ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്റെ ഫോണ്‍ ശരിയാക്കലില്‍ ശരികേടാകുന്ന പരിസരം

Gint Staff
Sat, 29-07-2017 03:26:59 PM ;

b s n l

ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ ഉടമസ്ഥന് വിട്ടുകളയാന്‍ തോന്നുന്നില്ല. ഏറെ നാളായി ബില്ലടയ്ക്കുന്നണ്ടെങ്കിലും ഉപയോഗിക്കാറില്ല. കാരണം ഫോണ്‍ പ്രവര്‍ത്തിക്കാറില്ല. പല തവണ പരാതിപ്പെട്ടു. രേഖാ മൂലവും അല്ലാതെയും. എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. മൊബൈല്‍ ഫോണ്‍ ഉള്ളതിനാല്‍ ഉടമസ്ഥന് ലാന്‍ഡ് ലൈന്‍ അത്യാവശ്യമില്ല. അതിനാലാണ് പിന്നാലെ പോയി ശരിയാക്കാന്‍ മെനക്കെടാതിരുന്നത്. എന്നാല്‍ ബില്ല് കൃത്യമായി എത്താറുണ്ട്. ബ്രോന്‍ഡ് ബാന്‍ഡ് കണക്ഷനുള്‍പ്പടെയുളളതിന്റെ. ബ്രോഡ് ബാന്‍ഡിന്റെ അവസ്ഥയും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഒടുവില്‍ നേരിട്ടു സംഘം ചേര്‍ന്ന് പരാതി ബോധിപ്പിച്ചു. ആദ്യം വളരെ വളരെ ഞെരുങ്ങിയ കണ്ഠശബ്ദത്തോടെ ബി.എസ്.എന്‍.എല്‍ അധികാരി തങ്ങളുടെ ഭാഗത്ത് തെറ്റേ ഇല്ല എന്ന് സമര്‍ഥിച്ചു. പരിശോധിച്ചു നോക്കിയപ്പോഴാണ് അറിയുന്നത് ഏറെ മാസങ്ങളായി ഈ ഫോണ്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന്. ഞെരുങ്ങിയ കണ്ഠം പെട്ടന്ന് വികസിച്ചു. സ്വരം ഓടക്കുഴലില്‍ നിന്നു വരുന്നതു പോലെ മധുരം. പരതിയപ്പോള്‍ പരാതിയും കിട്ടി. ലൈ്ന്‍ കിട്ടുന്നില്ലായിരുന്നെങ്കില്‍ പിന്നെന്തിനാണ് ബില്ലടച്ചതെന്നു ചോദിച്ചു. റവന്യു റിക്കവറി ഒഴിവാക്കാനെന്നു പറഞ്ഞപ്പോള്‍ ഓടക്കുഴല്‍ ശബ്ദം വീണ്ടും മധുരതരമായി. അങ്ങനെ ബ്രോഡ്ബാന്‍ഡ് അവസാനിപ്പിച്ചു. ശീലക്കുഴപ്പത്തിന്റെ ഫലമായി ലാന്‍ഡ് ലൈന്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഇപ്പോഴും ചില ഡിജിറ്റല്‍ സ്ഥാപനങ്ങള്‍ പോലും ലാന്‍ഡ് ലൈന്‍ നമ്പര്‍ ചോദിക്കാറുള്ളതിനാല്‍.

 

അതുഭൂതം. പിറ്റേ ദിവസം പൊതു അവധി ആയിരുന്നിട്ടുകൂടി ഫോണ്‍ നന്നാക്കാന്‍ ബി.എസ്.എന്‍.എല്ലിന്റെ ആള്‍ ഹാജര്‍.  പല തവണ താന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും മറ്റുമുള്ള ആമുഖത്തോടെ അദ്ദേഹം ജോലിയിലേക്കു പ്രവേശിച്ചു. വയറുകള്‍ പലതും മുറിക്കുകയും ചിലതിന്റെ ചെമ്പ് പുറത്തെടുക്കുകയും ചെയ്തു. വയറുമുറിക്കുമ്പോഴും ചെമ്പ് കമ്പിയുടെ അറ്റം കത്രിച്ചു കളയുമ്പോഴുമെല്ലാം അതെല്ലാം വീടിന്റെ  സ്വീകരണമുറിയുടെ പല ഭാഗങ്ങളിലേക്ക് തെറിച്ചു പോകുന്നുണ്ട്. അദ്ദേഹം പണി കഴിഞ്ഞു പോയപ്പോള്‍ ആ സ്വീകരണമുറിയുടെ നല്ലൊരു ഭാഗം വയര്‍ കമ്പി വേസ്റ്റുകള്‍.

 

ആ വയറുകള്‍ മുറിക്കുന്ന വിധം കാണേണ്ടതായിരുന്നു. അതു ഭൂമിയിലാണ് വീഴുന്നതെന്ന ധാരണപോലും ആ ഉദ്യോഗസ്ഥനിലുണ്ടായില്ല. മുറിക്കുക അത് തന്റെ ജോലി. അതെവിടെ വീഴുന്നു, എങ്ങനെ വീഴുന്നു, ആ കുഞ്ഞു കമ്പി കുഞ്ഞുങ്ങളുടെയോ മുതര്‍ന്നവരുടെയോ കാലില്‍ തുളച്ചു കയറുമോ എന്നൊന്നുമുളള ചിന്ത അദ്ദേഹത്തെ അലട്ടിയില്ലെന്നു മാത്രമല്ല. ദശാബ്ദങ്ങളായി അതു ശീലിച്ചു വരുന്നതിന്റെ ലക്ഷണവും ആ രീതിയില്‍ പ്രകടമായി. തറ അഴുക്കാകും എന്ന ചിന്ത പോകട്ടെ. അതുപോലെ തന്നെ അദ്ദേഹം വയറല്ലെ കൂട്ടിയോജിപ്പിച്ച ചേര്‍ച്ച ഭാഗങ്ങളും കാണേണ്ടതു തന്നെ. കയ്യ് വായ് ദിശാ പരിചയമെത്തിയിട്ടില്ലാത്ത കുഞ്ഞുകുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിനെ അത് അനുസ്മരിപ്പിച്ചു.

 

ഈ ഉദ്യോഗസ്ഥന് ആ ഉടമസ്ഥനോട് ഒരു വിരോധവുമില്ല. വിരോധം അദ്ദേഹത്തിന് അദ്ദേഹത്തിനോടു തന്നെയാണ്. അവധിയായതിനാല്‍ യൂണിഫോമിലല്ലായിരുന്നു വരവ്. മുണ്ടും ഷര്‍ട്ടും. അതാകട്ടെ മുഷിഞ്ഞതും. ഷേവ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഏതാണ്ട് 25 ശതമാനം കുറ്റിരോമം മുഖത്തിന്റെ പല ഭാഗത്തായി അവശേഷിക്കുന്നുണ്ട്. അദ്ദേഹം എന്തു ചെയ്താലും ഇതുപോലെയേ ആകാനിടയുളളു. അദ്ദേഹത്തിന്റെ വീടു പോലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നു ദുരദര്‍ശിനിയിലൂടെ എന്നപോലെ കാണാന്‍ കഴിയും. ജോലി ചെയ്യുന്ന സ്ഥാപനത്തേയും അദ്ദേഹത്തിലൂടെ കാണാന്‍ കഴിയുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിനും ഒരു പരിധിവരെ വ്യക്തിയുടെ പെരുമാററത്തെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയും.               

 

ടെലിഫോണ്‍ അദ്ദേഹം ശരിയാക്കി. എന്നാല്‍ ശരിയാക്കുന്ന രീതി. അത് എങ്ങനെയാകണമെന്ന് അദ്ദേഹത്തിന് പരിശീലനത്തിന്റെ അഭാവമുണ്ട്. വയറിന്റെ കഷണം മുറിക്കേണ്ടി വന്നല്‍ അതിന്റെ അവശിഷ്ടം താഴെ വീഴാതെ നോക്കേണ്ടത് വൃത്തിയുടെ മാത്രം പ്രശ്‌നമല്ല. ചെറിയ ചെമ്പു കഷണം ആള്‍ക്കാരുടെ കാലില്‍ തുളച്ചു കയറാന്‍ സാധ്യതുയുണ്ട്.  അത്തരം കഷണങ്ങള്‍ ചിലപ്പോള്‍ ആള്‍ക്കാരുടെ കണ്ണില്‍ പെടില്ല.

 

ഈ ഉദ്യോഗസ്ഥന്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയേ അല്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളും എന്തിന് കുടുംബ ബന്ധം പോലും താളം തെറ്റിയതാകും. ആ മുഷിഞ്ഞ വേഷവും വൃത്തിയില്ലാതെ പുല്ലു ചെത്തിയ തറപോലെയുള്ള രോമക്കുറ്റികള്‍ അവശേഷിക്കുന്ന മുഖവും അത് വിളിച്ചറിയിക്കുന്നു. ജനങ്ങളുമായി ബി.എസ്.എന്‍.എല്‍ ബന്ധപ്പെടുന്നത് ഇവരിലൂടെയാണ്. അവരുമായുള്ള  ഉപഭോക്താക്കളുടെ ബന്ധമാണ് ബി.എസ്.എന്‍.എല്ലിനെക്കുറിച്ചുള്ള ധാരണ ജനങ്ങളില്‍ സൃഷ്ടിക്കുക. ഇതു മനസ്സിലാക്കേണ്ടത് ഉന്നത സ്ഥാനത്തുള്ള ഉദ്യോഗസ്ഥരാണ്. അവരത് മനസ്സിലാക്കി സേവനത്തെ ഉപഭോക്താവിന് സൗകര്യമുണ്ടാകുന്ന വിധവും സുഖകരവുമാകുന്ന വിധത്തിലാക്കുക എന്ന ലക്ഷ്യത്തിനനുസരിച്ച് മാറ്റുക എന്ന വീക്ഷണം അവരെ നയിക്കുന്ന പക്ഷം ഈ രീതികള്‍ മാറുന്നതേ ഉള്ളു. ഇന്ത്യയിലെ പാസ്‌പ്പോര്‍ട്ട് ഓഫീസുകള്‍ അതിനൊരു ഉത്തമ ഉദാഹരണമാണ്. ഒരുകാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നു പാസ്‌പ്പോര്‍ട്ട് ഓഫീസുകള്‍ .എന്നാല്‍ ഇന്നവിടെ ആവശ്യത്തിനായി ചെല്ലുന്ന ആള്‍ക്കാര്‍ അതിഥികളാവുന്ന അവസ്ഥയുണ്ട്. അതു ആ ഓഫീസിന്റെ കാര്യക്ഷമതയേയും അതു ജനങ്ങള്‍ക്ക് ഉപകാരപ്രദവുമാകുന്നു.

 

ഈ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന് ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകുന്ന വിധം കാലാകാലങ്ങളില്‍ പരിശീലനം നല്‍കിയിരുന്നെങ്കില്‍ വളരെ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകുന്ന പെരുമാറ്റ രീതി അയാളില്‍ ഉണ്ടാകുമായിരുന്നു. അതു സൂക്ഷ്മമായ കാര്യങ്ങളുടെ സാങ്കേതിക പ്രവര്‍ത്തനമാണ് ബി.എസ്.എന്‍.എല്ലിന്റെ നിലനില്‍പ്പ്. അത്തരമൊരു രീതി ജീവനക്കാരില്‍ ബോധപൂര്‍വ്വം വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഈ പൊതുമേഖലാ സ്ഥാപനം ഏതു വെല്ലുവിളികളേയും പുഷ്പം പോലെ നേരിടുമായിരുന്നു. ഈ ഉദ്യോഗസ്ഥന്‍ ഒരു കടയില്‍ നിന്ന് ഒരു പഴം വാങ്ങിക്കഴിച്ചാല്‍ ഉറപ്പാണ്, തൊലി കൈക്ക് കൈവാക്കുള്ളിടത്തേക്ക് എറിയും. അതു ചിലപ്പോള്‍ നടവഴിയോ റോഡോ ഒക്കെ ആകാം. വെള്ളം വാങ്ങിക്കുടിച്ചു കഴിഞ്ഞാല്‍ ഉറപ്പാണ് കുപ്പിയും അതുപോലെ വലിച്ചെറിയും. ഈ രീതിയിലുള്ള സ്വഭാവവും സ്മീപനവുമാണ് ഇന്ന് നാടും നേരിടുന്ന വേസ്റ്റ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. ഇത് അദ്ദേഹത്തോടു തന്നെയുള്ള ബഹുമാനമില്ലായ്മയുടെ ഫലമായി ചെയ്തു പോകുന്നതാണ്.

 

സ്ഥാപനങ്ങള്‍ക്ക് വ്യക്തിയേയും കുടുംബത്തേയും അതിലൂടെ സമൂഹത്തേയും ചെറിയ അളവിലെങ്കിലും ഗുണപരമായി സ്വാധീനിക്കാന്‍ കഴിയുമെന്നും ഈ ബി.എസ് എന്‍.എല്‍ ഉദ്യോഗസ്ഥന്‍ ഓര്‍മ്മിപ്പിക്കുന്നു. പൊതുമേഖലകള്‍ തകരുന്നതിന്റെ കാരണവും ഈ ഉദ്യോഗസ്ഥന്‍ കാട്ടിത്തരുന്നുണ്ട്.
      

Tags: