിൽ അനുഭവങ്ങള്‍ പങ്കുവെച്ചു. കേട്ടവർ നെഞ്ചത്ത് കൈവെച്ചു. പക്ഷം അപ്പോഴേക്കും ഞങ്ങള്‍ക്കത് ചിരിയായി മാറിയിരുന്നു.