ദുരഭിമാനകൊല അല്ല, കുറ്റവാസനയില്‍ നിന്നുണ്ടായ കൊലപാതകം

Glint desk
Mon, 28-12-2020 06:15:30 PM ;

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയില്‍ അനീഷ് എന്ന യുവാവ് കൊലചെയ്യപ്പെട്ടത് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അനീഷിന്റെ കൊലപാതകം ദുരഭിമാന കൊല എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഈ കൊലപാതകം ആഘോഷിക്കപ്പെടുന്നത്. ഈ സംഭവത്തെ വടക്കേ ഇന്ത്യയില്‍ നടക്കുന്ന പല സംഭവങ്ങളുമായി താരതമ്യം ചെയ്ത് കൊണ്ടുള്ള പോസ്റ്റുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. വടക്കേ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവെറി ഒരിക്കലും കേരളത്തിന്റെ പശ്ചാത്തലവുമായി താരതമ്യം ചെയ്യാവുന്നതല്ല. അവിടെ ജാതിപരമായ ഒറ്റ കാരണം കൊണ്ട് തന്നെ ദുരഭിമാന കൊല മുന്‍കൂട്ടി നടത്താറുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ കേരളത്തില്‍ അത്തരത്തിലുള്ള ദുരഭിമാന കൊലകള്‍ നടന്നിട്ടുണ്ടോ എന്ന് നോക്കി കഴിഞ്ഞാല്‍ അത് വളരെ അപൂര്‍വ്വമായി മാത്രമെ സംഭവിച്ചിട്ടുണ്ടാകാന്‍ സാധ്യതയുള്ളൂ. 

അനീഷും ഹരിതയും തമ്മില്‍ വിവാഹിതരായി. പത്തൊമ്പത് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ഹരിത. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഈ കുറ്റകൃത്യം നടക്കുന്നത്. ഇവരുടെ വിവാഹത്തിന് ശേഷം ഹരിതയുടെ അച്ഛന്‍ വെല്ലുവിളിച്ചിരുന്നുവെന്നും മറ്റും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ പോലും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് ഹരിതയുടെ അമ്മാവന്‍ സുരേഷും അച്ഛനും ചേര്‍ന്ന് അനീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സ്വാഭാവികമായിട്ടും ജാതിയുമായി ബന്ധപ്പെട്ട ഘടകങ്ങളെല്ലാം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. ഹരിതയുടെ അമ്മാവന്‍ സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഒരു വ്യക്തി മദ്യപിച്ച് കഴിഞ്ഞുള്ള മാനസികാവസ്ഥയും കൂടിയാണ് ഇത്തരം ഒരു കൊലപാതകത്തിലേക്ക് നയിച്ചത്. ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ ഈ കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്. 

ഒരു ദുരഭിമാന കൊല എന്നതിലേക്ക് അനീഷിന്റെ കൊലപാതകത്തെ പെടുത്തുമ്പോള്‍ പൊതു സമൂഹത്തില്‍ ജാതി വ്യത്യാസത്തെ വര്‍ധിപ്പിക്കാന്‍ മാത്രമെ ഇത്തരം വിശേഷണങ്ങള്‍ സഹായിക്കുകയുള്ളൂ. ഇത് യുവാക്കളിലും മുതിര്‍ന്നവരിലും ഒരുപോലെ തന്നെ ജാതി മത ചിന്തകള്‍ ഊട്ടിവളര്‍ത്താന്‍ മാത്രമെ ഉപകാരപ്പെടുകയുള്ളൂ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ നിന്ന് തന്നെ നമുക്ക് ഊട്ടി ഉറപ്പിക്കാന്‍ പറ്റുന്ന കാര്യമാണ് ഇത് വെറുമൊരു ദുരഭിമാന കൊല മാത്രമല്ല, ഇത് കൊലപാതകമാണ്. ഈ കൊലപാതകത്തിന്റെ കാരണം ഹരിതയും അനീഷും തമ്മില്‍ വിവാഹിതരായതാണ്. ഇതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ്. കുറ്റവാസനയും സംഘര്‍ഷവുമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ച മറ്റ് പ്രധാന കാരണങ്ങള്‍. 

ഏത് കൊലപാതകമാണെങ്കിലും അത് പ്രാഥമികമായിട്ട് ഒരു കുറ്റകൃത്യമാണ്. വ്യക്തികളിലെ കുറ്റവാസന കൊണ്ട് മാത്രമെ കുറ്റകൃത്യം സംഭവിക്കുകയുള്ളൂ. വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതെ രണ്ട് പേര്‍ വിവാഹം കഴിക്കുമ്പോള്‍ സ്വാഭാവികമായിട്ടും വീട്ടുകാരുടെ എതിര്‍പ്പുകളും അതിന്റെ സംഘര്‍ഷങ്ങളും ഉണ്ടാവുക പതിവാണ്. അതില്ലാതെയും അനേകം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. രണ്ട് ജാതിയില്‍ പെട്ട അല്ലെങ്കില്‍ രണ്ട് മതത്തില്‍ പെട്ട ആളുകളുടെ വിവാഹവും കേരളത്തില്‍ ഒരു സാധാരണ രീതിയായി മാറിയിട്ടുണ്ട്. അത്തരമൊരു മാറ്റത്തിലൂടെ കേരളം കടന്നു പോകുമ്പോള്‍ ദുരഭിമാന കൊല എന്നത് സാര്‍വത്രികമാകുന്നു എന്ന പ്രചാരണം വളരെയധികം ദോഷകരമായ സാമൂഹിക പൊതുബോധം കേരളത്തില്‍ സൃഷ്ടിക്കും എന്നതും ഓര്‍ക്കണ്ടതുണ്ട്.

Tags: