അദ്ധ്യായം 15: ജാലറ

മീനാക്ഷി
Thu, 18-01-2018 03:12:04 PM ;

reality novel, passbook

രാത്രിയില്‍ രണ്ടു മണികഴിഞ്ഞാണ് കരമനയിലുളള ക്ഷേത്രവളപ്പില്‍ നിന്ന് ശിവപ്രസാദ് വീട്ടിലേക്കു തിരിച്ചത്. വളരെ നാളുകള്‍ക്ക് ശേഷമാണ് അയാള്‍ ഇത്രയധികം സന്തോഷത്തില്‍ ഒരു പരിപാടിയില്‍ ഹാര്‍മോണിയം വായിക്കുന്നത്. രാത്രി വീട്ടില്‍ ഇരിക്കേണ്ടല്ലോ എന്നു കരുതിയാണ് പരിപാടിക്ക് പോയത്. കാരണം ഭജനയ്ക്കു പോയാല്‍ കുറേ കഴിയുമ്പോള്‍ വിരസത തോന്നും. മാത്രമല്ല പാട്ട് പാടാന്‍ വരുന്നവര്‍ക്കാണെങ്കില്‍ പലപ്പോഴും ഒട്ടും ഉണര്‍വ്വു തോന്നാറില്ല. വല്ലാതെ ഭക്തി തലയില്‍ പിടിച്ചവരായിരിക്കും പാടാന്‍ വരുക. സംഗീതത്തിനു ഒരു പ്രാധാന്യവുമില്ലെന്ന വിധമാണ് പലപ്പോഴും ഭജനക്കാര്‍ പാടുക. വിശേഷിച്ചും സ്ത്രീകളാണെങ്കില്‍, അവര്‍ പ്രായമേറിയവരുമായിരിക്കും. എന്നാല്‍ അന്ന് രാത്രി രണ്ടു മണികഴിഞ്ഞിട്ടും വേദിക്കരികില്‍ നിന്ന് പോകണമെന്ന് ശിവപ്രസാദിന് തോന്നലുണ്ടായില്ല. കാരണം അത്രയ്ക്ക് ഗംഭീരമായിരുന്നു അന്നത്തെ ഭജന. ഇതുപോലൊരു ഭജനയില്‍ താനിതുവരെ ഹാര്‍മോണിയം വായിച്ചിട്ടുമില്ല. ലക്ഷ്മിയമ്മാളിന്റെ പാട്ടും മുക്കൂത്തിയുടെ തിളക്കവും ചിരിയും ഭാവവും ചടുലതയും എല്ലാത്തിനുമുപരി അവരില്‍ നിന്ന് പ്രവഹിച്ചുകൊണ്ടിരുന്ന സുഗന്ധവും തന്നോടൊപ്പം യാത്ര ചെയ്യുന്നതായി ശിവപ്രസാദിന് അനുഭവപ്പെട്ടു.അവരുടെ രൂപം, സ്വരം, ഭാവം, സംഗീതം,ഗന്ധം എല്ലാം ഒന്നായ അനുഭവം.
                

 

ഭജന തുടങ്ങുന്നതിനു മുന്‍പു തന്നെ ലക്ഷ്മിയമ്മാള്‍ ശിവപ്രസാദിന്റെയടുത്തുവന്ന് പാടുന്നതിനെക്കുറിച്ചൊക്കെ പറഞ്ഞു. അതും ഓരോന്നും എടുത്തെടുത്ത്. അവര്‍ ആദ്യമായാണോ ഭജന ചൊല്ലുന്നതെന്നു പോലും അയാള്‍ക്കു തോന്നി. കാരണം ഭജനയ്ക്ക് പ്രത്യേകിച്ചൊന്നുമില്ല. ഒരാള്‍ ആദ്യം പാടിക്കൊടുക്കുന്നത് മറ്റുള്ളവര്‍ ആവര്‍ത്തിച്ച് പാടും. അതുകൊണ്ട് ഭജനയ്ക്ക് ഹാര്‍മോണിയം വായിക്കാനായി ഒട്ടും മുന്നൊരുക്കമൊന്നും വേണ്ട. ഒരു ഘട്ടത്തില്‍ അവരോടതു പറയണമെന്ന് അയാള്‍ക്ക് തോന്നുകയും ചെയ്തു. എന്നാല്‍ അവരുടെ ഭംഗിയും സംസാരിക്കുമ്പോഴുള്ള ചിരിയും ആകര്‍ഷകത്വവും കുഞ്ഞരിപ്പല്ലിന്റെ നിരയുമൊക്കെക്കാരണം ഉള്ളില്‍ തോന്നിയ വികാരം ശിവപ്രസാദ് പ്രകടിപ്പിച്ചില്ല. കാല്‍ നൂറ്റാണ്ടിലേറെയായി സംഗീതലോകത്ത് നില്‍ക്കുന്ന വ്യക്തിയാണ് താനെന്ന് പറയണമെന്നുപോലും ശിവപ്രസാദിനു തോന്നിയതാണ്. ഒടുവില്‍ അവര്‍ പറഞ്ഞു ജാലറ വായിച്ചുകൊണ്ടായിരിക്കും താന്‍ ഭജന നയിക്കുന്നതെന്ന്. അതു കേട്ടപ്പോള്‍ ശിവപ്രസാദുറപ്പിച്ചു, ഇവര്‍ക്ക് അധികം ഭജനപാടി പരിചയമില്ലെന്ന്. ജാലറ സാധാരണ സംഘത്തിലുള്ള ആരെങ്കിലുമായിരിക്കും വായിക്കുക. ജാലറ വായിച്ചുകൊണ്ട് പാടിയാല്‍ പാട്ടില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല.
          

 

തലയില്‍ നിറയെ മുല്ലപ്പൂവും നെറ്റിയില്‍ ചന്ദനക്കുറിയും സീമന്തരേഖയില്‍ കട്ടിയില്‍ സിന്ദൂരവും അവരുടെ ചുവന്ന പട്ടും സ്വര്‍ണ്ണവളകള്‍ക്കിടയിലിട്ടിട്ടുള്ള ചുവന്ന കുപ്പിവളകളുമെല്ലാം സ്റ്റേജിലെ സ്‌പോട്ട്  ലൈറ്റിന്റെ അകമ്പടിയില്‍ പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചു. അവരുടെ ജാലറ വായിച്ചുകൊണ്ടുള്ള പാട്ടിലായിരുന്നു തുടക്കത്തില്‍ ശിവപ്രസാദിന്റെ ശ്രദ്ധ. എന്നാല്‍ അയാള്‍ അറിയാതെ തന്നെ അവരുടെ ഭജനയിലേക്ക് ആത്മാവ് പ്രവേശിക്കുന്നതു പോലെ ശിവപ്രസാദില്‍ നിന്നും ഹാര്‍മോണിയത്തിന്റെ സംഗീതം പ്രവേശിച്ചു. പിന്നീടുള്ള രണ്ടു മണിക്കൂര്‍ രണ്ടു നിമിഷം പോലെയാണ് അയാള്‍ക്കനുഭവപ്പെട്ടത്. ആത്മാവും ശരീരവും പോലെ രണ്ടു പേരും ഭജന തകര്‍ത്തു. ആദ്യമായാണ് താന്‍ അറിയാതെ ഉച്ചത്തില്‍ ഭേഷ് വിളിച്ചത്. അത് കേട്ടപ്പോള്‍ അവരുടെ സംഗീതത്തിലെ തായം വച്ച് കാണിച്ചത് ഇന്ദ്രജാലം പോലെയാണ് അയാള്‍ക്കു തോന്നിയത്. തൊട്ടടുത്തിരുന്നുകൊണ്ടുള്ള അവരുടെ ജാലറയടിച്ചു പാടലിനും തന്റെ ചടുലതയുള്ള വായനയ്ക്കും ഇടയില്‍ പരസ്പരം ശരീരം മുട്ടിയപ്പോള്‍ അതുപോലും പ്രചോദനമായിട്ടാണ് ശിവപ്രസാദിന് അനുഭവപ്പെട്ടത്. ഇടയ്ക്കിടയക്ക് ലക്ഷ്മിയമ്മാളിന്റെ തലയില്‍ നീളത്തില്‍ വച്ചിരുന്ന മുല്ലമാല ആയത്തില്‍ അയാളുടെ ദേഹത്ത് അടിക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാകാം നല്ല തണുപ്പത്ത് ബൈക്കില്‍ യാത്ര ചെയ്തപ്പോഴും ലക്ഷ്മിയമ്മാളിന്റെ സാന്നിദ്ധ്യം മണമായി അയാള്‍ക്കനുഭവപ്പെട്ടത്.
        

 

കിള്ളിപ്പാലത്തു നിന്ന് ചാല റോഡിലേക്കു തിരിയാന്‍ നേരത്ത് ഒരു തെരുവ് നായ ബൈക്കിന് കുറുക്കുചാടി .ഭാഗ്യത്തിന് ബൈക്കില്‍ തട്ടിയില്ല. ഷെല്‍ജയുടെ ബൈക്കുമായി കൂട്ടിയിടിയുണ്ടായതിനു ശേഷം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഒന്നും ആലോചിക്കരുതെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴുള്ള പ്രമീളയുടെ തെറിവിളിയും ശാപവാക്കുകളും ശിവപ്രസാദിനെ ബൈക്കുയാത്രയില്‍ ചിന്തിപ്പിച്ചുകൊണ്ടേയിരുന്നു. ചാല തെരുവ് കണ്ടപ്പോള്‍ ശിവപ്രസാദിന് കൗതുകം തോന്നി. പകല്‍ കാണുന്ന ചാലയും രാത്രിയിലെ ചാലയും തമ്മില്‍ എന്തൊരു വ്യത്യാസം. പരിചിതമാണ് അവിടുത്തെ പല കടകളും. എന്നാല്‍ രാത്രിയില്‍ അവ തിരിച്ചറിയണമെങ്കില്‍ ബോര്‍ഡ് വായിക്കണം. ഒരു പ്രത്യേക തരം മണം ശൂന്യമായ ചാല കമ്പോളത്തില്‍ തങ്ങിനില്‍പ്പുണ്ടായിരുന്നു. പലവ്യഞ്ജനങ്ങളും മിഠായിയും കൂടിക്കലരുമ്പോഴുള്ള സമ്മിശ്ര ഗന്ധം പോലെ. പതുക്കെയായിരുന്നു ശിവപ്രസാദിന്റെ യാത്ര. പെട്ടെന്ന് പിന്നില്‍ നിന്ന് ചെറിയൊരു ശബ്ദം കേട്ടു നോക്കുമ്പോള്‍ ജീന്‍സ് വലിച്ചു കയറ്റിക്കൊണ്ട് ടീഷര്‍ട്ട് ധരിച്ച യുവതി രണ്ടു കടകള്‍ക്കിടയിലുളള ചെറിയ ഇടനാഴിയില്‍ നിന്നിറങ്ങി വരുന്നു. സോഡിയം വേപ്പര്‍ലാമ്പിന്റെ വെളിച്ചത്തിലേക്കെത്തിയ യുവതിയെ ഇപ്പോള്‍ റിയര്‍വ്യൂ മിററില്‍ നന്നായി തെളിഞ്ഞു കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍, നടത്തത്തില്‍ മധ്യവയസ്‌കനെന്നു തോന്നിക്കുന്ന ഒരാള്‍ ആ ഇടനാഴിയില്‍ നിന്നിറങ്ങി എതിര്‍ ദിശയിലേക്ക് നടന്നു പോകുന്നു.
        

 

വര്‍ഷങ്ങളായി ഇവരെ റോഡില്‍ ശിവപ്രസാദ് കണ്ടിട്ട്. ചെറുപ്പത്തില്‍ പുത്തരിക്കണ്ടത്തും പരിസരത്തും ഈ ദൃശ്യങ്ങള്‍ പരിചിതമായിരുന്നു. അന്ന് കണ്ടിരുന്ന എല്ലാവരുടെയും വേഷം സാരിയായിരുന്നു . അയാള്‍ ആലോചിച്ചു. റിയര്‍വ്യൂ മിററിലൂടെ കണ്ട രീതിയിലുള്ളവരെയൊന്നും അന്നൊന്നും കണ്ടിട്ടില്ല. അയാള്‍ ഒന്നു തിരിഞ്ഞു നോക്കി. പെട്ടന്നാണ് മനസ്സിലായത് ആ തിരിഞ്ഞു നോട്ടം യുവതിക്കുളള സന്ദേശമായി കണ്ടുകാണുമോ എന്ന്. തല തിരിച്ച് പെട്ടെന്ന് വിട്ടുപോയി. തല തിരിച്ചപ്പോള്‍ തന്റെ ദേഹത്ത് നിന്നും മുല്ലപ്പൂവിന്റെ നേരിയ ഗന്ധം. പെട്ടെന്ന് വീണ്ടും ജാലറയുമായി പാടിത്തകര്‍ക്കുന്ന ലക്ഷ്മിയമ്മാളിന്റെ ചിത്രം. ശിവപ്രസാദിന് വല്ലാത്തൊരു ഊര്‍ജ്ജം ശരീരമാകെ അനുഭവപ്പെട്ടു. പ്രമീളയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. അസാധ്യമായത് സംഭവിക്കുമോ എന്ന് ഒരുവേള അയാള്‍ സംശയിച്ചു. എത്രയോ വര്‍ഷമായി താന്‍ അവരുമായി ശയിച്ചിട്ട്. വീട്ടില്‍ ചെല്ലുമ്പോള്‍ കതക് തുറന്നു തരുന്ന പ്രമീളയുടെ ചിത്രം അയാള്‍ മനസ്സില്‍ കണ്ടു. സ്‌നേഹപൂര്‍വ്വം താന്‍ അവരുടെ നേര്‍ക്ക് ചിരിക്കുന്നതു സങ്കല്‍പ്പിച്ചു. വീട്ടില്‍ മകനുണ്ടെന്നതു പോലുമോര്‍ക്കാതെ ഉച്ചത്തില്‍ ആട്ടുന്ന പ്രമീളയെയാണ് പിന്നെ മനസ്സില്‍ കണ്ടത്. അയാള്‍ ഗാന്ധിപാര്‍ക്കിലെത്തി മണക്കാട്ടേക്കു പോകുന്നതിനു പകരം കിഴക്കേകോട്ടയിലേക്കു വിട്ടു. വിജനമായ റോഡിലൂടെ പരമാവധി സ്പീഡില്‍ അയാള്‍ കിഴക്കേ കോട്ടയില്‍ നിന്ന് നേരേ സ്റ്റാച്ച്യൂ ഭാഗത്തേക്ക് അതിവേഗം ഓടിച്ചുപോയി.
             

 

ആയുര്‍വേദ കോളേജിന്റെ ഭാഗത്തെത്തിയപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നിലെ ട്രാഫിക് ഐലന്റ് ചുറ്റി തിരിച്ചു പോരാന്‍ തീരുമാനിച്ചു. സ്റ്റാച്ച്യുവില്‍ ട്രാഫിക് ഐലന്റ് ചുറ്റുമ്പോള്‍ തെക്കേ ഗേറ്റിന്റെ മുന്നില്‍ ഒരാള്‍ക്കൂട്ടം. ശിവപ്രസാദ് ബൈക്ക് റോഡരികില്‍ വച്ചിട്ട് ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു. അവര്‍ക്ക് നടുവില്‍ നരച്ച മുടിയും താടിയും ഉള്ള ഒരു മനുഷ്യക്കോലം. ഇടയ്ക്ക് ആരോ 'എടേ ശ്രീകുമാറേ... ശ്രീ' എന്നു വിളിക്കുന്നുണ്ട്. ചിലര്‍ക്കു സംശയം ആള്‍ മരിച്ചുകഴിഞ്ഞുവോന്ന്. യാചകരൊന്നും ഇത്ര ദയനീയമായ അവസ്ഥയിലാകില്ല. എങ്കിലും വളരെ പരിചയത്തോടും സ്‌നേഹത്തോടും കൂടി ഇടയില്‍ നിന്നാരാണ് ആ കിടക്കുന്ന രൂപത്തെ പേരുവിളിക്കുന്നതെന്ന് ശിവന്‍ നോക്കി. അവര്‍ മൂന്നു നാലു തവണ വിളിച്ചിട്ട് പിന്‍മാറി. പേരുവിളിച്ചയാളോട് കിടക്കുന്നതാരാണെന്ന് ഒരാള്‍ ചോദിച്ചു. ചോദ്യം കേട്ടയാള്‍, നിലത്ത് കിടക്കുന്ന മനുഷ്യന്റെ കഥ പറയാന്‍ തുടങ്ങി. ശിവന്‍ കൗതുകത്തോടെ കേട്ടു നിന്നു.
        

 

കേരളത്തിലെ ആദ്യകാല പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടറുടെ ഇളയ മകനാണ്. പഠിച്ചതൊക്കെ ഊട്ടിയിലാണ്. അയാളുടെ ജ്യേഷ്ഠന്മാരിലൊരാള്‍ ഒറീസ്സാ കേഡറില്‍ ഐ.എ.എസ്സുദ്യോഗസ്ഥന്‍, ഒരു ജ്യേഷ്ഠന്‍ അച്ഛന്റെ കോണ്‍ട്രാക്ട് ബിസിനസ്സ് ഗംഭീരമായി നടത്തിക്കൊണ്ട് പോകുന്നു. സഹോദരി ഡോക്ടര്‍. ഇയാള്‍ മാത്രമാണ് ഇങ്ങനെയായിപ്പോയത്. പഠിക്കാനൊക്കെ ബഹുമിടുക്കനായിരുന്നു. എഞ്ചിനീയറിംഗ് പഠനം പാതി വഴിക്ക് നിര്‍ത്തി. ആദ്യമൊക്കെ സ്റ്റാച്ച്യുവിലെ മാവിന്‍ ചുവട്ടിലെ കൂട്ടായ്മയിലെ അംഗമായിരുന്നു. അന്നും ഡ്രഗ്‌സ് ഉപയോഗിക്കുമായിരുന്നു. ആദ്യമൊക്കെ കൂട്ടുകാരുടെയൊപ്പം കൂടുമായിരുന്നു, വലിയ മിണ്ടാട്ടമൊന്നുമുണ്ടായിരുന്നില്ലെങ്കിലും. പിന്നീട് കാശില്ലാതെ വന്നപ്പോള്‍ കൂട്ടുകാരില്‍ നിന്ന് കടം വാങ്ങാന്‍ തുടങ്ങി. കടം കൊടുത്തത് തിരിച്ച് കിട്ടാതായപ്പോള്‍ പിന്നെ ആരും കൊടുക്കാതായി. ' അപ്പോഴേക്കും ഞങ്ങളുടെ കൂടെ നില്‍ക്കുന്നത് അവന്‍ തന്നെ ഒഴിവാക്കി. പിന്നെ വല്ലപ്പോഴും വരും. പക്ഷേ ഞങ്ങളുടെ കൂടെയിരിക്കില്ല. ചിലപ്പോഴൊക്കെ മാവിന്‍ ചുവട്ടിന് മുന്നിലൂടെ രാത്രിയിലിങ്ങനെ നടക്കും. കുറേ കഴിഞ്ഞ് ഞങ്ങളുടെയടുത്തും കൈ നീട്ടിത്തുടങ്ങി. ആദ്യമൊക്കെ കൊടുത്തു. എന്നാലും മരുന്നടിക്കാനാണെന്നറിയാവുന്നതുകൊണ്ട് പലരും കൊടുക്കാനും മടിച്ചു. ഒടുവില്‍ രാത്രിയിലിവിടെ വന്ന് മറ്റുള്ളവരുടെയുടുത്തും കൈനീട്ടിത്തുടങ്ങി. ഫാസ്റ്റ്ഫുഡ് വാന്‍കാരന്‍ ചിലപ്പോള്‍ അര്‍ധരാത്രിയിലെന്തെങ്കിലും കൊടുക്കുമായിരുന്നു. അതായിരുന്നു ഭക്ഷണം.

 

കുളിയും ജപവുമൊന്നുമില്ലാത്തത് കാരണം അടുപ്പിക്കാനും പറ്റില്ല. അങ്ങനെ അവനെ വീട്ടീന്ന് തള്ളിപ്പുറത്താക്കി. കുറച്ചു നാള്‍കഴിഞ്ഞ് അവനെ കാണാതായി. ഞങ്ങളെല്ലാം കരുതിയത് അവന്‍ ചത്തുപോയിക്കാണുമെന്നായിരുന്നു. ഇപ്പോ അടുത്ത കാലത്ത് എവിടുന്നോ പൊങ്ങി. ഞങ്ങളിപ്പൊ ഇവിടെ രാത്രി വരാറില്ല. കുറച്ചു നാള്‍മുന്‍പ് ഒരു ദിവസം രാത്രി ഇവിടിരിക്കുന്നത് കണ്ടു. താടിയും മുടിയുമൊക്കെ നരച്ചതുകാരണം മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. പക്ഷേ അവന്റെ കണ്ണ് കണ്ടാ തിരിച്ചറിയാതിരിക്കാന്‍ പറ്റില്ല.എന്തൊരു നിലേ ജീവിക്കേണ്ടവനായിരുന്നു. ഇന്നിപ്പോ ഞങ്ങളൊരു ഗറ്റ് റ്റുഗതറിന് പോയിവരുന്ന വഴിയാ. ഇവിടെ കിടക്കുന്ന കണ്ടപ്പഴേ ഞങ്ങള്‍ക്കു തോന്നി അത് ഇവനായിരിക്കുമെന്ന്. ഇത്രയും കാലം എങ്ങനെ അവന്‍ ജീവിച്ചിരുന്നു എന്നുള്ളത് വിശ്വസിക്കാന്‍ പറ്റുന്നില്ല. അമ്മാതിരിയായിരുന്നു ഇവന്റെ മരുന്നടി. പിന്നെ ഭക്ഷണവും കിടപ്പാടവുമൊന്നുമില്ലല്ലോ. ' അത്രയും പറഞ്ഞപ്പോള്‍ സംസാരിച്ചുകൊണ്ടു നിന്നയാളുടെ ഫോണടിച്ചു. ' ആ എടേ നമ്മുടെ പഴയ മരുന്നു ശ്രീയില്ലേടെ, അവനിവിടെ സ്റ്റാറ്റിയൂവില് മാവിന്‍ ചുവട്ടില്‍ ചുരുണ്ടു കിടപ്പുണ്ട്. തട്ടിപ്പോയോ എന്നൊരു സംശയം. വിളിച്ചു നോക്കിയിട്ട് അനക്കമൊന്നുമില്ല'
      

 

ശിവപ്രസാദ് ഒരിക്കല്‍കൂടി തറയില്‍ കിടക്കുന്ന കോലത്തെ നോക്കിയിട്ട് ബൈക്കെടുത്ത് യാത്രയായി. വീട്ടിലെത്തി ബെല്ലടിച്ചു. മകന്‍ രാത്രിയില്‍ വീട്ടിലുണ്ടായാല്‍ പ്രമീള കതകു തുറക്കാറില്ല. അന്ന് എന്തുകൊണ്ടോ പ്രമീള കതക് തുറന്നു. നേരത്തെ ചാലക്കമ്പോളത്തില്‍ നിന്നു പുറത്തു വന്നപ്പോള്‍ ബൈക്കിലിരുന്നു ഭാവനയില്‍ കണ്ട ആ രംഗം യാഥാര്‍ത്ഥ്യത്തിലാകുമോ എന്നൊന്ന് സംശയിച്ചു. അഴിഞ്ഞ സാരിയും വാരിപ്പിടിച്ചു വന്ന പ്രമീളയുടെ രൂപം ഒരു പെയിന്റിംഗ് പോലെ ശിവപ്രസാദിനു തോന്നി. ഒരു സ്വപ്‌നാടകയെപ്പോലെ ഉറക്കം കൈവിടാതെ പ്രമീള തന്റെ മുറിയിലേക്കു കയറിപ്പോയി. മുന്‍വശത്തെ കതകടച്ച ശേഷം ശിവപ്രസാദ് ഒന്നാലോചിച്ചു. പ്രമീളയുടെ മുറിയിലേക്കു ചെന്നാലോ എന്ന്. വര്‍ഷങ്ങളോളം ഉണരാതെ കിടന്നിരുന്ന മോഹം അയാളുടെ വിചാരത്തെ കീഴ്‌പ്പെടുത്തി. ശിവപ്രസാദിന് എന്തു ചെയ്യണമെന്നറിയില്ല. അയാള്‍ വേഷം മാറാന്‍ പോലും കൂട്ടാക്കിയില്ല. പ്രമീളയുടെ മുറിയിലേക്കു കയറി.
         

 

reality novel, passbook

പ്രമീളയുടെ മുറിയില്‍ കയറിയിട്ട് വര്‍ഷങ്ങളായി. ശിവപ്രസാദ് ഒരുനിമിഷം നോക്കി നിന്നു. പ്രമീള ഉറക്കത്തിലേക്ക് വീണു. കട്ടിലില്‍ പ്രമീളയുടെ രൂപം പുറത്തുനിന്ന് വെന്റിലേറ്ററിലൂടെ പ്രവേശിച്ച വെളിച്ചത്തില്‍ കൂടുതല്‍ വശ്യമായി തോന്നി. അരണ്ട വെളിച്ചത്തില്‍ ശിവപ്രസാദ് മുറിയില്‍ ഒന്നു കണ്ണോടിച്ചു. ഒരു വിസ്മയ ലോകം പോലെ അയാള്‍ക്കു തോന്നി. തന്റെ വീടിന്റെ ഭാഗം തന്നെയാണോ പ്രമീളയുടെ മുറിയെന്ന് അയാള്‍ അതിശയിച്ചു പോയി. അതിമനോഹരമായി ഭിത്തികളും മേശപ്പുറവും അലങ്കരിച്ച മുറി. എല്ലാം നന്നായി അടുക്കി വച്ചിരിക്കുന്നത് ഒരു സ്മഡ്ജ്ഡ് പെയിന്റിംഗ് പോലെ ശിവപ്രസാദിനു തോന്നി. കൂട്ടത്തില്‍ ഭംഗിയാര്‍ന്ന നിഴല്‍പോലെ പ്രമീളയും. തന്റെ ഹൃദയമിടിപ്പ് ശിവപ്രസാദിനു കേള്‍ക്കാന്‍ കഴിഞ്ഞു. ഭജനയ്ക്കിടയിലെ ലക്ഷ്മിയമ്മാളിന്റെ ജാലറവായനപോലെ ഹൃദയമിടിപ്പ് ശിവപ്രസാദിന്റെ കാതുകളില്‍ മുഴങ്ങി. പ്രണയപൂര്‍വ്വവും പ്രേമപൂര്‍വ്വവും കാമപൂര്‍വ്വവുമായി അയാള്‍ പ്രമീളയെ നോക്കി നിന്നു. അയാള്‍ പ്രമീളയുടെ കൈത്തണ്ടയില്‍ മെല്ലെ പിടിച്ചു. ആ നിമിഷം അവള്‍ കണ്ണു തുറന്നു. താന്‍ ഭാവനയില്‍ കണ്ട ചിരി പ്രമീളയ്ക്ക് സമ്മാനിച്ചു. ഭാവ വത്യാസമില്ലാതെ പ്രമീള എഴുന്നേറ്റു. അതു ശിവപ്രസാദില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കി. ഇരുന്നതിനു ശേഷം അവള്‍ പിന്നിലേക്ക് ചാഞ്ഞ് കട്ടിലിന്റെ ഭിത്തിയോടു ചെര്‍ന്ന സ്ഥലത്തെ മെത്തയ്ക്കടിയില്‍ എന്തോ തിരഞ്ഞു. ആ അരണ്ട വെളിച്ചത്തില്‍, രാത്രിയില്‍ കായലില്‍  വെളുത്ത മത്സ്യങ്ങളെ കാണുന്നതു പോലെ പ്രമീളയുടെ കൈയ്യില്‍ ഒരു തിളക്കം. പല്ലമര്‍ത്തിക്കൊണ്ട് അവള്‍ പറഞ്ഞു, അരിഞ്ഞുകളയും. ശിവപ്രസാദ് പെട്ടെന്ന് ജീവനുംകൊണ്ട് പുറത്ത് ചാടി.
          

 

മരംകോച്ചുന്ന തണുപ്പുണ്ട്. എന്നാലും അയാള്‍ കുളിമുറിയില്‍ കയറി തണുത്ത വെള്ളത്തില്‍ കുളിച്ചു. കുളി കഴിഞ്ഞിറങ്ങി വന്നപ്പോള്‍ ദൂരെ ഏതോ ക്ഷേത്രത്തില്‍ നിന്നുള്ള  എം.എസ് സുബ്ബലക്ഷ്മിയുടെ വെങ്കിടേശസുപ്രഭാതം. ആ ഉണര്‍ത്തുപാട്ട് കേട്ടുകൊണ്ട് ശിവന്‍ പതുക്കെ ഉറങ്ങാന്‍ കിടന്നു. എപ്പോള്‍ വെങ്കിടേശസുപ്രഭാതം കേട്ടാലും എം.എസ്.സുബ്ബലക്ഷ്മിയുടെ മുഖം ശിവപ്രസാദിന്റെ മനസ്സില്‍ തെളിയുമായിരുന്നു. എന്നാല്‍ അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ ലക്ഷ്മിയമ്മാളിന്റെ ജാലറയുടെ ശബ്ദവും അവരുടെ വലതുമൂക്കിലെ മുക്കൂത്തിയും മണവും ശബ്ദവും എല്ലാം വീണ്ടും ഉള്ളിലാവര്‍ത്തിക്കപ്പെട്ടു. പ്രഭാതത്തിന് മുല്ലപ്പൂവിന്റെ ഗന്ധമുണ്ടോ എന്നുപോലും അയാള്‍ സംശയിച്ചു പോയി. വെങ്കിടേശസുപ്രഭാതത്തില്‍ ജാലറയില്ല. എന്നാല്‍ ദൂരെ നിന്നു കേട്ട വെങ്കിടേശസുപ്രഭാതത്തില്‍ ശിവപ്രസാദ് ജാലറ ശ്രുതിചേര്‍ത്തു നോക്കി. രസം.ജാലറയുടെ ശബ്ദം വെങ്കിടേശ സുപ്രഭാതത്തിന്റെ ഭാവം മാറ്റിയതായി ശിവപ്രസാദറിഞ്ഞു. ജാലറ ചേര്‍ന്ന വെങ്കിടേശസുപ്രഭാതത്തിന്റെ വരികള്‍ ജാലറയില്‍ മുങ്ങി. അത് പെട്ടെന്ന് ഉണര്‍ത്തുപാട്ടില്‍ നിന്നു ഉറക്കുപാട്ടായി മാറി.
         

 

ശിവപ്രസാദ് മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴാന്‍ തുടങ്ങി. അപ്പോള്‍ ജാലറയുടെ ശബ്ദവും അതിന്റെ ഭംഗിയും ഒരേ അനുപാതത്തില്‍ ശിവപ്രസാദ് കേള്‍ക്കാനും കാണാനും തുടങ്ങി. ജാലറയുടെ വലിയ രൂപമാണ് ചേങ്ങല. ആ ഇലത്താളം എന്തുമാത്രം ആസുരികമാവുമ്പോള്‍ അതേ ആകൃതിയില്‍ ചെറുതായ ജാലറ സുരസംഗീതമാകുന്നു എന്ന ചിന്തയോ കാഴ്ചയോ എന്തായാലും അതില്‍ ശിവപ്രസാദിന്റെ മുഖത്ത് ഒരു മന്ദഹാസം പരത്തി. മെല്ലെ ഉറക്കത്തിലേക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെയും മക്കളുടെയും തൃത്തായമ്പകയുടെ കലാശം കഴിഞ്ഞ് അന്തരീക്ഷത്തില്‍ കോലുയര്‍ത്തി നിശബ്ദത സൃഷ്ടിച്ച രംഗം സ്വപ്‌നത്തില്‍ കണ്ടുകൊണ്ടാണ് ഉറക്കത്തിന്റെ ആഴത്തിലേക്ക് ശിവപ്രസാദ് വീഴാന്‍ തുടങ്ങിയത്. ചെണ്ടക്കോലുകള്‍ മുകളില്‍ നിശ്ചലമായി നില്‍ക്കുമ്പോള്‍ ചേങ്ങിലക്കാരന്‍ ഉടലിളക്കി ആഞ്ഞൊരടി. ആ  ഇലത്താളശബ്ദത്തില്‍ ശിവപ്രസാദ് ഞെട്ടിയുണര്‍ന്നു. അയാള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു.
         

 

ശബ്ദം കേട്ടത് അടുക്കളയുടെ ഭാഗത്തുനിന്നാണ്. ശിവപ്രസാദ് അവിടേക്കു ചെന്നു. അടുക്കളയില്‍ ലൈറ്റ് കാണുന്നുണ്ട്. എങ്കിലും ചെന്നു നോക്കിയപ്പോള്‍ ഒരു സ്റ്റീല്‍ പാത്രം കമഴ്ത്തി വച്ച് അതിന്റെ മേല്‍ നേരത്തെ കണ്ട കത്തികൊണ്ട് വെട്ടിയതിനു ശേഷം, ആ പാത്രത്തിലേക്ക് കത്തിയും ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രമീള. 'നീയാണീ, കിടക്കുന്ന പാത്രം. വെട്ടി നുറുക്കും ഞാന്‍ . മണ്ടയക്കാട്ടമ്മയാണെ സത്യം. '  അവിടെ നിന്നാല്‍ രംഗം കൂടുതല്‍ വഷളാകുമെന്നുകണ്ട് ശിവപ്രസാദ് അവിടെ നിന്ന് പിന്മാറി തന്റെ മുറിയില്‍ വന്ന് കട്ടിലിലിരുന്നു. അന്നു രാവിലെ പാട്ടുക്ലാസ്സുള്ളതാണ്. എങ്ങനെയെങ്കിലും നേരം വെളുത്താല്‍ മതിയെന്ന ചിന്തയില്‍ ശിവപ്രസാദ് കട്ടിലിലിരുന്നു. പ്രത്യേകിച്ച് ചിന്തകളോ വിഷമമോ ഒന്നും മനസ്സില്‍ വന്നില്ല. നേരം വെളുത്താല്‍ ക്ലാസ്സിനുപോകാമല്ലോ എന്ന ചിന്ത അത്യാവശ്യം ഊര്‍ജ്ജം പകര്‍ന്നു.ജാലറയുടെ പതിഞ്ഞ ശ്ബദം അപ്പോഴും പശ്ചാത്തലത്തില്‍ കേട്ടുകൊണ്ടിരുന്നു. കട്ടിലിന്റെ പടിയില്‍ ഇരുകൈകളും ഊന്നി താഴേക്കു നോക്കി അയാള്‍ ഇരുന്നു.
        

 

സമീപത്തുള്ള പല ക്ഷേത്രങ്ങളില്‍ നിന്നും പാട്ടുകള്‍ കേട്ട് തുടങ്ങി. അതിലുമൊക്കെ ജാലറ ചേര്‍ത്തു കേള്‍ക്കാന്‍ ശിവപ്രസാദ് ശ്രമിച്ചു നോക്കി. പറ്റുന്നില്ല. പെട്ടന്നൊരുനിമിഷം അയാള്‍ അന്ധാളിച്ചു. അയാള്‍ സ്വപ്‌നം കാണുകയാണോ എന്ന് സംശയിച്ചു. പെട്ടെന്ന് എഴുന്നേറ്റു നിന്നു. സ്വപ്‌നമല്ല. യാഥാര്‍ത്ഥ്യമാണ്. ഒരു ബക്കറ്റ് വെള്ളം പ്രമീള ശിവപ്രസാദിന്റെ തലയ്ക്കു നേരെ വീശിയൊഴിച്ചു. അയാളുടെ കിടക്കയും മേശപ്പുറവും എല്ലാം നനഞ്ഞുകുതിര്‍ന്നു. ഏതോ ആചാരം നിര്‍വ്വഹിക്കുന്നതുപോലെ ആ കൃത്യം നിര്‍വ്വഹിച്ച് പ്രമീള മടങ്ങി. അയാള്‍ മുറിയിലെ ലൈറ്റിട്ടു. കിടക്ക മുഴുവന്‍ നനഞ്ഞു കുതിര്‍ന്നിട്ടുണ്ട്. മേശപ്പുറത്തു വച്ചിരുന്ന ചില പൊതികളും നനഞ്ഞു. പണ്ടെങ്ങോ കൊണ്ടുവെച്ച പൊതികളാണ്.പലതും തുറന്നു നോക്കിയിട്ടുതന്നെയില്ല.  എന്താണെന്ന് ഓര്‍ക്കുന്നതു പോലുമില്ല. അയാള്‍ അതിലൊരു പൊതിയെടുത്തു, അഴിച്ചു നോക്കി. ഒരു കുഞ്ഞു ആഭരണപ്പെട്ടിപോലുള്ള ഒന്നാണ്. അയാള്‍ അത് തുറന്നു, ഉള്ളില്‍ തിളങ്ങുന്ന ഒരു ജോഡി ജാലറ.  ഏതോ ഭജനയ്ക്കുപോയപ്പോള്‍ ആരോ സമ്മാനമായി കൊടുത്തതാണ്. ഭജനക്കാര്‍ കൊടുത്തതുകൊണ്ടുകൂടിയാകും അത് തുറന്നു നോക്കാതിരുന്നത്.   ശിവപ്രസാദ് തല തോര്‍ത്താന്‍ കൂടി നിന്നില്ല. ജാലറ പുറത്തെടുത്ത് അതിനെ നോക്കി അയാള്‍ ചിരിച്ചു. മുന്‍വശത്തെ മുറിയിലെത്തി ലൈറ്റിട്ട് ഈറനോടെ തറയിലിരുന്നു. എന്നിട്ട് ജാലറകൊട്ടിക്കൊണ്ട് ഉഗ്രന്‍ ഭജന ചൊല്ലി. ആ തണുത്ത പ്രഭാതത്തില്‍ ഭജനയെ കവച്ച് ജാലറയുടെ സുരസംഗീതം വീടിനുള്ളില്‍ നിന്നു പുറത്തേക്കും  പരിസരത്തേക്കും വ്യാപിച്ചു.(തുടരും)

 

Tags: