വഴിയുടെ കൂട്ടത്തില്‍ ഒരു ബെസ്റ്റ് ഓഫ് ലക്കും

Glint Staff
Fri, 18-05-2018 05:32:36 PM ;

best-of-luck

2018 മെയ് ആറ് ഞായറാഴ്ച. നീറ്റ് പരീക്ഷാ ദിവസം. ഇന്‍ഫോ പാര്‍ക്ക് ഗേറ്റ് വരെയുള്ള പതിവ് പ്രഭാത സവാരി കഴിഞ്ഞ് മടങ്ങുമ്പോള്‍ എതിരെ വന്ന കാര്‍ അടുത്തു നിര്‍ത്തി. ഭാവത്തില്‍ നിന്നു തന്നെ മനസ്സിലായി മകളെയോ മകനെയോ നീറ്റ് പരീക്ഷയെഴുതിക്കാനായി വരുന്ന കാറായിരിക്കുമെന്ന്. ഉദ്ദേശ്യം തെറ്റിയില്ല. മാര്‍ത്തോമാ സ്‌കൂളാണ് അവരുടെ  മകളുടെ പരീക്ഷാ കേന്ദ്രം. ഇന്‍ഫോ പാര്‍ക്ക് എക്‌സ്പ്രസ്സ് ഹൈവേയ്ക്കടുത്ത് മാര്‍ത്തോമാ സ്‌കൂള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ചിന്തയില്‍ പരതുന്ന മുഖഭാവം കണ്ടപ്പോള്‍, മുന്‍സീറ്റില്‍ സ്ഥലം കണ്ടെത്താത്തതിന്റെ അല്‍പ്പം അസ്വസ്ഥതയുമായിരിക്കുന്ന പെണ്‍കുട്ടി എടുത്തു പറഞ്ഞു, ഇന്‍ഫോ പാര്‍ക്കിനടുത്താണ് സ്‌കൂളെന്ന്. അപ്പോള്‍ കത്തി, ഇന്‍ഫോ പാര്‍ക്കിന്റെ പഴയ കവാടത്തിനടുത്താണ്. അതുറപ്പിക്കാന്‍ ഉള്ളില്‍ ഗൂഗിള്‍ ചെയ്യുന്നതിനിടയില്‍ പിന്‍സീറ്റിലിരുന്ന കുട്ടിയുടെ അമ്മ ഹാള്‍ടിക്കറ്റ് കാണിച്ചു. സംഗതി ശരിയാണ്. എടച്ചിറയിലാണ്. എടച്ചിറയായിരുന്നു ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ സമയത്തെ പ്രവേശനവഴി. ഇപ്പോഴും കൂടുതല്‍ ട്രാഫിക് ആ വഴി തന്നെയാണ്. സംശയ ലേശമന്യേ ഇടച്ചിറയിലേക്ക് പോകേണ്ട വഴി പറഞ്ഞുകൊടുത്തു. അവരുടെ ലക്ഷ്യസ്ഥാനം കാട്ടിക്കൊടുക്കാനയതിന്റെ ഉന്മേഷത്തില്‍ ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ആ കുട്ടിക്ക് മനസ്സറിഞ്ഞൊരു ബെസ്റ്റ് ഓഫ് ലക്ക് നേര്‍ന്നു. വഴി മനസ്സിലായതിന്റെയും ആ ബെസ്റ്റ് ഓഫ് ലക്ക് കേട്ടതിന്റെയും പശ്ചാത്തലത്തില്‍, രാവിലെ കുളിച്ച് കുറിയും തൊട്ടിരുന്ന ആ പതിനേഴുകാരിയുടെ മുഖം നന്ദിസൂചകമായി വിടര്‍ന്നു. പിന്നില്‍ ഉദിച്ചു പൊങ്ങിക്കൊണ്ടിരുന്ന സൂര്യനെ ആ മുഖത്ത് കാണാന്‍ കഴിഞ്ഞു. രക്ഷിതാക്കളുടെ മുഖം വിടര്‍ന്നതും പാര്‍ശ്വദൃഷ്ടിയില്‍ പ്രകടമായി. ആ കുട്ടിക്കാണ് ശുഭാശംസ നല്‍കിയതെങ്കിലും അതിന്റെ സുഖം ആ കുട്ടിയേക്കാള്‍ ലഭ്യമായത് അതു കൊടുത്തയാള്‍ക്കാണ്.
                

ഒരു പ്രഭാതം കുങ്കുമശോഭിതമാക്കിയതില്‍ ആ കുട്ടിക്കും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടന്നു. ശരിക്കും കൊടുക്കുന്നതാണ് വാങ്ങുന്നതിനേക്കാള്‍ സുഖം. അത് ഒരിക്കല്‍ കൂടി ബോധ്യമായി. പക്ഷേ കൊടുക്കല്‍ പൂര്‍ണ്ണ മനസ്സോടെയായിരിക്കണം. വേണമെങ്കില്‍ യാന്ത്രികമായും  ശുഭാശംസകള്‍ നല്‍കാവുന്നതേ ഉള്ളൂ. ഏത് ആശംസയും ഉള്ളില്‍ നിന്നുള്ള സമ്പൂര്‍ണ്ണതയോടെ നല്‍കുമ്പോള്‍ മാത്രമേ അത് ലഭിക്കുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഗുണമുണ്ടാവുകയുള്ളൂ. അറിഞ്ഞു കൊടുക്കുന്ന പക്ഷം അതേ പടി സ്വീകരിക്കപ്പെടുകയും ചെയ്യും. അല്ലാത്ത പക്ഷം ചിലപ്പോള്‍ യാന്ത്രികമായി ഒരു താങ്ക്യൂ കിട്ടും. പക്ഷേ അത് അങ്ങോട്ടുകൊടുത്തതുപോലെ ഉള്ളിലേക്കു പ്രവേശിക്കാതെ ചെവിയിലൂടെ പറന്നു പോവുകയേ ഉള്ളൂ. വാക്കിന്റെ മൂല്യം ഒരിക്കല്‍ കൂടി ഓര്‍ത്തുകൊണ്ട് പ്രഭാത സവാരി തുടര്‍ന്നു. ശരീരം മുഴുവന്‍ ഊര്‍ജ്ജവുമായി. ആ കുട്ടിയുടെ മുഖത്തു നിന്നും പ്രസരിച്ച ഊര്‍ജ്ജം മുഖത്തു നിന്നു പിന്‍വാങ്ങിയിരുന്നില്ല. നമ്മുടെ ഉള്ളിലുള്ളത് ആ കുട്ടിയുടെ മുഖത്ത് പ്രതിഫലിക്കുക മാത്രമാണുണ്ടായത്. ഏതൊരു വ്യക്തിയുടെ പ്രതികരണവും നമ്മുടെ ഉള്ളിലുളളതിന്റെ പരിഭാഷയാണെന്ന് ആവര്‍ത്തിച്ചുറപ്പിച്ചു. ചിലപ്പോള്‍ ചിലരുടെ തണുത്ത പ്രതികരണത്തില്‍ പരിഭവം കൊളളുമ്പോള്‍ ഓര്‍ക്കാം, നമ്മളിലെ തണുത്ത വൈകാരികതയുടെ പ്രതിഫലനം തന്നെയാണ് നാം കണ്ടുമുട്ടുന്ന വ്യക്തിയുടെ മുഖത്ത് പ്രകടമായതെന്ന്. അതു പൊതു സ്ഥലത്താണെങ്കിലും സര്‍ക്കാര്‍ ഓഫീസിലാണെങ്കിലും. എന്തിന് വീട്ടിലാണെങ്കില്‍ പോലും. ആണെങ്കില്‍ പോലുമല്ല, ആണ്. നമ്മുടെ മാനസികാവസ്ഥയും ചിന്ത സൃഷ്ടിക്കുന്ന വൈകാരികതയുമെല്ലാം വീട്ടിലുളളവരുടെ മുഖത്തും പ്രതികരണത്തിലും ഉടന്‍ പ്രതിഫലിക്കും.
         

ഉന്മേഷത്തോടെ നടന്നു നീങ്ങുമ്പോള്‍ അടുത്ത കാര്‍ അരികില്‍ വന്നു നിന്നു. ചെമ്പുമുക്കിലുള്ള മേരിമാതാ സ്‌കൂളാണ് സെന്റര്‍. ചെമ്പുമുക്കും മേരിമാതാ സ്‌കൂളും പരിചയമുണ്ട്. എതിര്‍ ദിശയിലാണ് ആ പാലാക്കാര്‍ എത്തിയത്. അവര്‍ക്ക് വഴി പറഞ്ഞുകൊടുത്തപ്പോള്‍ പാലാക്കാരന്‍ അച്ഛന്‍ തനി മലയാളിയായി. എന്തോ അപരാധം സംഭവിച്ചതുപൊലെ മുന്‍സീറ്റിലിരുന്ന മകളും അച്ഛനുമമ്മയും. ' ഒരോട്ടാക്കാരനാ ഇങ്ങോട്ടാ വരേണ്ടതെന്ന് പറഞ്ഞത്' എന്നു പറഞ്ഞിട്ട് അച്ഛന്‍ ആ ഓട്ടോക്കാരനെ മനസ്സില്‍ ധ്യാനിച്ച്, ചാനല്‍ ചര്‍ച്ചയില്‍ പാനലംഗങ്ങള്‍ പരസ്പരം പഴിചാരി പ്രകടപ്പിക്കുന്ന പുച്ഛഭാവം മുഖത്ത് വരുത്തി. എന്തായാലും അവരുടെ സെന്റര്‍ എവിടെയാണെന്ന് കൃത്യമായി പറഞ്ഞിട്ട് ആ കുട്ടിക്കും ആത്മാര്‍ഥമായി കൊടുത്തു, ഒരു ബെസ്റ്റ് ഓഫ് ലക്ക്. അതു കേട്ട മാത്രയില്‍ ഗ്രഹണം കഴിഞ്ഞ് സൂര്യന്‍ പുറത്തുവരുന്ന രംഗം അനുഭവപ്പെട്ടു. മുന്‍സീറ്റിലിരുന്ന മകള്‍ വിടര്‍ന്ന് ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു. ആ നന്ദി ഒരു കൂട്ട നന്ദിയായി. കാരണം കുട്ടിക്കു പിന്നാലെ അച്ഛനും അമ്മയും കൂടി.
         

പാലാക്കാരില്‍ നിന്നും കിട്ടിയ വര്‍ദ്ധിത ഊര്‍ജ്ജത്തില്‍ നടന്നു നീങ്ങിയപ്പോള്‍ മകളുമായി ബൈക്കില്‍ വന്ന അച്ഛന്‍ അടുത്തു വന്നു നിര്‍ത്തി. സെന്റര്‍  രാജഗരി ക്രിസ്തുജയന്തി സ്‌കൂളാണ്. കൈചൂണ്ടി തിരിയേണ്ട വളവ് കാണിച്ചുകൊടുത്ത് ആ കുട്ടിക്കും കൊടുത്തു മനസ്സ് നിറഞ്ഞ ബെസ്റ്റ് ഓഫ് ലക്ക്. ബൈക്കിലായതിനാല്‍ മറ്റു കുട്ടികളേക്കാള്‍ സാമീപ്യത്തില്‍ സ്‌നേഹപൂര്‍വ്വമായ നന്ദി തിരികെ ലഭിച്ചു. കൊടുക്കുന്നത് നിറവിലാണെങ്കില്‍ തിരികെ നന്ദിക്കു പ്രതീക്ഷിക്കേണ്ടതുപോലുമില്ല. നന്ദി തിരിച്ചു കിട്ടിയില്ലെങ്കിലും  നിറവില്‍ കൊടുത്താല്‍ അതു തുളുമ്പിക്കൊണ്ടിരിക്കും. ഉറപ്പ്. പരീക്ഷാഹാളിലേക്കു പ്രവേശിക്കുമ്പോള്‍ രാവിലെ കിട്ടിയ ആശംസയുടെ ഉന്മേഷം അറിയാതെയാണെങ്കിലും ആ കുട്ടികളിലേക്ക്  ആവേശിച്ചിട്ടുണ്ടാകണം.

 

Tags: