ലോക് സഭാ തിരഞ്ഞെടുപ്പ്: വോട്ടിൽ നേട്ടം ബി.ജെ.പിക്ക്, സീറ്റിൽ യു.ഡി.എഫിന്, കോട്ടം എൽ.ഡി.എഫിനും

Glint Staff
Sat, 27-04-2019 08:30:45 PM ;

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പാണ്. മൂന്ന് മുന്നണികളും പല അവകാശവാദങ്ങളുമായി രംഗത്തുണ്ട്. മാധ്യമങ്ങളാകട്ടെ ആർക്കൊക്കെ എത്ര സീറ്റ് വിതം കിട്ടുമെന്ന കണക്കെടുപ്പിലാണ്. ഈ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിച്ചുവെന്ന് ലൈഫ് ഗ്ലിന്റ് വിലയിരുത്തുകയാണ്. എന്നാൽ സീറ്റിനെ കുറിച്ചുള്ള പ്രഖ്യാപനത്തിലേക്ക് ഞങ്ങൾ കടക്കുന്നില്ല. മറിച്ച് മലയാളിയുടെ പൊതു സമീപനം വിലയിരുത്തിയതിലൂടെ ബോധ്യമായ ചില വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

 

ഈ തിരഞ്ഞെടുപ്പിൽ വോട്ടിന്റെ കാര്യത്തിൽ ബി.ജെ.പിയാണ് കേരളത്തിൽ നേട്ടമുണ്ടാക്കുക. സീറ്റിന്റെ കാര്യത്തിൽ യു.ഡി.എഫും, നഷ്ടമുണ്ടാകുന്നത് ഇടതുപക്ഷത്തിനുമാണ്. ഞങ്ങളുടെ ഈ വിലയിരുത്തൽ ഒരുപക്ഷേ തെറ്റിയേക്കാം. അങ്ങനെ സംഭവിക്കുകയാണ് എങ്കിൽ ഞങ്ങൾ അവലംബിച്ച മാർഗങ്ങൾ ശരിയായിരുന്നില്ലെന്ന് ധരിക്കാം. ആ തെറ്റ് ഉൾക്കൊണ്ട് കൂടുതൽ സൂക്ഷമമായി മുന്നോട്ട് പോകുമെന്ന് ഉറപ്പ് നൽകുന്നു.

 

കേരളത്തിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച സമഗ്ര വിശകലനം നടത്തുന്ന പാർട്ടിയാണ് സി.പി.എം. അവരുടെ വിലയിരുത്തലിൽ എൽ.ഡി.എഫ് 18 സീറ്റുവരെ നേടാമെന്നും അതിൽ 8 സീറ്റ് ഉറച്ചതാണെന്നും പറയുന്നു. അത് ഞങ്ങളുടെ വിലയിരുത്തലിന് ഘടകവിരുദ്ധമാണ്. കോൺഗ്രസാകട്ടെ പതിവ് പോലെ തന്നെ അവ്യക്തമായ പ്രഖ്യാപനമാണ് നടത്തുന്നത്. വേണമെങ്കിൽ 20 ൽ 20 സീറ്റും നേടാമെന്ന് അവർ പറയുന്നു. ബി.ജെ.പിയാകട്ടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിക്കുമെന്ന് വാദിക്കുന്നു. ഈ അവകാശവാദം ഉന്നയിക്കുന്നവരിൽ ഏറ്റവും ഉത്തരവാദിത്വം സി.പി.എമ്മിനാണ്. കാരണം അവർ ബൂത്ത് തലത്തിലെ കണക്ക്‌ വിലയിരുത്തിയാണ് തങ്ങൾക്ക് എത്ര സീറ്റ് കിട്ടുമെന്ന് പറയാറ്.

 

ആ വിലയിരുത്തൽ തെറ്റുകയാണെങ്കിൽ ഇത്രയധികം പാരമ്പര്യമുള്ള സി.പി.എം പ്രസ്ഥാനത്തിന് കേരളത്തിന്റെ വർത്തമാനകാല സാഹചര്യം അറിയാൻ പറ്റുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയുന്നതിൽ പാർട്ടി സംവിധാനം പരാജയപ്പെട്ടു എന്നാണ് അതിൽ നിന്ന് മനസ്സിലാവുക. അത്തരമൊരു പാർട്ടിയിൽ എങ്ങനെ ജനങ്ങൾ വിശ്വാസമർപ്പിക്കും എന്ന ചോദ്യമാണ് ഈ അവസരത്തിൽ ഉയരുന്നത്. ഇത് മറ്റു പാർട്ടികൾക്കും ബാധകമാണ്. മറിച്ച് സി.പി.എം വിലയിരുത്തലാണ് ശരിയാകുന്നതെങ്കിൽ അവരാണ് കേരളത്തിലെ ഏറ്റവും വലിയ ശരി.

 

Tags: