ഹാട്രിക് അടിച്ച് കെജ്രിവാള്‍; ഇതൊരുപോലെ കോണ്‍ഗ്രസ്സിനും ബി.ജെ.പിയ്ക്കുമുള്ള പാഠം

Glint Desk
Tue, 11-02-2020 05:45:30 PM ;

ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ഹാട്രിക് വിജയം. 2015 ലെ മൃഗീയ ഭൂരിപക്ഷത്തിന് സമാനമായ വിജയമാണ് ഇക്കുറിയും ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റായിരുന്നു നേടിയതെങ്കില്‍ ഇക്കുറി ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 63 സീറ്റാണ് എ.എ.പിയുടെ നേട്ടം.

ആംആദ്മിയും ബി.ജെ.പിയും തമ്മിലായിരുന്നു ഡല്‍ഹിയില്‍ പോരാട്ടം. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു. പ്രചണ്ഡ പ്രചാരണമാണ് ബി.ജെ.പി ഇക്കുറി ഡല്‍ഹിയില്‍ നടത്തിയത്. മോദിയും അമിത് ഷായും നേരിട്ടിറങ്ങിയാണ് പ്രചാരണം നയിച്ചത്. ജനത്തെ ഇളക്കി മറിക്കുന്ന പല റാലികളും നടന്നു. എന്നാല്‍ അതൊന്നും വോട്ടാക്കാന്‍ അവര്‍ക്കായില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജനം ആ പ്രചാരണങ്ങള്‍ക്കൊന്നും ചെവിക്കൊണ്ടില്ല.എന്നാല്‍ വാഗ്ദാനങ്ങളൊന്നും തന്നെ നല്‍കാതെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കി വോട്ട് ചെയ്യാനാണ് കെജ്രിവാള്‍ ജനങ്ങളോട് പറഞ്ഞത്. അങ്ങനെ നോക്കുകയാണെങ്കില്‍ കെജ്രിവാളിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഡല്‍ഹി നിവാസികള്‍ തൃപ്തരാണ്. ആ ഭരണം ഇനിയും തുടരണമെന്ന് ആവര്‍ ആഗ്രഹിക്കുന്നു.

ഇത് ബി.ജെ.പിക്കും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരു പാഠമാണ്. ജനതാല്‍പര്യത്തെ അവഗണിച്ച് സ്വന്തം താല്‍പര്യം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ മാറി ചിന്തിക്കും എന്ന വ്യക്തമായ സന്ദേശമാണ് ഡല്‍ഹി വോട്ടര്‍മാര്‍ നല്‍കുന്നത്. തങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ പരിഗണിക്കാതെ മറ്റ് പല വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ട് വന്ന് വോട്ടാക്കാന്‍ ശ്രമിക്കേണ്ട, അത് നടപ്പില്ല എന്ന സന്ദേശം. ജനക്ഷേമ കാര്യത്തില്‍ ബി.ജെ.പിയായിക്കോടെ മറ്റ് പാര്‍ട്ടികളായിക്കോട്ടെ തിരഞ്ഞെടുപ്പിന് മുമ്പ് മോഹന വാഗ്ദാനങ്ങല്‍ നല്‍കുകയും അധികാരം കിട്ടിയാല്‍ അത് മറന്ന് കളയുകയുമാണ് പതിവ്. എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് അത് നടപ്പിലാക്കാന്‍ വേണ്ടിയാണെന്ന് എ.എ.പി ഡല്‍ഹിയില്‍ പലകാര്യങ്ങളിലൂടെയും കാണിച്ച് കൊടുത്തു.

ആം ആദ്മി സര്‍ക്കാര്‍ തങ്ങളുടെ അവസാനകാലത്ത് പ്രഖ്യാപിച്ച് നടപ്പിലാക്കിയ സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകളുടെ യാത്ര ഈ പദ്ധതികള്‍ ജനത്തെ വളരെയധികം സ്വാധീനിച്ചു. ഒരു തരത്തില്‍ ഇത് വോട്ടിനുള്ള കൈക്കൂലിയാണെന്ന ആക്ഷേപത്തെ തള്ളിക്കളയാനാവില്ലെങ്കിലും ഇത് ജനങ്ങളെ സംബന്ധിച്ചെടത്തോളം വലിയ കാര്യമാണ്. അതുകൊണ്ടാണ് പ്രത്യേകിച്ച് ഒരു രാഷ്ട്രിയവും പറയാതെ കെജ്രിവാള്‍ വീണ്ടും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഏകാധിപത്യ ഭരണം തുടരുന്ന ബി.ജെ.പിയും നേതാവില്ലാതെ നിര്‍ജീവമായ കോണ്‍ഗ്രസുമാണ് കെജ്രിവാളിനെ വീണ്ടും ജയിപ്പിച്ചത്.

ഡല്‍ഹിയിലെ ജനങ്ങള്‍ മാത്രമല്ല ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരും സമാനമായി ചിന്തിച്ചേക്കാം. നിലവിലെ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ തന്നെ ഒരുവിഭാഗം ജനങ്ങള്‍ മടുത്തിരിക്കുകയായാണ്. പ്രത്യേകിച്ച് പുതു തലമുറയിലെ ഒരു വിഭാഗം. ഇതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പാഠമുള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത പക്ഷം മറ്റ് സംസ്ഥാനങ്ങളില്‍ പുതിയ കെജ്രിവാളുമാര്‍ ജനിക്കുന്ന കാലം വിദൂരമല്ല.

Tags: