അടിപൊളി അമ്മയില്‍ ബമ്പറുണര്‍ത്തിയ വേദന

Glint Staff
Mon, 06-08-2018 04:58:34 PM ;

women-car-bumper

ഇനി പറയാന്‍ പോകുന്ന അമ്മയെ വേണമെങ്കില്‍ അടിപൊളി അമ്മ എന്നു പറയാം. അറുപതുകളിലും ചെത്ത് സ്റ്റൈല്‍. ഇഷ്ടപ്പെട്ട വിനോദം കാര്‍ ഡ്രൈവിംഗ്. ദീര്‍ഘദൂരം ഡ്രൈവിംഗ് ഏറ്റവും പ്രിയം. ബ്യൂട്ടിപാര്‍ലര്‍ മാനദണ്ഡമനുസരിച്ചല്ലെങ്കിലും വളരെ വ്യത്യസ്തമായ സൗന്ദര്യബോധം വസ്ത്രധാരണത്തില്‍ പ്രകടം. തനിക്ക് ചേര്‍ന്ന രീതിയിലുള്ള ഡിസൈന്‍സാരിയും അതിനു ചേര്‍ന്ന ബ്ലൗസുകളുമൊക്കെ. എന്നാല്‍ ഫേഷ്യലോ കേശാലങ്കാരമോ ഒന്നും തന്നെയില്ല. എന്തിന് പൊട്ടു പോലും കുത്താറില്ല. ശരീരഭാഷയാണെങ്കില്‍ ഇരുപതുകളിലെ യുവതികളുടേത്. ഈ അമ്മയുടെ മകള്‍ മുപ്പതുകളില്‍. അമ്മയുടെ പാത പിന്തുടരുന്നുണ്ടെങ്കിലും അത്ര അടിപൊളിയെന്ന് പറയാന്‍ പറ്റില്ല. പുറത്തേക്ക് എവിടെയെങ്കിലും പോകണമെങ്കില്‍ ഞൊടിയിടയില്‍ തയ്യാറായി എത്തുന്ന യുവതി. നല്ല സൗന്ദാര്യാത്മകതയും മിതത്വവും അല്‍പ്പം ആഢ്യത്വവും നിഴലിക്കുന്ന വന്‍ തിളക്കമില്ലാത്ത ചുരിദാര്‍-കുര്‍ത്തകളാണ്  മിക്കപ്പോഴും വേഷം. അമ്മയാണ് മൂപ്പത്യാരുടെ റോള്‍മോഡല്‍. പലപ്പോഴും രണ്ടുപേരും ചിന്തിക്കുന്നത് ഒരേ പോലെ. രണ്ടുപേരുടെയും ലോക കാര്യങ്ങളിലുള്ള അഭിപ്രായവും ഒന്നു തന്നെ. അമ്മയും മോളുമെന്നതിനെക്കാള്‍ ഒരേ പ്രായക്കാരായ കൂട്ടുകാരെപ്പോലെയാണ് ഇരുവരും.
                                  

 

മഴക്കാലത്ത് ഒരു ദിവസം കേരളത്തിലെ പ്രമുഖ നഗരത്തിലൂടെ അമ്മയും മകളും ഒരു ബന്ധുവിനൊപ്പം കാറില്‍ യാത്ര ചെയ്യുന്നു. മഴയൊന്നു ചെറുതായി തോര്‍ന്നിട്ടുണ്ട്. പക്ഷേ റോഡ് കുഴികളും അതിലെ വെള്ളക്കെട്ടുകള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. ഒരു കുഴിയില്‍ വീണപ്പോള്‍ കാറിന്റെ മുന്‍വശത്തെ ബമ്പര്‍ റോഡില്‍ ഉരഞ്ഞു. മറ്റൊരു ദിവസം ഇതേ പോലെ വന്‍ കുഴിയില്‍ വീണ ബമ്പര്‍ ഏതാണ്ട് താഴെ വീഴാറായ അവസ്ഥയിലായിരുന്നു. ഒരു സ്‌ക്രൂ കൂടി വിട്ടാല്‍ താഴെപ്പോകാന്‍ പാകത്തിന്. അതും വിട്ടുകാണുമോ എന്ന ആശങ്കയില്‍ കാറോടിച്ചിരുന്ന ബന്ധു' ഹൊ, ബമ്പറിന്റെ കഥ കഴിയാനിടയുണ്ട്' എന്ന് ആത്മഗതം കാച്ചി.

 

' ഒന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ എത്ര വിചാരിച്ചാലും ഇത്തരം ഗട്ടറില്‍ വീണാല്‍ ബമ്പറിടിക്കും' അടിപൊളി അമ്മ പറഞ്ഞു.
' ശരിയാണ്. ശരിക്കും സര്‍ക്കാരിനെതിരെ ഒരു ഹര്‍ജി ഫയല്‍ ചെയ്യേണ്ടതാണ്. കാരണം സ്റ്റേറ്റിന്റെ പിടിപ്പുകേട് മൂലമാണ് ബമ്പര്‍ ഇങ്ങനെ പൊളിയുന്നത്. നമ്മുടെ കയ്യില്‍ നിന്ന് മുന്‍കൂര്‍ നികുതിയും ഈടാക്കിയിട്ട്....' അങ്ങനെ ആ സംഭാഷണത്തിലൂടെ ബന്ധു സ്റ്റേറ്റിനെതിരെയുള്ള രോഷം പുറത്തേക്കു പ്രവഹിപ്പിച്ച് ബമ്പര്‍ ഉരഞ്ഞതിലെ വേദനയ്ക്ക് ശമനമുണ്ടാക്കി.  
' ശരിയാണ്. പക്ഷേ എത്ര വിചാരിച്ചാലും നമുക്ക് ഈ ഗട്ടര്‍ ഒഴിവാക്കാന്‍ പറ്റുമോ'.
' പ്രയാസമാ'
' പക്ഷേ നമ്മുടെ ആള് അത് സമ്മതിക്കില്ല. ആള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ മടിയാ. പക്ഷേ നമ്മള്‍ ഡ്രൈവ് ചെയ്യുമ്പോള്‍  ഏതെങ്കിലും ഗട്ടറില്‍ വീണാല്‍ പിന്നെ കഴിഞ്ഞു. നീ, ശ്രദ്ധിക്കാതെയാ വണ്ടിയോടിക്കുന്നെ. റാഷ് ഡ്രൈവിംഗാ, ഇങ്ങനല്ല വണ്ടിയോടിക്കുന്നെ എന്നു പറഞ്ഞ് നമ്മളെ ശകാരിച്ചു തുടങ്ങും' അടിപൊളി അമ്മ പറഞ്ഞു.

 

'അയ്യോ, പിന്നെ എവിടെയാണോ പോകുന്നെ അവിടം വരെ ഉണ്ടാവും അച്ഛന്റെ കുറ്റപ്പെടുത്തല്‍. എന്നിട്ട് എവിടെയെങ്കിലും കുഴി കണ്ടാല്‍ കുഴീ.. കുഴീ... എന്നു വിളിച്ചുകൂവുകയും ചെയ്യും അച്ഛന്‍. ഇന്നാളും ഇതുപോലെ കുഴി കണ്ടപ്പോള്‍ വിളിച്ചു കാണിച്ചിട്ട് അതിലൂടെ ഓടിച്ചു, പറഞ്ഞാ ഓര്‍മ്മയില്‍ വയ്ക്കില്ല എന്നു തുടങ്ങി പിന്നെ നമുക്ക് കാറിലിരിക്കാന്‍ പറ്റില്ല. അമ്മയ്ക്ക് അപ്പോ ഡ്രൈവ് ചെയ്യുകയും ഒപ്പം ഡിഫന്‍ഡ് ചെയ്യുകയും വേണം' മകള്‍ കൂട്ടിച്ചേര്‍ത്തു. മകളുടെ സംഭാഷണത്തെ ഇടയ്ക്കിടെയുള്ള ചിരിയിലൂടെയും ചില പിന്താങ്ങലുകളിലൂടെയും അമ്മ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
           

 

അമ്മയും മകളും അച്ഛനുമടങ്ങിയ വളരെ സന്തുഷ്ട കുടുംബമാണ് ഇവരുടേത്. അമ്മയും അച്ഛനും സമൂഹത്തിലെ ഉന്നതമായ തൊഴിലുകളിലൊന്നില്‍ നിന്ന് വിരമിച്ചവര്‍. മകളും ഉന്നതമായ പ്രൊഫഷണല്‍. മാസ്റ്റര്‍ ബിരുദധാരി. വിവാഹിത. പക്ഷേ അച്ഛന്റെ കാര്യം വരുമ്പോള്‍ അമ്മയും മകളും ഒരേ പോലെ ചിന്തിക്കുന്നു. ഒരേ വൈകാരികത പങ്കുവയ്ക്കുന്നു. ഭര്‍ത്താവില്‍ നിന്ന് വളരെ ദൂരെയുള്ള നഗരത്തിലൂടെയാണ് ഇവര്‍ യാത്ര ചെയ്യുന്നതെങ്കിലും ഒരു ഗട്ടറില്‍ വീണ് ബമ്പറുരഞ്ഞത് ഭാര്യയുടെ വേദനയെ ഉണര്‍ത്തി. വേദനയെ ഉണര്‍ത്തി എന്നു പറയുന്നതു പോലും യുക്തിഭദ്രമല്ല. അവരുടെ ഉള്ളില്‍ വേദന ഉറങ്ങാതെ ഉണര്‍ന്ന് കരഞ്ഞുകൊണ്ടിരിക്കുന്നു. പരസ്പരം സ്‌നേഹിക്കുന്നവര്‍ തന്നെയാണ് മൂന്നു പേരും. മൂന്നു പേര്‍ക്കും പരസ്പരം പരിഗണനയും, അതിയായ ശ്രദ്ധയുമൊക്കെയുണ്ട്. പക്ഷേ ഇവിടെ മൂന്നു പേര്‍ രണ്ടായി നിന്ന് വേദനിക്കുന്നു, വേദനിപ്പിക്കുന്നു.
           

 

നാല് ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന ബന്ധത്തിന്റെ ആഴത്തില്‍ നിന്ന് പൊന്തിവന്ന തിരയാണ് ആ ബമ്പര്‍വേദന. കാര്‍ കുഴിയില്‍ വീഴണമെന്നു പോലുമില്ല. ബമ്പര്‍ എന്ന വാക്ക് പരാമര്‍ശിച്ചാലും ആ സ്ത്രീയുടെ ഉപബോധമനസ്സില്‍ വിങ്ങുന്ന വേദനയില്‍ സൂചി കൊള്ളുന്ന അനുഭവമുണ്ടാകും. ഒരു പക്ഷേ ഇവരുടെ മകള്‍ക്ക് ശീലമായത് അച്ഛന്റെ കുറ്റപ്പെടുത്തലും അമ്മയുടെ പ്രതിരോധവുമായിരിക്കും. കുറ്റപ്പെടുത്തി സംസാരിക്കുന്ന ആള്‍, ഏതെങ്കിലുമൊരു വ്യക്തിയോട് വിദ്വേഷമുള്ളതിന്റെ അടിസ്ഥാനത്തിലല്ല അങ്ങനെ ചെയ്യുന്നത്. അത് വ്യക്തിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സ്വഭാവവിശേഷമാണ്. എന്തു കണ്ടാലും അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരില്‍ കാണുന്ന ശീലത്തില്‍ നിന്നാണ് അതുടലെടുക്കുന്നത്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ ചെറുതിലെമുതല്‍ ഉത്തരവാദിത്വമെടുക്കാനുള്ള വിമുഖതയില്‍ നിന്ന് രൂപപ്പെട്ടുവരുന്ന അവസ്ഥയാണത്. അങ്ങനെയുള്ളവര്‍ക്ക് എല്ലാത്തിനെയും കുറിച്ച് ഒരു ഉറച്ച രൂപം മനസ്സിലുണ്ടാകും. ആ രൂപത്തിനനുസരിച്ച് കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ അഥവാ, ആ രൂപത്തിനു യോജിക്കുന്ന വിധം പുറത്തു കാര്യങ്ങള്‍ കണ്ടില്ലെങ്കില്‍ അവര്‍ അസ്വസ്ഥരാകും. പുറത്തെ കാര്യങ്ങളെ അളക്കുന്ന അളവുകോല്‍ അവരുടെ ഉള്ളിലുള്ള ആ രൂപമായിരിക്കും. അവരെ സംബന്ധിച്ചിടത്തോളം അളവുകോലുകൊണ്ട് അളന്ന് അളവ് തെറ്റിയെങ്കില്‍ അത് തെറ്റു തന്നെ. അതാണ് അവരെ നയിക്കുന്ന യുക്തി.

 

അവരെ സംബന്ധിച്ചിടത്തോളം അത് ശരിയാണെന്ന് തോന്നും. ഉദാഹരണത്തില്‍ ഒരു ത്രാസില്‍ അഞ്ചു കിലോ കട്ടി വച്ചിട്ട് മൂന്നു കിലോ തൂങ്ങുന്ന ഏതെങ്കിലും വസ്തു വച്ചാല്‍ ആ വസ്തുവിന്റെ ഭാഗം പൊങ്ങി നില്‍ക്കുന്നതുപോലെ ആ വ്യത്യാസം അവര്‍ക്കനുഭവപ്പെടും. അതവര്‍ കൃത്യമായി കാണുന്ന കാഴ്ചയാണ്. ആ കാഴ്ച മുന്നിലുള്ളപ്പോള്‍ മറ്റൊരു കാഴ്ച കാണുക പ്രയാസം. ആ കാഴ്ചയുമായി പുറത്തുള്ള കാഴ്ച പൊരുത്തപ്പെടാതെ വരുമ്പോഴാണ് സഹിക്കാന്‍ വയ്യായ്ക വരിക. ആ സഹിക്കാന്‍ വയ്യായ്കയും ഒരു വേദന തന്നെ. ആ വേദനയില്‍ നിന്നു മുക്തി നേടാനാണ് അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്.
      

കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്നവരിലും ഇതേ പോലെ അളവുകോല്‍ കാഴ്ചകള്‍ നിറഞ്ഞിരിക്കുന്നു. അവരുടെ  കാഴ്ചയുമായി തട്ടിച്ചു നോക്കുമ്പോള്‍ അത് നന്നായി തൂങ്ങി തുലനസൂചി കൃത്യമായി നടുവില്‍ നില്‍ക്കുന്നുണ്ട്. അതാണ് പ്രതിരോധമായി മാറുന്നത്. പ്രതിരോധം കുറ്റപ്പെടുത്തുന്നവരെ സംബന്ധിച്ച് കൂടുതല്‍ വേദനഏറ്റുവാങ്ങലാണ്. അതായത് ന്യായീകരിക്കുന്നത് പോലും തെറ്റായി മാറുന്നു. അതിനും കുറ്റപ്പെടുത്തുന്നു. ഇങ്ങനെ രണ്ടു കടലുകളുടെ ഏറ്റുമുട്ടല്‍. എപ്പോഴും ശക്തമായ തിര. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ശാന്തമാകുന്നു. കാറ്റില്‍ ചെറിയൊരു വ്യതിയാനമുണ്ടായാലോ ന്യൂന മര്‍ദ്ദമുണ്ടായാലോ തിരകള്‍ ആഞ്ഞു വീശുന്നു. മറ്റു ചില അവസരങ്ങളില്‍ സുനാമിയും സംഭവിക്കുന്നു.
                   

 

ഈ തിരമാലകളുടെയും സുനാമികളുടെയുമിടയില്‍ തുരുത്ത് സാധ്യമല്ല. അതിനാല്‍ ഏതെങ്കിലുമൊരു കടലിനോട് ചേര്‍ന്ന് ആ കടലിന്റെ ഭാഗമാകാതെ മകള്‍ക്ക് പറ്റില്ല. അങ്ങനെ മകള്‍ അമ്മക്കടലിനോട് ചേര്‍ന്നു. അതാണ് മൂന്നായി നില്‍ക്കുന്നവര്‍ രണ്ടായി പൊരുതാന്‍ കാരണമായത്. ഇതിപ്പോള്‍ അവരുടെ ജീവിത താളമാണ്. അതിലവര്‍ അഭംഗിയോ അസ്വാഭാവികതയോ ഒന്നും കാണുന്നില്ല. ആ താളത്തിനു നേരിയ മാറ്റം വന്നാല്‍ പോലും അവരിലോരുരുത്തര്‍ക്കും അതുമായി യോജിക്കാന്‍ പറ്റില്ല. ഒരാള്‍ അല്‍പ്പം മാറി ചിന്തിച്ചു തുടങ്ങുന്നുവെന്നിരിക്കട്ടെ. ആ മാറ്റത്തെ സ്‌നേഹക്കുറവായിട്ടോ എന്തെങ്കിലും ഗുരുതരപ്രശ്‌നമായിട്ടോ ആയിരിക്കും മറ്റു രണ്ടുപേരും കാണുക. കാരണം ഇരുവരുടെയും ഉള്ളിലെ മൂന്നാമത്തെ വ്യക്തിയെക്കുറിച്ചുള്ള രൂപവുമായി ആ വ്യക്തിയുടെ പെരുമാറ്റം ചേരുന്നില്ല. അതുകൊണ്ട് ആ വ്യക്തിയുടെ മാറ്റത്തെ അംഗീകരിക്കാന്‍ പറ്റാതെ വരുന്നു. ഉദാഹരണത്തിന്, ഭാര്യ കാറോടിക്കുമ്പോള്‍ കുഴിയില്‍ വീണ് ബമ്പര്‍ ഉരയുന്ന നിമിഷം അവരെ പിടികൂടുന്ന ചിന്ത ബമ്പറിനു പറ്റിയ കേടിനെക്കുറിച്ചാവില്ല. മറിച്ച് ഇപ്പോള്‍ വരും കുറ്റപ്പെടുത്തല്‍ എന്നായിരിക്കും. ആ നിമിഷം ഭര്‍ത്താവ് കുറ്റപ്പെടുത്താതെ ഭാര്യയുടെ തെറ്റുകൊണ്ടല്ലെന്നുള്ള രീതിയില്‍ ഒന്നു സംസാരിച്ചു തുടങ്ങിയാല്‍ അറിയാം ഭാര്യയ്ക്കുണ്ടാവുന്ന വിഭ്രമം. ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തലിനെ അംഗീകരിച്ച് ഭാര്യ കുറ്റം ഏറ്റാലും അതു തന്നെയാകും സ്ഥിതി.
       

ഈ പശ്ചാത്തലത്തില്‍ ആ അമ്മയുടെയും അച്ഛന്റെയും മകളായ  യുവതിക്ക് ഓരോ നിമിഷവും എന്തുകാണുമ്പോഴും അതില്‍ ആരുടെ ഭാഗമാണ് ശരി, അല്ലെങ്കില്‍ തെറ്റ് എന്ന ചിന്ത മാത്രമായിരിക്കും ഉണ്ടാവുക. അങ്ങനെ എന്തെങ്കിലും കണ്ടെത്താന്‍ ഇല്ലാതെ വരുന്ന അവസ്ഥ, അവരെ സംബന്ധിച്ചിടത്തോളം ഭയാനകവുമായിരിക്കും. ഒന്നുമില്ലെങ്കില്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലുമൊരു വ്യക്തിയായാലും മതി. അയാളില്‍ ചില കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടെങ്കിലും അവര്‍ തൃപ്തിയടയും. ഈ സംഗതിയുടെ സാമൂഹ്യപതിപ്പാണ് ചാനലുകളില്‍ നാം കാണുന്ന അന്തിച്ചര്‍ച്ചയുടെ അന്തര്‍ധാരയും. എന്ന് വ്യക്തി ഉത്തരവാദിത്വം എന്ന അവസ്ഥ സ്വയം ഏറ്റെടുക്കാന്‍ തയ്യാറാകുന്നുവോ അന്നു മുതല്‍ എത്ര കുറ്റപ്പെടുത്തല്‍ സ്വഭാവമുള്ള ആളാണെങ്കിലും ആ കുറ്റപ്പെടുത്തല്‍ പകര്‍ച്ചവ്യാധിക്ക് ശമനമുണ്ടാകും. വേണമെന്നു വിചാരിച്ചാല്‍ രോഗം പൂര്‍ണ്ണമായും മാറ്റാനും കഴിയും. രോഗം മാറ്റണമെന്നും അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിശ്ചയിക്കുന്ന പക്ഷം.  

 

 

Tags: