മോദിക്ക് പേടി കുടുങ്ങി

Glint Staff
Fri, 29-03-2019 03:00:15 PM ;

Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടം. ജനുവരി 28ന്  ഉത്തര്‍പ്രദേശിലെ മീററ്റില്‍ തുടങ്ങിയ വിജയ സങ്കല്‍പ്പ്  റാലിയെ അഭിസംബോധന ചെയ്യുന്ന മോദിയുടെ പ്രസംഗവും ശരീരഭാഷയും അതാണ് വിളിച്ചറിയിക്കുന്നത്. 2019ലെ മോദി 2014ലെ  മോദിയെ വികലമായി അനുകരിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ആ പ്രസംഗത്തില്‍ കണ്ടത് .ഒരു രാഷ്ട്രത്തിന് പ്രതീക്ഷയും ആവേശവും നല്‍കുന്നതായിരുന്നു 2014 ലെ നരേന്ദ്രമോദിയുടെ ആകര്‍ഷകമായ പ്രഭാഷണ പരമ്പര. നേതൃപാടവും അതിലൂടെ പ്രകടമായിരുന്നു. അതിന്റെ പ്രതിഫലനമാണ് മോദിയും ബിജെപിയും പ്രതീക്ഷിക്കാത്തത്ര വിലയ വിജയം കഴിഞ്ഞതവണ ഉണ്ടാക്കിക്കൊടുത്തത്.

 

മീററ്റിലെ വിജയ് സങ്കല്‍പ്പ് റാലിയില്‍ മോദി മതിഭ്രമം ബാധിച്ചതുപോലെ അലറി  വിളിക്കുകയായിരുന്നു. പ്രതീക്ഷക്ക് പകരം ഭീതിയാണ്  അദ്ദേഹം പ്രസംഗത്തിലൂടെ ജനങ്ങളിലേക്ക് വിന്യസിപ്പിക്കാന്‍ ശ്രമിച്ചത്. ഭീതി ഉണ്ടാവുമ്പോള്‍ മാത്രമേ രക്ഷയുടെ പ്രാധാന്യവും കാവലിന്റെ പ്രസക്തിയും അമിതമായി വരികയുള്ളൂ. മോദിയും ബിജെപിയും കാവല്‍ക്കാരന്‍ തന്ത്രത്തിലൂടെ  രാജ്യരക്ഷയെ ഉയര്‍ത്തിക്കാട്ടി ഭീതിയുടെ അന്തരീക്ഷം ഒരുക്കുകയാണ്.പേടിയില്‍ നിന്ന് ആക്രമണവും ഉണ്ടാകും.

 

പകല്‍ പോലെ വ്യക്തമാണ് കര്‍ണാടകത്തിലെ കുമാരസ്വാമി മന്ത്രിസഭയും അതിനെ പിന്തുണയ്ക്കുന്ന  കോണ്‍ഗ്രസും എല്ലാം കൂറ്റന്‍ അഴിമതി പ്രവര്‍ത്തികളില്‍ ഒരേപോലെ  ഏര്‍പ്പെട്ടുകൊണ്ട് തന്നെയാണ് മന്ത്രിസഭാ രൂപീകരിച്ചതും നിലനിര്‍ത്തുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും എന്ന കാര്യം. ബിജെപിയും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അഴിമതിയുടെ പേരില്‍ ജയിലില്‍ കിടന്ന ആളാണ് കര്‍ണാടകത്തിലെ നിയമസഭാകക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന യെദ്യൂരപ്പ. മീററ്റില്‍ വിജയ് സങ്കല്‍പ്പ് റാലി നടന്നു കൊണ്ടിരുന്നപ്പോള്‍ കര്‍ണാടകത്തില്‍ സംസ്ഥാന മന്ത്രിമാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും എന്‍ജിനീയര്‍മാരുടെയുമൊക്കെ വീടുകളില്‍ ആദായനികുതി റെയ്ഡുകള്‍ അരങ്ങേറുകയായിരുന്നു. സാങ്കേതികമായി ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാവില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള റെയ്ഡ് തന്നെയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആദായനികുതിവകുപ്പ് നടത്തുന്നത് എന്നുള്ളത് തിരിച്ചറിയുന്നതിന് സാമാന്യബുദ്ധിയുടെ ഏറ്റവും ചെറിയ അളവ് മതിയാകും. ഇതെല്ലാം സൂചിപ്പിക്കുന്നത് ബി.ജെ.പിക്കും മോദിക്കും പ്രതീക്ഷ ജനങ്ങള്‍ക്ക് കൊടുക്കാനും ഇല്ല തങ്ങള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നഷ്ടപ്പെട്ടു എന്നുള്ളതും തന്നെയാണ്.

 

Tags: