ബിന്ദു അമ്മിണി സംസ്ഥാന സര്‍ക്കാരിന്റെ റെഡിമേഡ് തിരക്കഥയോ?

Glint Desk
Wed, 27-11-2019 05:00:45 PM ;

സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിഞ്ഞ വര്‍ഷം രാത്രിയില്‍ ശബരിമല കയറിയ ബിന്ദു അമ്മിണി സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുകയിരുന്നു.സര്‍ക്കാരിന്റെ തിരക്കഥ അനുസരിച്ച് അഭിനയിക്കുക എന്ന ദൗത്യം.സര്‍ക്കാരിന്റെ കനിവില്ലെങ്കില്‍ ബിന്ദു അമ്മിണിക്ക് സ്വതന്ത്രമായി കേരളത്തില്‍ നടക്കാന്‍പോലും പറ്റില്ല. കഴിഞ്ഞതവണ യുവതികളെ മലക്കയറ്റാനായിരുന്നു സംസ്ഥാന സര്‍ക്കാരിന് വാശിയെങ്കില്‍ ഇക്കുറി നേരെ തിരിച്ചാണ്. നാമജപക്കാര്‍ ഏതെങ്കിലും യുവതിയെ കയറ്റാന്‍ വിചാരിച്ചാല്‍ പോലും സര്‍ക്കാര്‍ കയറ്റില്ലെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് ബുധനാഴ്ച്ചയോട്  കൂടി തീര്‍ന്നുക്കിട്ടി. ത്രിപ്തി ദേശായിയും കൂട്ടരും മലകയറാന്‍ വന്ന് മടങ്ങിപോയത് പോലെ. മന്ത്രി എ.കെ ബാലന്‍ ഉറപ്പിച്ചുപറഞ്ഞു ശബരിമലയില്‍ യുവതികളെ കയറ്റില്ല. കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി ഇത്ര ഉറച്ച സ്വരത്തില്‍ യുവതികളെ ശബരിമലയില്‍ കയറ്റില്ലെന്ന് പ്രഖ്യാപിക്കുന്നത്.തൃപ്തി ദേശായിയുടെ വരവിനെ കുറിച്ച് ബിന്ദു അമ്മിണിക്ക് അറിയാമായിരുന്നു.ബിന്ദു അമ്മിണിക്ക് അറിയാമെങ്കില്‍ അത് സംസ്ഥാന ഗവണ്‍മെന്റും അറിഞ്ഞേപ്പറ്റൂ.കാരണം ബിന്ദു അമ്മിണി സംസ്ഥാന സര്‍ക്കാരിന്റെ റെഡിമേഡ് തിരക്കഥയാണ്. ഇനി ഒന്നേ അറിയേണ്ടതുള്ളൂ,ബിന്ദു അമ്മിണിയിലൂടെ അനാവൃതമായ തിരക്കഥയില്‍ തൃപ്തി ദേശായിയും ജനം ടിവിയും പെട്ടതാണോ അതോ സംസഥാന സര്‍ക്കാരിന്റെയും ബിന്ദുവിന്റെയും തൃപ്തിയുടെയും സംയുക്ത തിരക്കഥയില്‍ ജനം ടിവിയും നാമജപക്കാരും ആടിതിമിര്‍ക്കുകയായിരുന്നോ എന്ന്. ഒരു കാര്യത്തില്‍ മാത്രം സംശയമില്ല ബിന്ദു അമ്മിണി റെഡിമേഡ് തിരക്കഥ തന്നെ.

 

 

 

Tags: