അദ്ധ്യായം ഒന്ന് : അര്‍ധരാത്രിയിലെ കുറ്റപത്രം

മീനാക്ഷി
Mon, 02-10-2017 04:44:37 PM ;

reality novel, passbook

രാത്രി രണ്ടു മണി. ശിവ പസാദ് ഗാഢ നിദ്രയില്‍. പുറത്ത് മഴ തകര്‍ത്തു പെയ്യുന്നു. തലേ രാത്രിയിലെ സംഗീത പരിപാടി കഴിഞ്ഞ് പകലുറങ്ങാന്‍ പറ്റിയില്ല. അതു കൊണ്ടു കൂടിയാണ് ഇത്രയും ഗാഢമായി ഉറങ്ങാന്‍ കാരണം. ഭാര്യ ഒച്ചവച്ച് വിളിച്ചു. കേള്‍ക്കുന്നില്ലാ എന്ന് കണ്ടപ്പോള്‍ കുലുക്കി. ഒടുവില്‍ അലര്‍ച്ചയോടെ കുലുക്കി വിളിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു.  അല്‍പ്പ നേരമെടുത്തു സ്ഥലകാലബോധം വീണ്ടെടുക്കാന്‍ . കനത്ത മഴ എന്തെങ്കിലും അപകടം വരുത്തിയോ എന്നു സംശയിച്ചു. ഒച്ചയും ബഹളവും കേട്ട് വീട്ടിലുണ്ടായിരുന്ന ഇളയ മകനും ഓടിയെത്തി. ഐ. ടി. പ്രൊഫഷണലാണയാള്‍. എന്തു സംഭവിച്ചു എന്നാരാഞ്ഞപ്പോള്‍ ബാങ്ക് പാസ്  ബുക്കുമായി നില്‍ക്കുന്ന അമ്മ. കട്ടിലില്‍ പകച്ചിരിക്കുന്ന അച്ഛന്‍.
             

 

'എന്റെ ബാങ്ക് അക്കൗണ്ടില്‍ എണ്ണായിരം രൂപ കുറവു വന്നിരിക്കുന്നു. അതിയാള്‍ എടുത്തതാണ്. എന്റെ കാശിപ്പോള്‍ത്തന്നെ കിട്ടണം.' അതു കേട്ടപ്പോള്‍ ശിവപ്രസാദ് മകനെയൊന്നു നോക്കിയിട്ട് ഭാര്യയോട് പറഞ്ഞു, ' എടോ, തന്റെ അക്കൗണ്ടില്‍ നിന്ന് ഞാനെങ്ങനെ കാശെടുക്കാനാ. കണക്കില്‍ പറ്റിയ എന്തെങ്കിലും പിശകായിരിക്കും. എന്തു തന്നെയായാലും നേരം വെളുക്കട്ടെ. അല്ലാതെ രാത്രി രണ്ടു മണിക്ക് എന്തു ചെയ്യാനാ.. ' . മകന്‍ ആകെ അസ്വസ്ഥനായി. അയാള്‍ എന്തെങ്കിലും വീട്ടു സാധനങ്ങള്‍ തല്ലിപ്പൊട്ടിക്കുകയോ മറ്റോ ചെയ്യുമോ എന്ന ആശങ്ക ശിവപ്രസാദിനെ പിടികൂടി. അതിനാല്‍ പരമാവധി ശാന്തനായി സംസാരിക്കാന്‍ ശിവപ്രസാദ് തീരുമാനിച്ചു.
        

 

ശിവപ്രസാദിന്റെ ശാന്ത ഭാവമോ സാന്ത്വന വാക്കുകളോ ഒന്നും പ്രമീളയില്‍ തെല്ലും ചലനമുണ്ടാക്കിയില്ല. അവര്‍ക്ക് അപ്പോള്‍ തന്നെ എണ്ണായിരം രൂപയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണം. തന്റെ കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് കാശെടുത്തതാണെന്ന നിലപാടിലാണവര്‍.ശിവപ്രസാദ് ആണയിട്ടു പറയുന്നു താന്‍ കാശെടുത്തിട്ടില്ലെന്നും ഭാര്യയുടെ കാര്‍ഡിന്റെ പിന്‍ നമ്പര്‍ എത്രയാണെന്നറിയില്ലെന്നും. പക്ഷേ തന്റെ പിന്‍ നമ്പര്‍ രഹസ്യമായി ഭര്‍ത്താവ് മനസ്സിലാക്കിയിട്ടുണ്ടെന്നും അങ്ങനെ താനറിയാതെ കാശു വലിക്കുകയാണുണ്ടായതെന്നും അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
      

 

അമ്മയുടേത് അര്‍ധരാത്രി ഭ്രാന്താണെന്ന് മകന്‍ ആക്രോശിച്ചു. അതവരെ കൂടുതല്‍ ക്ഷുഭിതയാക്കി. മകന്‍ ഉടനെ ബംഗളുരുവിലുള്ള തന്റെ ജ്യേഷ്ഠനെ വിളിച്ചുണര്‍ത്തി. ഫോണിന്റെ സ്പീക്കര്‍ ഓണ്‍ ചെയ്തു. അയാള്‍ അനുജനേയും അച്ഛനേയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അതനുജനെ പ്രകോപിതനാക്കി. അയാള്‍ ജ്യേഷ്ടന്റെയടുത്ത് കയര്‍ത്തു. 'തനിക്ക് ദൂരെ നിന്ന് ഉപദേശം തന്നാ മതിയല്ലോ. ഇയ്യാള് ഇവിടുത്തെ അതേ ശമ്പളത്തിന് നാട്ടിലെ ജോലി വിട്ട് പെണ്ണും പുള്ളേം കൊണ്ട് ബാംഗ്ലൂര്‍ക്ക് പോയതെന്തിനാ. എന്നിട്ട് ഉപദേശം നല്‍കുന്നു. ഇവരെയെങ്ങനെ അടക്കി നിര്‍ത്താന്‍ പറ്റുമെന്ന് നോക്ക്. രാവിലെ എനിക്ക് ഡ്യൂട്ടിയുള്ളതാ. ഈശ്വരാ ഈ തള്ള രാത്രിയില്‍ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലല്ലോ ' എന്ന് പറഞ്ഞ് സ്വന്തം മുടി വലിച്ചു പറിക്കാന്‍ തുടങ്ങി.

 

reality novel, passbook

ഇതൊന്നും പ്രമീളയെ ബാധിച്ചില്ല. ശിവപ്രസാദ് കതക് തുറന്ന് പുറത്ത് സിറ്റൗട്ടിലേക്കിറങ്ങി. പിന്നെ അയാള്‍ ദേഹത്ത് തെറ്റും മാറ്റും അടി തുടങ്ങി. അത്രയ്ക്കാണ് കൊതുക്. രാവിലെ 5.30ന് നഗരത്തിലെ ഒരു വീട്ടില്‍ മ്യൂസിക് ക്ലാസ്സും ഉള്ളതാണ്. കുറേ നേരത്തെ കൊതുകുകടി കൊണ്ട ശേഷം ശിവപ്രസാദ് വീണ്ടും അകത്തേക്കു കടന്നു. മകന്‍ മുറിയില്‍ കയറി കതകടച്ചു. ശിവപ്രസാദ് കട്ടിലിന്റെ നേര്‍ക്കു നടന്നപ്പോള്‍ അടുത്ത മുറിയില്‍ നിന്ന് 'കള്ളന്‍' വിളി ഉയര്‍ന്നു. തന്റെ കാശു കിട്ടിയില്ലെങ്കില്‍ പിറ്റേ ദിവസം കാട്ടിത്തരാമെന്നും വിളിച്ചു പറയുന്നുണ്ട്.
                

 

രാവിലെ മകന്‍ അമ്മയുണ്ടാക്കി വച്ച പ്രഭാത ഭക്ഷണം കഴിക്കാതെ ബൈക്കില്‍ ഓഫീസിലേക്ക് പോയി. അഞ്ചു മണിക്ക് ശിവപ്രസാദും പുറത്തേക്കു പോയി. ഉച്ചവരെ പല സ്ഥലങ്ങളില്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. ഭാര്യ വീട്ടിലില്ല. അടുക്കളയില്‍ നോക്കിയപ്പോള്‍ ഉച്ചയക്കലേക്കുള്ളത് വച്ചിട്ടില്ല. അയാള്‍ പുറത്തേക്കു പോയി രണ്ട് ഊണ് പാഴ്‌സല്‍ വാങ്ങി വന്നു. കഴിച്ച് കൈ കഴുകിക്കൊണ്ടു നിന്നപ്പോള്‍ ഭാര്യ എത്തി. താന്‍ ബാങ്കില്‍ പോയിരിക്കുകയായിരന്നുവെന്ന് ശിവപ്രസാദിന്റെ ചോദ്യത്തിനുത്തരമായി പ്രമീള പറഞ്ഞു. ' എണ്ണായിരം രൂപ ഞാന്‍ തന്നെ എടുത്തതാണെന്നു കണ്ടെത്തിയോ?' ശിവപ്രസാദ് ചോദിച്ചു. 'ങാ... അത് പലിശ കണക്കു കൂട്ടിയപ്പോഴുണ്ടായതാണെന്നു അവര്‍ പറഞ്ഞു ' പ്രമീള ഉത്തരം നല്‍കി. അതിനുള്ള മറുപടി മൗനത്തിലലൊതുക്കി .എന്നിട്ടു പറഞ്ഞു," തനിക്കുള്ള ഊണ് ദേ ഇരിക്കുന്ന"

 

Tags: