ബൈപാസിന്റെ അഭാവമാണോ അപകടങ്ങള്‍ക്ക് കാരണം?

Glint staff
Wed, 28-03-2018 06:20:24 PM ;

keezhattoor, bypass

കീഴാറ്റൂര്‍ മുന്നോട്ട് വച്ചിരിക്കുന്നത് ഒരാശയമാണ്. അറുപത് വയസ്സ് തികഞ്ഞ കേരളത്തിന് ഉണ്ടാകേണ്ട ആശയപരമായ വ്യക്തതയിലേക്കാണ് കീഴാറ്റൂര്‍  വിരല്‍ചൂണ്ടുന്നത്. വികസനത്തിന്റെ കാര്യത്തില്‍ അറുപത് വര്‍ഷമായി തുടര്‍ന്ന് വന്ന ഒരു സമീപനം അതിന്റെ ഉഗ്രാവസ്ഥയിലേക്ക് കൊണ്ടുപോകണമോ? അതോ മാറി ചിന്തിക്കണമോ? വികസനം എന്തായിരിക്കണമെന്നും, അത് കേരളത്തിന്റെ പ്രകൃതിക്കും മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ചേര്‍ന്നതായിരിക്കണമോ അതോ വെറും വാര്‍പ്പ് മോഡലുകള്‍ മതിയോ എന്നുള്ളതാണ് ചോദ്യം.  ഇത് ഒരു സമഗ്രവിഷയമാണ്, കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വികസനം, ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്ന വികസന ദൃശ്യങ്ങളോട് സമാനമാണ്. ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അല്‍പ്പം പച്ചപ്പിനായി ചെടികളും മരങ്ങളും വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി ചെലവഴിക്കുന്ന തുക വളരെ വലുതാണ്.

 

അഭാവത്തിന്റെ അറിവിലാണ് അവര്‍ ആ സമീപനം സ്വീകരിക്കുന്നത്. അറുപത് വര്‍ഷം പിന്നിടുന്ന കേരളത്തിന്റെ അവസ്ഥയിലേക്ക് നോക്കുമ്പോള്‍, പ്രകൃതി സമൃദ്ധിയുടെ അറിവിന്റെ അഭാവത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ കാഴ്ചയാണ് കാണാനാവുന്നത്.  മണ്ണും വെള്ളവും വായുവും അഴുകിയതായി.

 

കീഴാറ്റൂരിന്റെ സാന്ദ്രമായ പ്രതലത്തിലൂടെ ഒരു ബൈപാസ് ഉയര്‍ന്നു വരുന്നത് കാണുമ്പോള്‍ ഒരു ബലാത്സംഗ പ്രതീതി തന്നെയാണ് ഉയര്‍ന്നു വരുന്നത്. കേരളത്തിന്റെ പ്രകൃതി മൊത്തത്തില്‍ ഇന്ന് ആ അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ കീഴാറ്റൂര്‍ ഒരു ആശയമായി മലയാളിയുടെയും ഭരണാധികാരികളുടെയും ചിന്താ മണ്ഡലത്തിലേക്ക് പ്രവേശിക്കേണ്ടത്.

 

വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ വിഷയമാണ് അതിനെ ഒരാശയ രൂപത്തിലേക്ക് പരിണമിപ്പിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ കീഴാറ്റൂര്‍ ആശയക്കുഴപ്പത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭൂമികയായി മാറുന്നു. ആ പാടശേഖരത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള വിളനിലമായി ചില രാഷ്ട്രീയ കക്ഷികള്‍ കരുതുന്നു. അതോടെ കേരളം അടിയന്തരമായി ചിന്തിച്ചു വ്യക്തത വരുത്തി തീരുമാനം എടുക്കേണ്ടിയിരുന്ന ആശയം അലസിപ്പോയിക്കൊണ്ടിരിക്കുന്ന ഗതിയാണ് നിലവിലുള്ളത്. ആശയത്തിന് പകരം രാഷ്ട്രീയ ലക്ഷ്യം മുഖ്യ വിഷയമായി രൂപാന്തരം പ്രാപിക്കുന്നതോടെ ഒട്ടേറെ അവാസ്തവങ്ങളും തെറ്റിദ്ധാരണകളും അന്തര്‍ നാടകങ്ങളും അസംബന്ധനാടകങ്ങളുടെ സാധ്യതകളും ഒക്കെ തെളിയുന്നുണ്ട്.

 

വടക്കേ മലബാറിനെ കേരളത്തിന്റെ ഭാഗമായി കാണണമെന്ന് സി.പി.എം നേതാവും എം.എല്‍.എയുമായ എ.എന്‍ ഷംസീര്‍ ചാനല്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. തല്‍ക്കാല ലക്ഷ്യ നേട്ടത്തിന് വേണ്ടിയാണെങ്കിലും ആ വാദഗതിയില്‍ അടങ്ങിയിരിക്കുന്നത് പ്രാദേശിക വികാരത്തെ ആസ്ഥാനത്ത് ഉയര്‍ത്തിവിടുക എന്നുള്ളതാണ്. ഇതുവരെ ഇല്ലാതിരുന്ന ഒരു സങ്കുചിത പരിപ്രേക്ഷ്യമാണ് ആ വാദഗതിയിലൂടെ മലയാളിയുടെ മനസ്സിലേക്ക് നിക്ഷേപിക്കപ്പെട്ടത്. സ്ഥലം എം.എല്‍.എ കൂടിയായ ജെയിംസ് മാത്യു ഒരു ചാനലില്‍ പറയുകയുണ്ടായി റോഡപകടങ്ങളില്‍ ദിനംപ്രതി 12ഉം 13ഉം പേര്‍ മരിച്ചു വീഴുന്നു, അതിനൊരു പരിഹാരം ഉണ്ടാകേണ്ടേ എന്ന ചോദ്യത്തിന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്ക് ഉത്തരം മുട്ടുന്നു. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുള്‍പ്പെടെ.

 

റോഡപകടങ്ങളില്‍ ദിനംപ്രതി ഒരുഡസന്‍ പേരുടെ മരണത്തിന്റെയും നൂറുകണക്കിന് പേര്‍ അംഗവൈകല്യത്തിലേക്ക് നീങ്ങുന്നതിന്റെയും കാരണം. ബൈപാസുകളുടെ അഭാവം കൊണ്ടാണോ? അതോ മറ്റ് കാരണങ്ങളും ഇല്ലേ എന്ന് അന്വേഷിക്കേണ്ടതല്ലേ. അശാസ്ത്രീയ മായ ഡ്രൈവിംഗ്, റോഡിലെ അച്ചടക്കമില്ലായ്മ, റോഡ് മാര്‍ക്കിങ്ങുകളുടെ അഭാവം, കാലാകാലങ്ങളിലായി ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന പരിശീലനത്തിലെ കുറവ്, മോശപ്പെട്ട റോഡുകളും സിഗ്‌നല്‍ വ്യവസ്ഥയും ഇത്തരം കാര്യങ്ങള്‍ കൂടി അപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ പങ്ക് വഹിക്കുന്നില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്. രണ്ടോ മൂന്നോ മാസത്തെ അപകടങ്ങളുടെ പൊതുസ്വഭാവം ചെറുതായിട്ടൊന്ന് പഠിച്ചാല്‍ തന്നെ  അപകട കാരണങ്ങള്‍ എന്തൊക്കെയാണെന്നും, അതില്‍ മുന്‍പില്‍ നില്‍ക്കുന്നതേതൊക്കെ ആണെന്നും കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. പഠനമില്ലാതെ തന്നെ ബന്ധപ്പെട്ടവകുപ്പിന്റെ പക്കല്‍ ഈ വസ്തുതകള്‍ എപ്പോഴും ഉണ്ടാകേണ്ടതുമാണ്. അതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തി അപകടങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്താനും കഴിയും.

 

എന്നാല്‍ ബൈപ്പാസിന്റെ അഭാവമാണ് അപകടങ്ങള്‍ക്ക് കാരണം എന്ന് തീര്‍പ്പാക്കുന്നതിലൂടെ ആപകടങ്ങള്‍ ഒഴിവാക്കാന്‍ ബാധ്യസ്ഥപ്പെട്ടവര്‍ക്ക് അതില്‍ നിന്ന് കൈകഴുകാനുള്ള അവസരം ലഭ്യമാകുന്നു. കാല്‍നട യാത്രക്കാരനെ പോലും നിരീക്ഷിക്കാനുള്ള സംവിധാനം നിലവിലുള്ള സാഹചര്യത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഒരു എളിയ ശ്രമം ജനപ്രതിനിധികളുടെ ഭാഗത്തിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആ ദിശയിലേക് ഉണ്ടായാല്‍ ഓരോ ദിവസവും നമ്മില്‍ 12 പേരുടെ ജീവന്‍ രക്ഷിക്കാനാകും. അതിലൂടെ അച്ചടക്കമുള്ള ഡ്രൈവിങ്ങും, അതിന് സാധ്യമാക്കുന്ന നിരത്തുകളും ലഭ്യമാകും.

 

നിലവിലുള്ള സാഹചര്യങ്ങളുടെ പരമാവധി പ്രയോജനം ലഭ്യമാക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്? ഈ പരിപ്രേക്ഷ്യം വികസന സങ്കല്‍പ്പത്തിന്റെ ഭാഗമാകേണ്ടതല്ലേ? കീഴാറ്റൂരിന് ഇത്തരം ദിശകളിലേക്ക് ഊന്നാനുള്ള കഴിവുണ്ടായിരുന്നു, തുടക്കത്തില്‍. എന്നാല്‍ ഇപ്പോള്‍ മുതലെടുപ്പിനിടയില്‍ പെട്ട് ദിശതെറ്റിയ അവസ്ഥയിലാണ് കീഴാറ്റൂര്‍. ഇത്തരം ആശയക്കുഴപ്പങ്ങളും അവ്യക്തതകളും, തെറ്റിദ്ധാരണകളും, അത്യാവേശങ്ങളും, വികല സങ്കല്‍പ്പങ്ങളും ധാര്‍ഷ്ട്യവും ഒക്കെയാണ് ഇന്ന് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് കേരളത്തില്‍ വിഘാതമായി നില്‍ക്കുന്നത്. കീഴാറ്റൂര്‍ ഒരു ആശയം എന്ന നിലയില്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

Tags: