വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019- 'അഭിപ്രായ സര്‍വേകള്‍'

Glint Staff
Mon, 22-04-2019 05:30:00 PM ;

election

അഭിപ്രായ സര്‍വേകള്‍

ശാസ്ത്രീയമായി നടത്തിയാല്‍ അഭിപ്രായ സര്‍വേയിലൂടെ ലഭിക്കുന്ന വിവരം ഏതാണ്ടൊക്കെ ശരിയാകും. മുമ്പ് അത്തരം ചില സര്‍വേകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ ദേശീയ തലത്തില്‍ നടന്നിട്ടുണ്ട്. അതിലൂടെയാണ് അഭിപ്രായ സര്‍വേക്ക് വിശ്വാസ്യത കൈവന്നത്. എന്നാല്‍ പിന്നീടങ്ങോട് അഭിപ്രായ സര്‍വേകള്‍ താല്‍പര്യങ്ങളുടെ പ്രചാരണ തന്ത്രമായി ഉപയോഗിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ നടന്ന അഭിപ്രായ സര്‍വേകളാണ്. അതിലൂടെ സംഭവിച്ചത് സര്‍വേകളുടെ വിശ്വാസ്യതാ നഷ്ടവും. ഒരു ശാസ്ത്രീയ സങ്കേതം ഇതുവഴി അപ്രസക്തമാവുകയാണ്.

 

ഉദാഹരണമായി മൂന്ന് സര്‍വേകള്‍ എടുക്കാം. മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ്. മൂന്ന് മാധ്യമങ്ങളുടെയും താല്‍പര്യം വളരെ വ്യക്തമായി ഈ സര്‍വേയില്‍ നിഴലിക്കുന്നത് കാണാം. വടക്കന്‍ കേരളത്തില്‍ മാതൃഭൂമി എല്‍.ഡി.എഫിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ മലയാളമനോരമയുടെ സര്‍വേയില്‍ അത് യു.ഡി.എഫിനായി. ഏഷ്യാനെറ്റിന്റെ സര്‍വേയില്‍ സവിശേഷമായത് ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ നടത്തുന്ന മുന്നേറ്റമാണ്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ഒന്നുകില്‍ അഭിപ്രായ സര്‍വേ എന്ന സങ്കേതം അശാസ്ത്രീയം, അല്ലെങ്കില്‍ മാധ്യമങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള പരോക്ഷ ശ്രമം.

 

തിരഞ്ഞെടുപ്പിനെ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കാനുള്ള ഒരു ഉപാധി എന്നതിനപ്പുറം അഭിപ്രായ സര്‍വേകള്‍ ഒരു ദൗത്യവും നിര്‍വഹിക്കുന്നില്ല. ശരാശരി മനുഷ്യനിലെ ആകാംക്ഷ ഉയര്‍ത്തി അതിനെ തൃപ്തിപ്പെടുത്തുക എന്ന പൈങ്കിളി മാധ്യമ പ്രവര്‍ത്തന ലക്ഷ്യം തന്നെയാണ് താല്‍പര്യ സംരക്ഷണത്തിനുപരി സര്‍വേകളിലൂടെ പ്രകടമാകുന്നത്.   

 

Tags: