'ചേച്ചീ' വിളിയില്‍ പറന്നുവന്ന കണ്ടക്ടര്‍; മഹൗഷധത്തിന്റെ മായാജാലം

Glint Staff
Tue, 15-01-2019 07:12:35 PM ;

 sister - brothers

കൊച്ചി വൈറ്റില ഹബ്ബില്‍ നിന്നും വൈകിട്ട് നാലരയ്ക്ക് തൊടുപുഴയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്. ഏറിവന്നാല്‍ പത്തോ പന്ത്രണ്ടോ പേര്‍ മാത്രമേ ബസില്‍ ആകെയുളളൂ. കണ്ടക്ടര്‍ യുവതി. വളരെ ശ്രദ്ധയോടെ എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കിയോ എന്നും മറ്റും അവര്‍ ഉറപ്പുവരുത്തുന്നത് കാണാം. ജോലിയില്‍ പ്രവേശിച്ചിട്ട് അധിക നാളായില്ലെന്ന് ഊഹിച്ചാല്‍ അത് അസ്ഥാനത്താകില്ല. വിവാഹിതയാണെന്ന് സീമന്ത തിലകം വിളിച്ചറിയിക്കുന്നുണ്ട്. മുപ്പതുകളുടെ തുടക്കത്തിലോ മധ്യത്തിലോ. ഒന്ന് രണ്ട് സ്‌റ്റോപ്പുകള്‍ കഴിഞ്ഞിട്ടും അധികം ആളുകള്‍ കയറിയില്ല. എങ്കിലും അവരുടെ ശാന്തമായ രീതിയിലുള്ള പ്രവര്‍ത്തിക്ക് അനുഗതമായ ആള്‍ക്കാര്‍ കയറിയിട്ടുണ്ട്. പിന്നിലത്തെ വാതിലിന്റെ ഭാഗത്തുള്ള മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ട് യുവാക്കള്‍. യുവാക്കള്‍ എന്ന് തീര്‍ത്ത് പറയുക പ്രയാസം. കുഞ്ഞ് താടിയും ഉച്ചിയില്‍ കെട്ടിയ മുടിയുമൊക്കെയുണ്ടെങ്കിലും ഇരുപത് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം. എന്തുതന്നെയായാലും ഇരുപത്തിയൊന്നിനപ്പുറം പോകില്ല.

        

 

അപ്പോഴേക്കും അടുത്ത സ്‌റ്റോപ്പില്‍ നിന്നും ഒന്ന് രണ്ട് പേര്‍ മുന്നിലെ വാതിലിലൂടെ കയറി. അവര്‍ക്കെല്ലാം യുവതിക്കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു. കയറിയവര്‍ക്കെല്ലാം ടിക്കറ്റ് കൊടുത്തുവെന്നുള്ള ധാരണയിലായിരുന്നുവെന്നു തോന്നുന്നു വനിതാകണ്ടക്ടര്‍. പെട്ടെന്ന് പിന്നിലെ വാതിലിനടുത്തെ സീറ്റിലിരുന്ന യുവാക്കള്‍ അല്ലെങ്കില്‍ മൂത്ത കൗമാരക്കാര്‍ നീട്ടി ചേച്ചീ... ചേച്ചീ... എന്ന് മുന്നില്‍ നില്‍ക്കുകയായിരുന്ന കണ്ടക്ടറെ വിളിച്ചു. ആ കുട്ടികളുടെ വിളി ബസ്സുമുഴുവന്‍ മുഴങ്ങി. കേട്ടവരും ആസ്വദിച്ചിട്ടുണ്ടാകും. അത്രയ്ക്ക് ആര്‍ജ്ജവത്തൊടെയാണ് ആ കുട്ടികള്‍ വിളിച്ചത്. വീട്ടിലെ സ്വന്തം ചേച്ചിയെ വിളിക്കുന്ന സ്‌നേഹത്തൊടെയുള്ള അവരുടെ വിളി ശ്രദ്ധയില്‍ പെട്ട ആ നിമിഷം മുന്നില്‍ നിന്നിരുന്ന കണ്ടക്ടര്‍ കമ്പിയില്‍ പിടിച്ച് പറന്നെത്തുന്നതുപോലെ പിന്നിലേക്ക് വന്നു. ആ കുട്ടികളുടെ നേര്‍ക്ക് ആഞ്ഞ് നിന്നുകൊണ്ട് അവര്‍ പറഞ്ഞ സ്ഥലത്തേക്ക് ടിക്കറ്റ് കൊടുത്തു. ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ അവര്‍ എന്തോ കുശലവും അനിയന്മാരുടെയടുത്ത് പറയുന്നുണ്ടായിരുന്നു.
           

 

ആ കുട്ടികളുടെ ആര്‍ദ്രമായ വിളിയുടെ ഭംഗിയും ചാരുതയും മുഴുവനും ആ യുവതിയുടെ മുഖത്ത് നിഴലിച്ചു. അവര്‍ മനസ്സുകൊണ്ട് ആ കുട്ടികളെ തലോടുന്നത് പോലെ അനുഭവപ്പെട്ടു. ആ വിളിയില്‍ വികസിച്ച കണ്ടക്ടര്‍ യുവതിയുടെ മുഖഭാവം ഏറെ നേരം അതേപടി തുടര്‍ന്നു. ചാനല്‍ ചര്‍ച്ചകളും മാധ്യമവാര്‍ത്തകളും പരിചിതമായ മലയാളിക്ക്, പരിചയമില്ലാത്ത സ്ത്രീയും പുരുഷനും പരസ്പരം കണ്ടാല്‍ ഉള്ളില്‍ ഒരു പ്രതിരോധവും ആക്രമണവും ഒക്കെ അറിയാതെ സംഭവിക്കുന്ന കാലമാണിത്. അത് ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് ബസുകള്‍ക്കുള്ളിലാണ്. സ്ത്രീകളുടെ ദേഹത്ത് അറിയാതെ പോലും തൊടാനിടവരുത്താതെ ശ്രദ്ധിച്ചാണ് ആണ്‍ യാത്രക്കാരില്‍ ചിലരെങ്കിലും സഞ്ചരിക്കുന്നത്. ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും കൂടി നഴ്‌സറിക്കുട്ടികളെക്കൊണ്ടുപോലും പുറത്ത് കാണുന്ന ആണുങ്ങളെ സംശയത്തോടെ നോക്കിപ്പിക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ പുറത്തേക്ക് പ്രവഹിപ്പിച്ചുകൊണ്ടിരിക്കുന്ന അശ്ലീലമായ അന്തരീക്ഷം സമൂഹത്തിലില്ല. ഒറ്റപ്പെട്ട സംഭവങ്ങളെടുത്താണ് പലപ്പോഴും മാധ്യമങ്ങള്‍ പൊതുവത്ക്കരിക്കുന്നതും അതിന്റെ മേല്‍ അന്തിച്ചര്‍ച്ചകള്‍ നടത്തുന്നതും. അത് ഏതുവിധത്തില്‍ സമൂഹത്തെ ബാധിക്കുമെന്ന ചിന്തയൊന്നും മാധ്യമങ്ങളോ മാധ്യമപ്രവര്‍ത്തകരോ നടത്താറുമില്ല.
        

 

ഈ മാധ്യമപ്രക്ഷേപ സാമൂഹ്യസാഹചര്യത്തിലാണ് യുവാക്കളുടെ ചേച്ചീീീീ... വിളി മുഴങ്ങുന്നത്. വളരെ സ്വാഭാവികമായാണ് ആ കുട്ടികള്‍ അങ്ങിനെ വിളിച്ചതും അതിനോട് ആ കണ്ടക്ടര്‍ പ്രതികരിച്ചതും. ആ യുവതി ആ കുട്ടികളുടെ അടുത്തെത്തിയപ്പോള്‍ അവരുടെ മുഖത്ത് അനുജന്മാരോടുള്ള ഭാവമായിരുന്നോ അതോ മാതൃഭാവമായിരുന്നോ പ്രകടമായിരുന്നത്. അത് മാൃതൃഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്നത് തന്നെയായിരുന്നു. ആ കുട്ടികളുടെ ചേച്ചിയാകാനുള്ള പ്രായമേ ആ യുവതിക്കുള്ളുവെങ്കിലും. പണ്ട് കേരളത്തില്‍ മൂത്ത ചേച്ചിമാരെ താഴെയുള്ളവര്‍ കൊച്ചമ്മയെന്ന് വിളിക്കുന്ന രീതി ഉണ്ടായിരുന്നു. വിശേഷിച്ചും തെക്കന്‍ കേരളത്തില്‍.

 

 

ടിക്കറ്റ് തങ്ങള്‍ക്ക് തരാന്‍ വിട്ടുപോയതാണെന്ന് ആ കുട്ടികള്‍ക്ക് മനസ്സിലായി. മറന്നു പോയെങ്കില്‍ അത്രയും ലാഭം എന്നല്ല ആ കുട്ടികള്‍ ചിന്തിച്ചത്. അവര്‍ തങ്ങളുടെ ചേച്ചിയെ സഹായിക്കാനും അതേ സമയം യാത്രക്കാര്‍ എന്ന നിലയില്‍ ടിക്കറ്റെടുക്കാനുള്ള ബോധവുമാണ് ആ കുട്ടികള്‍ പ്രകടമാക്കിയത്. എന്നാല്‍ അവരിലൂടെ പ്രവഹിച്ചത് സ്‌നേഹത്തിന്റെ തരംഗങ്ങളായിരുന്നു. അതാണ് ചൂടും പൊടിയും നിറഞ്ഞ അന്തരീക്ഷത്തില്‍ ആ വിളിയുയര്‍ത്തിയ ശീതളിമ. ആ സ്‌നേഹത്തോട് അതിന്റെ നൂറിരട്ടിവര്‍ദ്ധനയിലാണ് ആ യുവതിയായ കണ്ടക്ടര്‍ പ്രതികരിച്ചത്. വെറും യാത്രയില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന  അനര്‍ഘനിമിഷങ്ങള്‍. മായതെ അവശേഷിക്കുന്ന ചില സാധാരണ നിമിഷങ്ങള്‍.
               

 

ഔദ്യോഗികരംഗങ്ങളില്‍ യാന്ത്രികതയ്ക്ക് പകരം  കുടുംബാംഗങ്ങള്‍ തമ്മിലുള്ള പെരുമാറ്റം ശീലിക്കുകയാണെങ്കില്‍ എന്തൊരു മാറ്റമായിരിക്കും സംഭവിക്കുക എന്ന് ഈ ചേച്ചിയുടെയും അനിയന്മാരുടെയും ഉദാഹരണം വ്യക്തമാക്കുന്നു.(കുടുംബത്തിലെ ബന്ധവും ഊഷ്മളമാകണമെന്ന ഘടകവുമുണ്ട്) ഇത്രയും ഊഷ്മളമായ ബന്ധം സര്‍ക്കാരാപ്പീസിലെ ജീവനക്കാരും ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളും തമ്മിലുണ്ടാവുകയാണെങ്കില്‍, കാര്യങ്ങള്‍ അനായാസവും ആസ്വാദ്യവുമായി നടക്കുമെന്ന് മാത്രമല്ല അഴിമതി താനേ ഒഴിഞ്ഞു പോവുകയും ചെയ്യും. വിജിലന്‍സിനെക്കൊണ്ടും പോലീസിനെക്കൊണ്ടും മാധ്യമങ്ങളെക്കൊണ്ടും നിയമങ്ങളെക്കൊണ്ടും അഴിമതി ഇല്ലാതാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിവിദഗ്ധമായ വിധം അഴിമതി ശക്തമാവുകയേ ഉള്ളൂ. മറിച്ച് ഈ കെ.എസ്.ആര്‍.ടി.സി ബസിലെ രംഗം അവശേഷിപ്പിച്ച ധാതുലവണങ്ങളില്‍ നിന്ന് കാര്യക്ഷമതാവര്‍ദ്ധനയ്ക്കും അഴിമതിയില്ലാതാക്കുന്നതിനുമുള്ള മഹാഷൗധം കണ്ടെത്താനാകും.

 

 

 

 

 

Tags: