ഇതു ലേഡീസാ ാ ാ ാ യും!! ഇതു ലേഡീസാ മോനേയും!!

Glint staff
Sat, 16-09-2017 01:20:58 PM ;

ladies only compartment

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍. തീവണ്ടി വിടാറായി. ഓടിയല്ലെങ്കിലും അല്‍പ്പം ധൃതിയില്‍ ഓവര്‍ ബ്രിഡ്ജ് കയറി മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലെത്തി. പടിയിറങ്ങിച്ചെന്ന് അടുത്തുണ്ടായിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ കയറി. ഉള്ളിലേക്കു കയറിയ ഉടന്‍ അക്രമാസക്തരായ പ്രകടനക്കാര്‍ക്കു നേരേ ജലപീരങ്കി പ്രയോഗിക്കുന്നതിനു സമാനമായ ആക്രോശം  ഇതു ലേഡീസാ ാ ാ  ാ. ജലപീരങ്കി ഏല്‍ക്കുമ്പോഴുണ്ടാകുന്ന ആഘാതത്തേക്കാള്‍ വലിയ ശക്തിയോടെ പിന്നോട്ടു തെറിച്ചു കൊണ്ടു തിരിഞ്ഞു . അപ്രതീക്ഷിതമായ ആഘാതത്തില്‍ പിന്നാലെയുണ്ടായിരുന്ന സുഹൃത്തിന്റെ കാലില്‍ ചവിട്ടി അദ്ദേഹത്തിന്റെ നെറ്റിയുമായി കൂട്ടിമുട്ടി . സുഹൃത്ത് പിന്നിലേക്ക് വീഴാന്‍ പോയി. അദ്ദേഹത്തിന്റെ പിന്നില്‍ ഒരു യുവതിയും കയറി വരുന്നുണ്ട്. അവരുടെ പുറത്തേക്കു വീഴാതിരിക്കാന്‍ സുഹൃത്തിനെ തിടുക്കത്തില്‍ പിടിച്ചു. ഒടുവില്‍ സുഹൃത്തുമൊന്നിച്ചു വീഴുമെന്ന നിലയില്‍. എന്തായാലും ആ യുവതിയുടെ മേല്‍ വീഴാതെയും മറ്റത്യാഹിതങ്ങളുണ്ടാകാതെയും കഷ്ടിച്ച് രക്ഷപെട്ടു. പിന്നില്‍ വന്ന യുവതി എന്താണെന്ന് മനസ്സിലാകാതെ ഭസ്മീകര ദൃഷ്ടിയുമായി ഉണ്ട തുപ്പുന്ന പീരങ്കിയായി. എല്ലാം ഏറിയാല്‍ രണ്ടോ മൂന്നോ സെക്കന്‍ഡ് കൊണ്ട് കഴിഞ്ഞു.
              

 

പുറത്തിറങ്ങിയപ്പോള്‍ വണ്ടി നീങ്ങി. ഒടുന്നതിന്റെ പിന്നാലെ ഓടാനുള്ള സഹജവാസന കൊണ്ടും സ്ഥലകാലഭ്രമാന്തരാളത്തം കൊണ്ടും മുന്നോട്ടോടി. വണ്ടിയുടെ വേഗവും കൂടി . ഓട്ടത്തിനിടയില്‍ സ്‌നേഹപൂര്‍വ്വം പിന്നില്‍ നിന്നെത്തിയ ഒരു വാതില്‍ ഞങ്ങളെ ക്ഷണിച്ചു. ചാടിക്കയറി. അകത്തുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പെട്ടന്നു പിടിച്ചു കയറ്റി. അതു കൊണ്ട് സുഹൃത്തിനും കയറാന്‍ പറ്റി.
     

 

'ഏറെ നേരത്തേക്ക് ഇരുവര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റിയില്ല. കുറേ കഴിഞ്ഞു പരസ്പരം നോക്കി ചെറുതായി ഒന്നു ചിരിച്ചു. എത്ര ധൃതിയായാലും ഇനി കമ്പാര്‍ട്ട്‌മെന്റ് നോക്കാതെ കയറുന്ന പ്രശനമില്ലെന്ന് ആത്മഗതമെന്നോണം സുഹൃത്ത് കേള്‍ക്കെ പറഞ്ഞു. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് സുഹൃത്തിന് കൃത്യമായ ചിത്രം കിട്ടിയിരുന്നില്ല.' ഇങ്ങനെയുള്ളവരാണ് പാവപ്പെട്ട സ്ത്രീകള്‍ക്ക് നാശം വരുത്തി വയ്ക്കുന്നത് .ഇവരുടെയൊക്കെയുള്ളില്‍ ആരോടൊക്കെയോ ഉള്ള പകയും വിദ്വേഷവുമൊക്കെയാ. വണ്ടി വിട്ട് ഇറങ്ങാനെങ്ങാനും കഴിയാതെ വന്നിരുന്നെങ്കില്‍ ഒന്നുകില്‍ അവര്‍ തെറിയും വിളിച്ച് ചിലപ്പോള്‍ കൈയ്യും വച്ചേനെ. അല്ലെങ്കില്‍ പോലീസിനെ വിളിച്ച് സംഗതി എടങ്ങേറാക്കിയേനെ. ഇവര്‍ക്കൊന്നും ആരുടേയും സഹായം വേണ്ട. എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ കരഞ്ഞു വിളിച്ചാല്‍ പോലും ആരെങ്കിലും ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറുമെന്നു തോന്നുന്നില്ല. ഗോവിന്ദച്ചാമിയെ പോലുള്ളവര്‍ക്ക് ഇതൊക്കെ അറിയുകയും അവനൊക്കെ ധൈര്യം നല്‍കുന്നതും ഇത്തരം രീതികളാണ് '. കാര്യമറിഞ്ഞ സുഹൃത്ത് പറഞ്ഞു.
        

 

'ഹേയ്, സ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങിയതുകൊണ്ടു തോന്നുന്നതാ. ഗോവിന്ദച്ചാമിയെ പോലെ ഒരുത്തന്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതു കൊണ്ടല്ലേ സൗമ്യയെന്ന പെണ്‍കുട്ടിയെ അവന്‍ ഉപദ്രവിച്ചത്. ആ കുട്ടി ചാടിയതാണെങ്കിലും അവന്‍ തള്ളിയിട്ടതാണെങ്കിലും ആ കുട്ടി മരിക്കാനിടയായത് അയാള്‍ കാരണമല്ലേ. അപ്പോ, അവരുടെ ഭാഗത്തു നിന്ന് ജാഗ്രതയുണ്ടാകും. മാത്രമല്ല മാധ്യമങ്ങളിലൊക്കെ നിറയുന്ന വാര്‍ത്തകളും അവരില്‍ പല തരം ആശങ്കകളുണ്ടാക്കും.'
സുഹൃത്ത്: ഈ മാധ്യമങ്ങളാ ഇതെല്ലാം ഉണ്ടാക്കുന്നത്. മറ്റുള്ളവരെ വാക്കു കൊണ്ടായാലും അല്ലാതെയും ആക്രമിക്കുകയാണ് പ്രതികരണമെന്നാ അവരുണ്ടാക്കിയെടുത്തിട്ടുള്ള ധാരണ. അതു പോലെ ആണുങ്ങള്‍ പെണ്ണുങ്ങളുടെ ശത്രുക്കളാണെന്ന ധാരണയും ഉണ്ടാക്കിയെടുത്തിട്ടുണ്ട് ' സുഹൃത്ത് രോഷം കൊണ്ടു.

 

'എന്തായാലും ആണുങ്ങള്‍ കുറച്ചൊക്കെ അനുഭവിക്കുന്നതില്‍ തെറ്റില്ല. യുഗയുഗാന്തരങ്ങളായി പാവം സ്ത്രീകളെ ആണുങ്ങള്‍ അടിച്ചമര്‍ത്തിയിട്ടിരുന്നതല്ലേ. എന്തെല്ലാം ദ്രോഹങ്ങളാ അവരോട് ചെയ്തിട്ടുള്ളത്. ഇപ്പോഴും അവരനുഭവിക്കുകയല്ലേ. സഹസ്രാബ്ദങ്ങളായി അവരുഭവിച്ച വേദനയില്‍ നിന്നുണ്ടാകുന്ന രോഷമായി കണ്ടാല്‍ മതി'
       

ഇതൊന്നും സുഹൃത്തിനു സ്വീകാര്യമാകുന്നില്ല. ആണുങ്ങളെല്ലാവരും തങ്ങളെ ആക്രമിക്കവാന്‍ നടക്കുകയാണെന്നുള്ള രോഗസമാനമായ മാനസികാവസ്ഥയുടെ പ്രതിഫലനമാണിതെന്നുമുള്ള നിലപാടിലാണ് സുഹൃത്ത്. അവസരങ്ങള്‍ സൗകര്യപ്രദമല്ലാത്തതു കൊണ്ടല്ലേ ആണുങ്ങളില്‍ നല്ലൊരു ശതമാനവും ആക്രമിക്കാതിരിക്കുന്നതെന്നുള്ള മറു ചോദ്യത്തിനും അദ്ദേഹത്തിന്റെ രോഷത്തെ അടക്കാനായില്ല. കാലില്‍ നല്ലൊരു ചവിട്ടും നെറ്റിയിലൊരിടിയും വെപ്രാളവും ഒക്കെ അനുഭവിച്ചതിന്റെ പ്രതിഫലനം കൂടിയായിരിക്കാം സുഹൃത്തിനും രോഷം മാറാതെ നിന്നത്.
        

 

മാസങ്ങള്‍ കഴിഞ്ഞു. വര്‍ഷത്തിലേറെയാകാനാണിട. ഗുരുവായൂരില്‍ ഒരു കല്യാണം. എറണാകുളത്തു നിന്നും രാവിലെ ആറിന്റെ ഷട്ടില്‍ ട്രെയിനില്‍ പോയി. ഉച്ചയ്ക്ക് 12.50 ന് തിരിച്ചുള്ള അതേ ട്രെയിനില്‍ കയറാനെത്തി. പൊള്ളുന്ന വെയില്‍. പ്ലാറ്റ്‌ഫോമില്‍ ശാന്തത. ആരെയും തന്നെ കാണാനില്ല. മറവി മനുഷ്യസഹജമാണല്ലോ. മേല്‍ക്കൂരയുള്ള പ്ലാറ്റ്‌ഫോമില്‍ കിടന്ന കമ്പാര്‍ട്ട്‌മെന്റില്‍ കയറി. തിരക്ക് ഒട്ടുമില്ല. കയറിയ ഉടന്‍ ലോവര്‍ ബര്‍ത്തില്‍ കിടന്ന അമ്മയുടെ സ്വരം  ഇത് ലേഡീസാ മോനെ. അറിയാതെ ഓ ശരി എന്നു പറഞ്ഞ് തിരിച്ചിറങ്ങി. ആ പൊരിവെയിലിലും തണുപ്പറിഞ്ഞു കൊണ്ട് മുന്നോട്ടു നടന്ന് സാധാരണ കമ്പാര്‍ട്ട്‌മെന്റില്‍ കയറി.
      

 

ഇതു ലേഡീസാ മോനേ എന്നു പറഞ്ഞ ആ അമ്മയുടെ മുഖം കണ്ടില്ല. എന്നാലും ആ അമ്മുടെ ഭാവം സ്‌നേഹരൂപത്തില്‍  തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റിലിരുന്നു കൊണ്ട് സ്വന്തം മുഖത്തറിഞ്ഞു. ശരീരം മുഴുവന്‍ ഊര്‍ജ്ജം പകരുന്നതായറിഞ്ഞു. ചിലപ്പോള്‍ ആ അമ്മയ്ക്ക് ശാരീരികമായ വലിയ കരുത്തുണ്ടാവില്ല. എന്നിരുന്നാലും ആ അമ്മയില്‍ നിന്ന് ശക്തി പ്രവഹിച്ചു.കല്യാണ സദ്യക്ക് കുടിച്ച പാലട പ്രഥമന്റെയും പരിപ്പ് പായസത്തിന്റെയും മധുരം ഉണ്ടെണീറ്റപ്പോള്‍ അവസാനിച്ചു. ഇതു ലേഡീസാ മോനേയിലൂടെ കടന്നു വന്ന മധുരം അവസാന ശ്വാസം വരെ മധുരവും ഊര്‍ജ്ജവുമായി പ്രകാശിക്കും. ഇതാണ് ശക്തി. സ്‌നേഹം തന്നെയാണ് ശക്തിയെന്ന് ഒന്നുകൂടി അനുഭവവേദ്യമായ മുഹൂര്‍ത്തം.ഈ സംഗതിയാണ് അഹിംസയെന്ന പദ്ധതിയിലൂടെ മഹാത്മാഗാന്ധി രാഷ്ട്രീയത്തില്‍ സന്നിവേശിപ്പിച്ച് ദേശീയ പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നത്.
           

 

ഈ മധുരം നേരിട്ട് സുഹൃത്തിന് പകരാന്‍ പറ്റിയില്ല. ഈ അമ്മയുടെ മക്കള്‍ വാത്സല്യത്തിന്റെ സമൃദ്ധിയില്‍ തന്നെയാകും വളര്‍ന്നിട്ടുള്ളത്. ഗുരുവായൂരില്‍ തൊഴാനെത്തുമ്പോള്‍ നട തള്ളപ്പെട്ട അമ്മമാരുടെ അവസ്ഥ കണ്ട് തനിക്കിതു പോലെ വരുമെന്നുള്ള ആശങ്കയും ഈ അമ്മയിലുണ്ടാവില്ല. ഇതു ലേഡീസാ എന്ന് തമ്പാനൂരിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെ സ്ത്രീക്കും സഹജീവി സ്‌നേഹത്തില്‍ പറയാമായിരുന്നു. ഇതു  ലേഡീസാ മോനേയും ഇതു ലേഡീസാ ാ ാ ാ ജലപീരങ്കിയും ഓര്‍ക്കുമ്പോള്‍ രണ്ട് രാഷ്ട്രീയ സമീപനങ്ങളും തെളിഞ്ഞു വരുന്നു. ഒന്നു ഗാന്ധിജിയുടേതും മറ്റേത് കമ്മ്യൂണിസത്തിന്റെതും. ഭൗതിക തരംഗവശാല്‍ ഇതു ലേഡീസാ ാ ാ ാ ായ്ക്കാണ് ശക്തിയെങ്കിലും നിലയ്ക്കാത്ത യഥാര്‍ഥ ശക്തി ഇതു ലേഡീസാ മോനേയ്ക്കു തന്നെയാണ്. ഒരേ മുഹൂര്‍ത്തവും രണ്ടു സമീപനങ്ങളും.മനുഷ്യസഹജമായ മറവിക്കു നന്ദി. അതുകൊണ്ടാണ് ഇതു ലേഡീസാ മോനേ എന്നന്നേക്കുമായി ലഭിച്ചത്

 

 

Tags: