മരടില്‍ കണ്ടത് തിരക്കഥ

Glint Desk
Tue, 17-09-2019 08:30:00 PM ;

പാരിസ്ഥിതിക നിയമങ്ങളെല്ലാം  കാറ്റില്‍പറത്തി കെട്ടിപൊക്കിയതാണ് മരടിലെ ഫ്‌ലാറ്റുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും റിയല്‍ എസ്റ്റേറ്റ് ലോബികളുമടങ്ങുന്ന ഒരു രഹസ്യ കൂട്ടുകെട്ട്  ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .  ഫ്‌ലാറ്റ് പണിയാന്‍ അനുമതി നേടിയെടുക്കുന്നത് മുതല്‍ സുപ്രീംകോടതിയുടെ ഫ്‌ലാറ്റ് പൊളിക്കണമെന്ന  വിധി വരെ ഈ രഹസ്യ കൂട്ടുകെട്ട് സജീവമായിരുന്നു.  എന്നാല്‍ വിധി പ്രതികൂലമായതോടെ ഇവര്‍ ഓരോരുത്തരും പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. നിയമലംഘനങ്ങള്‍ രഹസ്യമായി നടത്തിയവര്‍  വിധി മറികടക്കാന്‍ പരസ്യമായി രംഗത്തെത്തുന്ന കാഴ്ച. അവര്‍ക്ക്  പരസ്യമായി പ്രത്യക്ഷപ്പെടാന്‍ ഒരുക്കിയ തിരകഥയുടെ സീന്‍  ഒന്ന് :

 

2019 സെപ്റ്റംബര്‍ ഒന്‍പതിലെ  സുപ്രീംകോടതി വിധിക്ക് പിന്നാലെ കേരള ചീഫ് സെക്രട്ടറി ടോം ജോസ് ഫ്‌ലാറ്റ് സന്ദര്‍ശിക്കുന്നു.  ആ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പ് സ്ഥലത്ത് ആത്മഹത്യ ശ്രമം ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ നടന്നേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നു. ടോം ജോസിനെതിരെ സ്ഥലത്ത് പ്രതിഷേധം ഉണ്ടാവുകയും  ദൃശ്യമാധ്യമങ്ങള്‍ അത് ലൈവ് വാര്‍ത്തയാക്കുകയും ചെയുന്നു.

 

സീന്‍ രണ്ട് :
കൊടിയേരി ബാലകൃഷ്ണന്‍ ഫ്‌ലാറ്റ് സന്ദര്‍ക്കുകയും,  നിങ്ങള്‍ ആരും ഇവിടെ നിന്ന് ഇറങ്ങേണ്ടി വരില്ലെന്നും ഒരുകാരണവശാലും ഫ്‌ലാറ്റ് പൊളിക്കാന്‍ പോകുന്നില്ലെന്നും സര്‍ക്കാരും പാര്‍ട്ടിയും താമസക്കാര്‍ക്കൊപ്പം ആണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. പുനരധിവാസവും പരമാവധി നഷ്ടപരിഹാരവുംനേടി കൊടുക്കുമെന്നും അറിയിക്കുന്നു.

 

സീന്‍ മൂന്ന്:
 പിന്നാലെ   വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ മരടിലേക്കുള്ള കുത്തൊഴുക്ക്. പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. പുനരധിവാസവും പരമാവധി നഷ്ടപരിഹാരവും നേടിക്കൊടുക്കുമെന്നും ഉറപ്പു നല്‍കുന്നു.

 

സീന്‍ നാല് :
 എന്ത് തന്നെയായാലും വിധി  നടപ്പിലാകുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍,      തങ്ങളുടെ ഇതുവരെയുള്ള സമ്പാദ്യമായ കിടപ്പാടം  നഷ്ട്ടപ്പെടുത്തരുതെന്നും മാനുഷിക പരിഗണന അര്‍ഹിക്കുന്നവരാണ് തങ്ങളെന്നുമുള്ള പൊതുബോധം ഈ രഹസ്യകൂട്ട്‌കെട്ട്  ഉണ്ടാക്കിയെടുത്തു. ഏതൊരു വിഷയത്തോടും വിമര്‍ശനാത്മകമായി
 കാണുന്ന മാധ്യമങ്ങളെ പോലും മുന്‍നിര്‍ത്തി ഇത്തരത്തിലൊരു പൊതുബോധം ഊട്ടിഉറപ്പിക്കുകയും ചെയ്തു. .ഇതിന്റെ
ഫലമായി ഫ്‌ലാറ്റിനുള്ളില്‍ ഒതുങ്ങി നിന്ന സമരം തെരുവിലേക്കും വ്യാപിച്ചു.

 

കേരളം ഇന്നോളം പല കുടിയൊഴിപ്പിലുകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും കാണാത്ത വിധമുള്ള കുടിയൊഴിപ്പിക്ക പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യപ്രകടനം എന്തുകൊണ്ട് മരടില്‍ ഉണ്ടാകുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് മേല്പറഞ്ഞ  തിരക്കഥ.

 

Tags: