വിദ്യുച്ഛക്തി ആപ്പീസിലെ ചില ലോങ്‌ സര്‍ക്യൂട്ടുകള്‍

Glint Guru
Sat, 12-01-2019 06:09:42 PM ;

 kseb office

ആദായനികുതി വകുപ്പില്‍ നികുതിയിളവിനായി സമര്‍പ്പിക്കുന്നതിന് ഭവനവായ്പയെടുത്ത ബാങ്കില്‍ നിന്നുള്ള പലിശസംബന്ധമായ രേഖയോടൊപ്പം വീടു വച്ചിട്ടുണ്ടെന്നു തെളിയിക്കുന്നതിനുളള രേഖയും വേണം. ഒന്നുകില്‍ വീടിന്റെ കയ്യവശാവകാശ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ കെ.എസ്.ഇ.ബി ബില്ലിന്റെ പകര്‍പ്പ്. കയ്യവശാവകാശസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുക എന്നുവെച്ചാല്‍ വര്‍ത്തമാനകാല കേരളത്തില്‍ ചെറിയ പണിയല്ല. ഇലക്ട്രിസിറ്റിബില്ലാണ് സൗകര്യം. പക്ഷേ ബില്ല് എവിടെയോ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഓണ്‍ലൈന്‍ കാശടയ്ക്കലായതിനാല്‍ അതത്ര ശ്രദ്ധിക്കാറുമില്ല. ഓണ്‍ലൈനില്‍ നിന്ന് ബില്ലെടുക്കാന്‍ പറ്റുമോയെന്ന് നോക്കിയപ്പോള്‍ നടക്കുന്നില്ല. എടുക്കാനുള്ള സംവിധാനമുണ്ട്. പക്ഷേ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ചു ചോദിച്ചു. ചെന്ന് അപേക്ഷ നല്‍കിയാല്‍ കോപ്പി തരാമെന്ന് മറുപടി കിട്ടി. ഒരു കോപ്പി മെയിലില്‍ അയച്ചുതരാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോഴേക്കും അവിടെ നിന്നും സംസാരിച്ച പുരുഷശബ്ദത്തില്‍ പരുഷം പ്രകടമായി. അതൊന്നും പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു.
            

 

വാഹനം സര്‍വ്വീസ് സെന്ററിലായതിനാല്‍ ഓട്ടോറിക്ഷാ പിടിച്ച് ഇലക്ട്രിസിറ്റി ഓഫീസിലെത്തി. കൗണ്ടറില്‍ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറുടെ അടുത്തേക്ക് അയയ്ക്കപ്പെട്ടു. അദ്ദേഹത്തിനോട് കാര്യം പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമായി ഓണ്‍ലൈനില്‍ നിന്ന് എടുക്കാമല്ലോ എന്നായി. അദ്ദേഹത്തിനോട് വീണ്ടും വിശദീകരണം നടത്തിയപ്പോള്‍ നോക്കട്ടെയെന്നായി. പക്ഷേ കോപ്പി കിട്ടാന്‍ സാധ്യത കുറവ്. എങ്കില്‍ മെയിലിലിട്ടാല്‍ മതിയെന്നു പറഞ്ഞു. അപ്പോഴും അതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. ഒടുവില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മുറിയിലെ പ്രിന്ററിലേക്ക് അദ്ദേഹം കോപ്പി വിട്ടു. അവിടെ നിന്ന് എടുത്തുകൊള്ളാന്‍ പറഞ്ഞു.അപ്പോഴാണറിയുന്നത് അതിലുള്ള വീട്ടു പേര് പുരപണിസമയത്ത് താല്‍ക്കാലിക കണക്ഷന്‍ എടുക്കാന്‍ വേണ്ടി കൊടുത്ത തറവാട് വീടിന്റെ പേരാണ്. എന്നാല്‍ ബാക്കിയുള്ള വീട്ടുമ്പരും സ്ഥലപ്പേരുമെല്ലാം കൃത്യമായുണ്ട്. വിഷയം അദ്ദേഹത്തിനോട് ധരിപ്പിച്ചപ്പോള്‍ വിലാസം തിരുത്തലൊക്കെ പണിയാണെന്ന് പറഞ്ഞു.
        

 

പുറത്തിറങ്ങി തലസ്ഥാനത്ത് വൈദ്യുതി ഭവനില്‍ പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥയോട് തിരക്കി. 'ഹെയ്, അത് നിസ്സാരപണിയല്ലേ. ഒരഡ്രസ്സ് പ്രൂഫിന്റെ കോപ്പി കൊടുത്താ മതി. അപേക്ഷയൊന്നും കൊടുക്കേണ്ട കാര്യമില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടേ എന്നെ വിളിച്ചാ മതി'. വീണ്ടും ചെന്ന് അസിസ്റ്റന്റ് എഞ്ചിനിയറെക്കണ്ടു. അപ്പോള്‍ അദ്ദേഹം പുറത്തേക്ക് പോകാനായി തുടങ്ങുകയായിരുന്നു. വൈദ്യുതിഭവനിലെ ഉന്നത ഉദ്യോഗസ്ഥയുടെ പേരു പറഞ്ഞപ്പോള്‍ സംഗതി പരിഗണിക്കാമെന്ന് പറഞ്ഞു. പക്ഷേ ബില്ലിംഗ് സെക്ഷനിലെ 'കുട്ടി' അവധിയാണ്. അടുത്ത ദിവസം വരൂ എന്ന് പറഞ്ഞയച്ചു.
     

 

അടുത്ത ദിവസം പാന്‍കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പിയുമായി ഇലക്ട്രിസിറ്റി ഓഫീസിലെത്തി. തനിക്ക് സ്വന്തം നിലയില്‍ ചെയ്യാന്‍ പറ്റില്ല ആപ്പീസര്‍ പറയണമെന്ന് ബില്ലിംഗ് സെക്ഷനിലെ യുവതി അറിയിച്ചു. തലേന്നു കണ്ട അസിസ്റ്റന്റ് എഞ്ചിനീയറില്ല. സബ് എഞ്ചിനിയേഴ്‌സ് എന്നെഴുതിയ മുറിയില്‍ ഇരുന്ന ഉദ്യോഗസ്ഥനെ കണ്ടു. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം രേഖകളൊക്കെ വാങ്ങി നോക്കി, ഇറങ്ങി വന്ന് ബില്ലിംഗ് സെക്ഷനിലുള്ള യുവതിക്ക് വിലാസം തിരുത്താന്‍ നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ കിട്ടിയാല്‍ ഉപകാരമെന്ന് പറഞ്ഞു. 'അതൊന്നും പറ്റില്ല. ഇവിടെ മാറ്റിയിട്ടേക്കാം. ഒരാഴ്ചയ്ക്കുള്ളില്‍ എപ്പോഴെങ്കിലും വന്ന് വാങ്ങിക്കൊള്ളൂ.' അദ്ദേഹം പറഞ്ഞു. തലേ ദിവസം വന്ന കാര്യവും അത്യാവശ്യവും താഴ്മയോടെ ഉണര്‍ത്തി. അപ്പോള്‍ പറ്റുമോ എന്ന് നോക്കാന്‍ ബില്ലിംഗ് യുവതിയോട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

ബില്ലിംഗ് യുവതി ഏതാണ്ട് രണ്ടു മിനിറ്റ് സമയമെടുത്ത് വിലാസം മാറ്റി. അതു ശരിയല്ലേ എന്ന് ഉറപ്പിച്ചു. അപ്പോള്‍ പോസ്റ്റാഫീസിന്റെ പേരില്ല. അതിനെന്താ ചേര്‍ക്കാമല്ലോ എന്നു പറഞ്ഞ് അതും ചേര്‍ത്തു. അടുത്ത മിനിട്ടില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മുറിയിലുള്ള പ്രിന്ററിലേക്ക് കോപ്പി വിട്ടു. അദ്ദേഹം സീറ്റിലില്ല. യുവതി കോപ്പിയെടുക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ മുറിയുടെ മുകളില്‍ നീല ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ വലുതായി എഴുതിയിരിക്കുന്ന മഹാത്മാഗാന്ധിയുടെ ഉപഭോക്താവിനെക്കുറിച്ചുള്ള വാക്യം.'നിങ്ങള്‍ ഉപഭോക്താവിനെ സേവിക്കുകയല്ല, മറിച്ച് ഉപഭോക്താവുള്ളതിന്റെ പേരില്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണ്' എന്നു തുടങ്ങുന്നത്. അതുവായിച്ചപ്പോള്‍ ഒരു ഗാന്ധിസാന്നിദ്ധ്യം. ഗാന്ധിജിയുടെ നിര്‍ദ്ദേശം ഉപഭോക്താവിനും ബാധകമാണ്. കാരണം ഉപഭോക്താവും ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാട് സംസ്‌കാരം യജമാന-അടിമ സമവാക്യത്തിന്റേതാകരുത്. ഉദ്യോഗസ്ഥരുടെ പെരുമാറ്റം അവ്വിധമായി മാറുന്നതു മൂലമാണ് അത്തരമൊരു ബോര്‍ഡിന്റെ ആവശ്യം തന്നെ അവിടെ വന്നത്. അതിനാല്‍ തങ്ങളെ അടിമയെപ്പോലെ സേവിക്കണമെന്ന് ഉപഭോക്താവും പ്രതീക്ഷിക്കരുത്. സ്‌നേഹവും മൃദുത്വവും പെരുമാറ്റത്തില്‍ വേണമെന്നാണ് ആ കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നത്. ഇവ വന്നുകഴിഞ്ഞാല്‍ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിക്ക് സഹായകമാകുന്ന വിധം പ്രവര്‍ത്തിക്കാതിരിക്കാന്‍ പറ്റില്ല. അത് നേരേ പറഞ്ഞാല്‍ ശരാശരി മനുഷ്യര്‍ക്ക് മനസ്സിലാകില്ല എന്നതുകൊണ്ടാണ് ഗന്ധിജി ഉപഭോക്താവ് ആരെന്ന് വിശദീകരിച്ച് സേവനം ചെയ്യുന്നവരെ ഓര്‍മ്മിപ്പിച്ചതും ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നതും. അത് എവിടെയായാലും.
   

ബില്ലിംഗ് യുവതി കോപ്പിയുമായി വന്നു. പക്ഷേ അതു ബില്ലല്ല. ഉപഭോക്താവിന്റെ പ്രൊഫൈല്‍ മാത്രമാണ്. അതായത് പേരും വിലാസവും മാത്രമടങ്ങുന്ന ഒരു ലാന്‍ഡ്‌സ്‌കേപ്പ് പേജ്. അതു കൊടുത്താല്‍ ആദായനികുതിക്കാര്‍ സ്വീകരിക്കാനിടയില്ല. മൃദുവായി സ്‌നേഹത്തോടെ, എന്നാല്‍ അടിമഭാവമില്ലാതെ യുവതിയോട് സംഗതി പറഞ്ഞു. ' എയ്, അതു പറ്റില്ല. അടുത്ത ബില്ലിലേ വിലാസം കയറി വരികയുള്ളൂ. നിങ്ങള്‍ രണ്ടു ദിവസം വെയിറ്റ് ചെയ്യൂ. ബില്ലിന്റെ സമയമായല്ലോ. രണ്ടു ദിവസം വെയിറ്റ് ചെയ്താ പോരെ. രണ്ടു മൂന്നു ദിവസത്തിനകം ബില്ലു കിട്ടിയില്ലെങ്കില്‍ വന്നാ മതി എടുത്തു തരാമോന്നു നോക്കാം.' യുവതി ഈ ഉപഭോക്താവിനെ ഏതാണ്ട് പറഞ്ഞു വിടുന്ന അവസ്ഥയെത്തി.
       

 

രണ്ടു ദിവസമായി ഈ ആവശ്യത്തിനു നടക്കുന്നതിന്റെ ബുദ്ധിമുട്ടും പഴയ ബില്ലിന്റെ ഒരു കോപ്പി കിട്ടിയാല്‍ ഒഴിവാകുന്ന അസൗകര്യവും സ്‌നേഹത്തോടെ ആ യുവതിയോടെ പറഞ്ഞു. ഒരോ തവണ വരേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് മൃദുവായി പറഞ്ഞു. അവരെ കുറ്റപ്പെടുത്താതെ എന്നാല്‍ അവരിലെ മൃദുഭാവത്തെ ഉണര്‍ത്താന്‍ വേണ്ടി മാത്രമാണ് പറഞ്ഞത്. അത് ഉള്ളിലെ അമര്‍ഷത്തെ അമര്‍ത്തി കൃത്രിമമായ ബാഹ്യമൃദുത്വമാണ് പ്രകടിപ്പിച്ചതെങ്കില്‍ ആ യുവതി മൃദുത്വത്തിലേക്ക് ഉണരുകയില്ലായിരുന്നു. പക്ഷേ ഗാന്ധിജിയുടെ വാക്കുകളുടെ പശ്ചാത്തലത്തില്‍ അത് ഉപഭോക്താവിന്റെയും വെല്ലുവിളിയാണ് ധാര്‍ഷ്ട്യത്തെ ഒഴിവാക്കുക എന്നത്. മൃദുത്വം വരുമ്പോള്‍ ധാര്‍ഷ്ട്യം ഒഴിവാകുകയും ചെയ്യും. ചില ചിത്രങ്ങളും വാചകങ്ങളും പൊതു അന്തരീക്ഷത്തിന്റെയുമൊക്കെ പ്രസക്തി അവിടെയാണ്. മറന്നു പോവുകയാണെങ്കില്‍ ഓര്‍ക്കാന്‍ ഇടയുള്ളവരെയെങ്കിലും അത്തരം വാചകങ്ങളും ചിത്രങ്ങളും അന്തരീക്ഷവുമൊക്കെ സഹായിക്കും. എന്തായാലും ആ യുവതി ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് അസിസ്റ്റന്റ് എഞ്ചിനീയറുടെ മുറിയിലേക്ക് പോയി മാറ്റിയ വിലാസത്തില്‍ കഴിഞ്ഞ മാസത്തെ ബില്ല് കൊണ്ടുവന്നു.
       

 

ബില്ല് കൊണ്ടുവന്നു നീട്ടിയപ്പോഴും അവരില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു. കാരണം താന്‍ ഒരു മിനിറ്റ് മുമ്പ് പറഞ്ഞത് ശരിയായിരുന്നില്ലല്ലോ എന്നതായിരിക്കാം. പക്ഷേ അവരില്‍ കുറ്റബോധമുണ്ടായില്ല. കാരണം കുറ്റപ്പെടുത്തല്‍ ഉപഭോക്താവിന്റെ ഭാഗത്ത് നിന്നു വരാതിരുന്നതിനാല്‍. 'എന്തൊരു സൗകര്യമായെന്നറിയുമോ? ഒരു മിനിറ്റിന്റെ പോലുമാവശ്യമുണ്ടായില്ല. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ ആള്‍ക്കാര്‍ക്കുണ്ടാകുന്ന സൗകര്യവും ആശ്വാസവും എന്തുമാത്രമാകുമെന്നറിയുമോ. ഇന്നലെയും ഇന്നുമായി ഇവിടെ എത്തി ഇനി മടങ്ങുകയും ചെയ്യുകകൂടിയാകുമ്പോള്‍ ഇരുന്നൂറ് രൂപ കഴിയും. ഇനിയും ഒരു തവണ കൂടി വരേണ്ടിവരികയായിരുന്നുവെങ്കില്‍ അസൗകര്യങ്ങള്‍ക്കും സമയനഷ്ടത്തിനും പുറമേ അകാരണമായ സാമ്പത്തിക നഷ്ടവുമുണ്ടാകുമായിരുന്നു. എന്തു തന്നെയായാലും നിങ്ങളുടെ ഈ സമീപനം വളരെ നന്നായി. പറഞ്ഞു പോയതിന്റെ പേരില്‍ അതില്‍ ഉറച്ചു നിന്നില്ലല്ലോ. വളരെ നന്നായി. നിങ്ങള്‍ക്കും എനിക്കും ഒരേ പോലെ സുഖകരമായ അവസ്ഥയുണ്ടായില്ലേ. മറിച്ചായിരുന്നെങ്കില്‍ നമ്മള്‍ രണ്ടു പേര്‍ക്കും സുഖമുണ്ടാവുമായിരുന്നില്ല. '
          

 

'നമ്മളൊക്കെ മനുഷ്യരല്ലേ ചേട്ടാ' ആ ചോദ്യത്തിലൂടെ ആ യുവതി എല്ലാം പറയുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസ് സംവിധാനസ്വാധീനത്തില്‍ നിന്ന് കമ്പനിയായിട്ടും കെ.എസ്.ഇ.ബി മാറിയിട്ടില്ലെന്നും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍. ഉപഭോക്താക്കളും ഉദ്യോഗസ്ഥരും ഒരേ സമൂഹത്തിലെ അംഗങ്ങളാണ്. അതിനാല്‍ ഉപഭോക്താവിലും മാറ്റം വരുമ്പോള്‍  മാത്രമേ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ ഇടയിലും മാറ്റം വരികയുള്ളുവെന്നതിന്റെ തെളിവായിരുന്നു ഈ ഇലക്ട്രിസിറ്റി ഓഫീസില്‍ പ്രയോഗിക്കപ്പെട്ട മൃദുത്വത്തിന്റെ വിജയം. മറിച്ച് ഒരു മിനിറ്റുപോലും ആവശ്യമില്ലാതിരുന്ന കാര്യത്തിനാണോ നിങ്ങള്‍ ഒരാഴ്ചവേണമെന്നും പിന്നീടു വരണമെന്നും പറഞ്ഞതെന്ന് അവരെ കുറ്റപ്പെടുത്തി ചോദിച്ചിരുന്നെങ്കില്‍ അവസ്ഥ മാറുമായിരുന്നു. താന്‍ ഒരു മിനിറ്റിനുളളില്‍ കാര്യം നടത്തിക്കൊടുത്തത് അബദ്ധമായെന്നേ അവര്‍ക്കു തോന്നുകയുണ്ടായിരുന്നുള്ളൂ. അതിനാല്‍ പിന്നീട് വരുന്നവരായിരിക്കും അവരില്‍ നിന്ന് അസൗകര്യങ്ങള്‍ നേരിടേണ്ടിവരിക. ഇങ്ങനെയാണ് ഓരോ സംസ്‌കാരങ്ങളും ഉണ്ടാവുകയും മാറുകയുമൊക്കെ ചെയ്യുന്നത്.  

 

 

Tags: