ചാവേസിന് വിട, ഔപചാരികമായി

Sat, 09-03-2013 04:45:00 PM ;

raul castro at chavez's funeral

കരാക്കസ്: വെനസ്വേലന്‍ നേതാവ് ഹ്യുഗോ ചാവെസിന് ലോകം ഔപചാരികമായ വിട നല്‍കി. കരാക്കസിലെ സൈനികഅക്കാദമിയില്‍  നടന്ന ഔപചാരിക സംസ്‌കാരച്ചടങ്ങുകളില്‍ മുപ്പതോളം രാഷ്ട്രത്തലവന്മാരടക്കം ലക്ഷക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. ചാവെസിന്റെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കുമെന്ന് താത്കാലിക പ്രസിഡന്റ്‌ നിക്കോളാസ് മദുരോ അറിയിച്ചു.

 

അന്തിമോപചാരമര്‍പ്പിക്കാന്‍ ജനം എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഒരാഴ്ചകൂടി മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന്‍ മദുരോ അറിയിച്ചു. അതിനു ശേഷം മൃതദേഹം എംബാം ചെയ്ത് പ്രസിഡന്റിന്റെ കൊട്ടാരത്തിന് വിളിപ്പാടകലെയുള്ള സൈനിക മ്യൂസിയത്തില്‍  സൂക്ഷിക്കും. മ്യൂസിയത്തിനെ 'വിപ്ലവമ്യൂസിയം' എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും മദുരോ പറഞ്ഞു.
 

ചാവേസ് 14 വര്‍ഷം വെനസ്വേലയുടെ  പ്രസിഡണ്ടായിരുന്ന ചാവെസ്  അര്‍ബുദ ബാധയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് അന്തരിച്ചത്‌. ക്യൂബയുടെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ മുഴുവന്‍ രാഷ്ട്രത്തലവന്മാരും സംസ്‌കാരച്ചടങ്ങിന് എത്തിയിരുന്നു. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് ആയിരുന്നു ചടങ്ങിനെത്തിയ മറ്റൊരു പ്രമുഖന്‍. കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ശവസംസ്‌കാരച്ചടങ്ങിനുശേഷം വെനസ്വേലയുടെ താത്കാലിക പ്രസിഡന്റായി നിക്കോളാസ് മദുറോ സ്ഥാനമേറ്റു.

Tags: