വഴിപാടല്ല വോട്ട്, അങ്ങനെയാകുന്നതാണ് പ്രശ്‌നം

Glint Desk
Mon, 30-11-2020 06:30:15 PM ;

"ആര് ജയിച്ചാലും ആര് ഭരിച്ചാലും അവനവന്‍ ജോലിക്ക് പോയാല്‍ ഭക്ഷണം കഴിക്കാം, കടങ്ങള്‍ വീട്ടാം... ഒരു രാഷ്ട്രീയക്കാരും നമ്മളെ സഹായിക്കില്ല". 

തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന ഒരു പോസ്റ്റാണിത്. ഈ ഇടെയായി ഇത്തരം പോസ്റ്റിടുന്നവരുടെയും പങ്ക് വയ്ക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. തങ്ങളുടെ നിലപാടും സമീപനുമാണ് ഇതുവഴി അത്തരക്കാര്‍ വെളിവാക്കുന്നത്. ഇന്ന് ജനായത്തസംവിധാനത്തില്‍ വന്നിരിക്കുന്ന ജീര്‍ണതകള്‍ക്കുള്ള പ്രധാനകാരണവും ഇതു തന്നെയാണ്. ജനായത്തത്തില്‍ തങ്ങളുടെ പങ്കെന്താണെന്ന് ജനങ്ങള്‍ക്ക് തന്നെ അറിയില്ല. ഒരു വോട്ടിട്ടാല്‍ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നാണ് അധികമാളുകളുടെയും ധാരണ. മറ്റൊന്ന് ജനായത്ത സംവിധാനത്തില്‍ നിന്ന് പലരും പ്രതീക്ഷിക്കുന്നത് സൗജന്യമാണ്. ഭക്ഷണമുള്‍പ്പെടെ വെറുതെ കിട്ടുന്നതാണ് നല്ലഭരണം എന്നാണ് ചിലരുടെയൊക്കെ ധാരണ. അത്തരം അബദ്ധധാരണകളില്‍ നിന്നാണ് മുകളില്‍ പറഞ്ഞതുപോലുള്ള പോസ്റ്റുകള്‍ ഉണ്ടാകുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒഴിഞ്ഞുമാറ്റമാണത്. എല്ലാ ഉത്തരവാദിത്വവും ജനപ്രതിനിധികള്‍ക്ക് മുകളില്‍ കെട്ടിവച്ച് സ്വയം വിലപിക്കുന്ന അവസ്ഥ.

ജനപ്രതിനിധികളുടെ അഴിമതിയെയും കെടുകാര്യസ്ഥതയെക്കാളുമൊക്കെ കൂടുതല്‍ ജനായത്തത്തെ ജീര്‍ണിപ്പിക്കുന്നത് വോട്ടര്‍മാരുടെ ഇവ്വിധമുള്ള ഉത്തരവാദിത്തമില്ലായ്മയാണ്. കാരണം ജനായത്ത സംവിധാനം പാങ്കാളിത്തത്തോട് കൂടിയേ പ്രാവര്‍ത്തികമാവുകയുള്ളൂ. ആ പങ്കാളിത്തമുണ്ടാകേണ്ടത് ജനങ്ങളാകുന്ന വോട്ടര്‍മാരില്‍ നിന്നാണ്. അതില്ലാതെ വരുമ്പോഴാണ് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും തോന്നിയ വഴിക്ക് നീങ്ങുന്നത്. 

ഒന്നുമില്ലെങ്കിലും നമ്മളെ ഭരിക്കേണ്ടതാരാണ് എന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ഈ നാട്ടില്‍ ഉണ്ടല്ലോ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നമ്മളൊരാള്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ വോട്ടിന് പോലും ഭരണം മാറാറുണ്ട്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്നതു പോലെ ഒരു വോട്ടര്‍ക്ക് തന്റെ വില അറിയില്ലെന്നതാണ് ഇവിടുത്തെ പ്രശ്‌നം. തിരഞ്ഞെടുപ്പ് പോലും ഇല്ലാത്ത എത്ര രാജ്യങ്ങള്‍ നമുക്ക് ചറ്റുമുണ്ട്. അവിടെ സ്വന്തമായി ഒരു അഭിപ്രായം രേഖപ്പെടുത്താന്‍ പോലും ജനങ്ങള്‍ക്ക് അവസരമില്ല. അതു വച്ച് നോക്കുമ്പോള്‍ നമ്മുടെ ജനായത്ത സംവിധാനം എത്രയോ ഉന്നതിയിലാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പുകളെ പുശ്ചത്തോടെയല്ല കാണേണ്ടത്. ഒരു വഴിവാട് പോലെയുമല്ല വോട്ട് രേഖപ്പെടുത്തേണ്ടത്. ഏറ്റവും ഫലപ്രദമായി വോട്ടവകാശം വിനിയോഗിക്കേണ്ടത് തദ്ദേശ തിരഞ്ഞെടുപ്പിലെന്ന ബോധ്യവും ജനങ്ങള്‍ക്കുണ്ടാകണം. 

Tags: