കേരള ചരിത്രം മാറ്റിയെഴുതുന്ന 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് (വീഡിയോ)

Glint Desk
Tue, 23-04-2019 07:30:45 PM ;

കേരളപ്പിറവിക്കുശേഷം മലയാളക്കരയില്‍ നടക്കുന്ന ഏറ്റവും സവിശേഷമായ തിരഞ്ഞെടുപ്പാണ് 2019 ലേത്. 2016 വരെ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രധാനമായും രണ്ട് മുന്നണികള്‍ തമ്മിലായിരുന്നു. സ്വാഭാവികമായും തിരഞ്ഞെടുപ്പുകാലത്ത് അജണ്ടകള്‍ നിശ്ചയിച്ചിരുന്നതും ഈ രണ്ട് മുന്നണികള്‍ തന്നെയായിരുന്നു. എന്നാല്‍ 2019 ല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ അജണ്ട നിശ്ചയിച്ചത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയാണ്.

 

ബി.ജെ.പി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ശക്തമായ ആക്രമണം നടത്തി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചിട്ടു പോലും ശബരിമല വിഷയത്തെ അതിജീവിക്കാന്‍ അത് സഹായിച്ചില്ല. രാഹുല്‍ പോലും ശബരിമല വിഷയത്തില്‍ മുങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.

 

ഒരു തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കത്തക്ക വിധം ബി.ജെ.പിയെ കേരളത്തില്‍ വളര്‍ത്തിയതിന്റെ പ്രധാന ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. കോണ്‍ഗ്രസിനെ തളര്‍ത്തി ബി.ജെ.പിയെ വളര്‍ത്തിയും അതുവഴി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നായിരുന്നു പിണറായി വിജയന്റെ കണക്ക് കൂട്ടല്‍ .എന്നാല്‍  രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് അതിന് വിലങ്ങായി. പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് ബി.ജെ.പി ധാരണയെന്ന കേട്ട് പഴകിയ ആരോപണം മാത്രമാണ് ഇടതുപക്ഷത്തിന് ഉയര്‍ത്താനായത്. പ്രത്യേകിച്ച് സി.പി.എമ്മിന്.

 

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് ബി.ജെ.പിക്ക് മുന്നിലേക്ക് ശബരിമല വിഷയം വരുന്നത്. സാവകാശ ഹര്‍ജിയെന്ന സാധ്യത മുന്നിലുണ്ടായിരുന്നെങ്കിലും എത്രയും പേട്ടെന്ന് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ബോധപൂര്‍വ്വം തുനിഞ്ഞിറങ്ങിയപ്പോള്‍ മറുവശത്ത് കാര്യമായ ഒരു പ്രവര്‍ത്തനവും കൂടാതെ ബി.ജെ.പി ശക്തി പ്രാപിച്ചു.

 

ശബരിമല വിഷയം ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അധികം സഹായിച്ചത് പത്തനംതിട്ട മണ്ഡലത്തിലാണ്. അവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനാണ്. നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന് പരസ്യമായ നിലപാടെടുത്ത ആളാണ് കെ.സുരേന്ദ്രന്‍. ആ വ്യക്തിയാണ് ഇന്ന് ആചാരസംരക്ഷകനായി മാറി ശബരിമലയുടെ പേരില്‍ വോട്ട് തേടിയത് എന്നോര്‍ക്കുമ്പോഴാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിണറായി സര്‍ക്കാരിന്റെ നടപടികള്‍ എത്രത്തോളം ഗുണം ചെയ്‌തെന്ന് മനസ്സിലാവുന്നത്. ആ അര്‍ത്ഥത്തിലാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായമായി മാറുന്നത്.

 

Tags: