കോൺഗ്രസ്സ് നേതാക്കൾ സാമാന്യബുദ്ധി കാണിക്കണം

GLINT STAFF
Tue, 23-07-2019 09:50:51 AM ;

congress കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചുരുങ്ങിയത് ഒരു കാര്യം ഓര്‍ക്കുക .ബ്രിട്ടീഷ്  സാമ്രാജ്യത്വത്തിനെതിരെ മഹാത്മാ ഗാന്ധി നയിച്ച ദേശീയ സമരത്തില്‍ ഒരു തവണ പോലും തിങ്കളാഴ്ച  സെക്രട്ടേറിയറ്റിനുമുന്നില്‍ അരങ്ങേറിയ തെരുവുയുദ്ധം ഉണ്ടായിട്ടില്ല. എന്തായാലും ബ്രിട്ടീഷ് സാമ്രാജ്യത്വം നിലനിന്നിരുന്ന ഒരവസ്ഥ ഇന്ന് ഇന്ത്യയിലും കേരളത്തിലും ഇല്ല.ഒരു കാര്യം കോണ്‍ഗ്രസ് നേതാക്കന്മാര്‍ മനസ്സിലാക്കുക. സിപിഎമ്മിനെറയും അതിന്റെ വിദ്യാര്‍ത്ഥി സംഘടനകളുടെയും  അക്രമത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയത്തെ കേരളം തള്ളിക്കളയുന്നു .പേയിളകിയ ജന്തുക്കളെ സമൂഹം കൂട്ടായി നേരിടുന്ന വിധത്തിലാണ് 11 ദിവസം മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവിടുത്തെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ തിരിഞ്ഞത്. കേരളത്തിന്റെ മനസാക്ഷി ആ ഇളം തലമുറക്കാരിലൂടെ പ്രകടമാവുകയായിരുന്നു .

ആ  സംസ്‌കാരത്തിന്റെ തന്നെ  തോതു കൂടിയ പ്രകടനമാണ് ഇപ്പോള്‍ കെഎസ്യു കേരളത്തിലെ തെരുവീഥികളില്‍ കാഴ്ചവയ്ക്കുന്നത്. പ്രായമേറിയ കോണ്‍ഗ്രസ് നേതൃത്വം ആകട്ടെ അതിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു. അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് കുറ്റവാസന ഉള്ളവര്‍ തന്നെയാണ് .കുറ്റം ചെയ്യുന്നതിനേക്കാള്‍ ശിക്ഷാര്‍ഹമാണ്  കുറ്റകൃത്യത്തിന് പ്രേരണയും  പ്രോത്സാഹനം നല്‍കുന്നതും.

   സിപിഎമ്മിനെറയും എസ്എഫ്‌ഐ യുടെയും അക്രമത്തെ കേരള ജനത തള്ളി കളയുമ്പോള്‍ അതേ സംസ്‌കാരത്തിന്റെ  വീര്യവുമായി രംഗപ്രവേശനം ചെയ്യുന്നത് കേരളത്തില്‍ അവശേഷിക്കുന്ന കോണ്‍ഗ്രസിന്റെ അതിജീവനത്തിന്ന് ഭീഷണിയായി കലാശിക്കും എന്നുള്ളതിന് സംശയം വേണ്ട.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച 19 സീറ്റുകള്‍ കേരള ജനത കോണ്‍ഗ്രസ്സിനു നല്‍കിയ അംഗീകാരം മാത്രമായിരുന്നില്ല. സിപിഎമ്മിനോട് ഉള്ള കേരള ജനതയുടെ എതിര്‍പ്പിന്‌റെ ഫലമായിരുന്നു . ഒരുപക്ഷേ ഇത്രയും ശുഷ്‌കമായ രീതിയില്‍ കോണ്‍ഗ്രസ് ഒരു തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ വേള ഇതുവരെ ഉണ്ടായിട്ടില്ല എന്നു പറയാം ,എന്നിട്ടും  ഈ വിജയം അവര്‍ നേടിയത് മനസ്സിലാക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിന് നഷ്ടപ്പെടുകയാണെങ്കില്‍ സിപിഎമ്മിനെറ അവസ്ഥയെക്കാള്‍ പരിതാപകരം ആയിരിക്കും കോണ്‍ഗ്രസിന്റെ ഗതി .

അവിവേകത്തിന് ബദല്‍ ആയിട്ടുള്ള ഒരു സംസ്‌കാരത്തിന്റെ പ്രതീക്ഷ കൂടിയായിരുന്നു കേരള ജനത കോണ്‍ഗ്രസ്സിന് നല്‍കിയ വോട്ട്. അല്പമെങ്കിലും പ്രായോഗികബുദ്ധി എങ്കിലും കോണ്‍ഗ്രസ് കാണിക്കേണ്ട സമയമാണിത് .സിപിഎമ്മിനെയും എസ്എഫ്‌ഐയുടെയും അക്രമത്തിനു പകരം തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് അക്രമമല്ല. സമാധാനത്തെയും സഹവര്‍ത്തിത്വത്തിന്റെയും രാഷ്ട്രീയമാണെന്ന് കേരള ജനതയോട് പ്രവൃത്തികളിലൂടെ പറയുവാന്‍ ഇതിലും ഉചിതമായ ഒരു സന്ദര്‍ഭം കോണ്‍ഗ്രസിന് ഇതുവരെ കിട്ടിയിട്ടുമില്ല. ഇനി കിട്ടുന്ന കാര്യവും സംശയമാണ് .കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ സ്ഥാപിച്ച രാഷ്ട്രീയ വിദ്യാഭ്യാസ ശാലകളില്‍ നിന്ന് ബാല പാഠവും ഉപരിപഠനവും കോണ്‍ഗ്രസ്  പഠിച്ചതുകൊണ്ടാണ് സിപിഎം പരാജയപ്പെട്ട പാതയിലൂടെ കോണ്‍ഗ്രസ് വിജയിക്കാന്‍ ശ്രമിക്കുന്നത് .

ഇത് മനസ്സിലാക്കുന്നതിന് പ്രായത്തിന്റെയും അതിബുദ്ധിയുടെയും  ആവശ്യമില്ല. സാമാന്യബുദ്ധി മാത്രം മതി. ആ സാമാന്യബുദ്ധിയുടെ വിജയമായിരുന്നു കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട പരാജയം. ആ സാമാന്യ ബുദ്ധിയാണ് കേരളജനത കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നതും .പക്ഷേ ആ പ്രതീക്ഷ അസ്ഥാനത്താണ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കേരളത്തോട് പറയുന്നത്.ഈ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റികോളേജില്‍ മറ്റ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ആ കലാലയത്തില്‍ വീഴുന്ന ചോരയുടെ അളവ് കൂട്ടാനേ സഹായിക്കുകയുള്ളു.

 

 

 

Tags: