18 കാരന്റെയും 19 കാരിയുടെയും ഒന്നിച്ചുള്ള ജീവിതം ദാമ്പത്യം തന്നെയല്ലേ?

Glint staff
Sat, 02-06-2018 10:00:45 PM ;

living-logether

പതിനെട്ടുകാരനും പത്തൊമ്പത് കാരിക്കും ഒന്നിച്ചു താമസിക്കാമെന്ന ഹൈക്കോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് നിയമ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള സമ്പ്രദായങ്ങളുടെ നിഷേധത്തിലൂടെയും അരാചകത്വത്തിന്റെ പാതയില്‍ നടന്നുകൊണ്ടുമുള്ള ആധുനികോത്തര സമൂഹ രീതിയുടെ ഭാഗമായാണ് ഒന്നിച്ചുതാമസിക്കല്‍ (living together) ഇന്ത്യയിലും പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് സമീപകാലങ്ങളില്‍ വന്ന ഒട്ടനവധി വിധികളിലും ഈ ആധുനികോത്തര സാമൂഹ്യ സ്വാധീനം പ്രകടമായിരുന്നു. കേരള ഹൈക്കോടതിയുടെ അസ്ഥിരമാക്കപ്പെട്ട ചില വിധിന്യായങ്ങളിലും സുപ്രീം കോടതിയുടെ ഈ സമീപനം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ചുവട് പിടിച്ചുകൊണ്ടുള്ളത് തന്നെയാണ് നിലവിലെ നിയമത്തെ അപ്രസക്തമാക്കുന്ന കേരള ഹൈക്കോടതിയുടെ വെള്ളിയാഴ്ചത്തെ വിധി.

 

പതിനെട്ട് കാരനും പത്തൊമ്പത് കാരിക്കും ഒന്നിച്ച് താമസിക്കാന്‍ അവകാശമുണ്ടെന്നുള്ള ഹൈക്കോടതിയുടെ വിധി വ്യക്തി സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. എങ്കിലും സമൂഹത്തെ അംഗീകരിക്കുകയും ചെയ്യുകയാണ്. അതിനാലാണ് ഒന്നിച്ച് താമസിക്കുന്ന പതിനെട്ടുകാരനും പത്തൊമ്പത് കാരിക്കും, യുവാവിന് വിവാഹപ്രായമെത്തുമ്പോള്‍ കല്യാണം കഴിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടത്. സ്ത്രീക്ക് പതിനെട്ട് വയസ്സും പുരുഷന് ഇരുപത്തൊന്നു വയസ്സും വിവാഹ പ്രായം നിര്‍വചിക്കപ്പെട്ടുകൊണ്ടുള്ള നിയമത്തിന്റെ പിന്നില്‍ വ്യക്തമായ ഉദ്ദേശ ശുദ്ധിയുണ്ട്.   ആ ഉദ്ദേശ ശുദ്ധിയാണ് പതിനെട്ടുകാരനും പത്തൊമ്പത്കാരിക്കും ഒന്നിച്ചു താമസിക്കാമെന്നുള്ള വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വിധി നിയമത്തിന്റെ സാങ്കേതിക ഉദ്ദേശത്തെ മറികടക്കുന്നു. ഇത് ഒട്ടേറെ നിയമ പ്രശ്‌നങ്ങള്‍ക്കും വഴി വെക്കാന്‍ സാധ്യതയുണ്ട് . കാരണം പത്തൊമ്പത് കാരിയായ യുവതിക്ക് വിവാഹപ്രായം തികഞ്ഞിട്ടുണ്ട്. അവര്‍ക്ക് ഗര്‍ഭ ധാരണത്തിനും നിയമപരമായി തടസ്സമില്ല. വിവാഹം കഴിക്കാതെ ഗര്‍ഭം ധരിക്കുന്നത് നിയമ വിരുദ്ധവുമല്ല. ആ നിലയ്ക്ക് പതിനെട്ടുകാരനില്‍ നിന്ന് വേണമെങ്കില്‍ ഗര്‍ഭം യുവതിക്ക് ധരിക്കുകയും ആകാം.

 

അപ്പോഴും ഇരുപത്തിയൊന്ന് വയസ്സ് പുരുഷന്റെ വിവാഹപ്രായമായി നിശ്ചയിക്കപ്പെട്ടതിന് പിന്നിലെ സാമൂഹിക ലക്ഷ്യം പാരാജയപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതിയുടെ വിധി നിയമത്തിന്റെ ശാക്തിക ഭാവത്തെ പരാജയപ്പെടുത്തുന്നു എന്നതാണ് വ്യക്തമാക്കുന്നത്. നിയമ പരമായി വിവാഹിതരായാലും അല്ലെങ്കിലും സ്ത്രീയും പുരുഷനും ദമ്പതികളായി ജീവിക്കുന്നത് വൈവാഹിക ജീവിതം തന്നെ. അവിടെ നിലവിലുള്ള നിയമം നോക്കുകുത്തിയാക്കപ്പെടുന്നില്ലേ എന്ന സന്ദേഹം അസ്ഥാനത്തല്ല.

 

 

Tags: