സമ്പത്തിന്റെ നിയമനം ജനത്തെ വെല്ലുവിളിക്കുന്ന സത്യപ്രതിജ്ഞാലംഘനം

GLINT STAFF
Fri, 02-08-2019 10:22:24 AM ;

ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട സിപിഎം നേതാവും മുന്‍ എം പിയുമായ എ സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദില്ലിയില്‍ നിയമിക്കപ്പെട്ടു. ക്യാബിനറ്റ് റാങ്കിലാണ് സമ്പത്തിന് നിയമനം .ഒരു സര്‍ക്കാരിന്റെ സമീപനത്തെ തിരിച്ചറിയാന്‍ ഈ ഒറ്റ നിയമനം തന്നെ ധാരാളം . ഇത് തികഞ്ഞ സ്വജനപക്ഷപാതം തന്നെയാണ് .പ്രളയ സെസ് ഏര്‍പ്പെടുത്തിയ അതേ ദിവസം മുതലാണ് സമ്പത്തിന് നിയമനവും. ആ സെസിലൂടെ പോലും ശേഖരിക്കുന്ന കേരള ജനതയുടെ നികുതിപ്പണത്തില്‍ നിന്നാണ് സിപിഎം സ്വജനപക്ഷപാതത്തിനു വേണ്ടി ചെലവഴിക്കുന്നത് .ക്യാബിനറ്റ് റാങ്കോടെ ഉള്ള ഈ നിയമനം ഒരു വര്‍ഷം സംസ്ഥാന ഖജനാവിന് മേല്‍ ഏല്‍പ്പിക്കുന്ന സാമ്പത്തികമായ ആഘാതം അടുത്തവര്‍ഷം അറിയാന്‍ കഴിയും. സിപിഎമ്മിനും കേരളത്തിനും ഈ നിയമനം കൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടാകാന്‍ പോകുന്നില്ല.

അതോടൊപ്പം രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ഇത് സിപിഎമ്മിന് വളരെ ദോഷം ചെയ്യുകയും ചെയ്യും. അച്ചടിച്ചു വെച്ച പ്രസ്താവന പോലെ ഈ നിയമനത്തെ ന്യായീകരിച്ചുകൊണ്ട് നേതാക്കള്‍ ആവര്‍ത്തിക്കും 'ജനങ്ങളാകെ ഈ നിയമനത്തെ അംഗീകരിക്കുന്നുണ്ട് ',എന്ന് വെച്ചാല്‍ മാധ്യമങ്ങള്‍ തെറ്റായി കാര്യങ്ങള്‍ ചിത്രീകരിക്കുന്നു എന്നര്‍ത്ഥം. സാധാരണ ജനങ്ങള്‍ക്ക് ഈ നിയമനത്തിലൂടെ അവരുടെ ഉള്ളില്‍ പതിയുന്നത് ഈ സര്‍ക്കാരിന്റെ മൂല്യ സമീപനമാണ് .
ഒരു വിഷയത്തിലും അതിന്റെ നിജസ്ഥിതിയോ വ്യക്തികളെ സംബന്ധിച്ച് അവരുടെ യോഗ്യതയോ കണക്കിലെടുത്താ യിരിക്കില്ല തീരുമാനം എന്നതാണ് സാങ്കേതികമായി ന്യായീകരണം.  എങ്കിലും സമ്പത്തിന്റെ നിയമനം സത്യപ്രതിജ്ഞ ലംഘനം തന്നെയാണ്. കേരള ഹൗസില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെയും മറ്റും ഇടപെടലുകള്‍ക്കായി ഒരു കമ്മീഷണര്‍ ഇപ്പോള്‍ തന്നെ ഉണ്ട്. അതിന് മുകളിലാണ് ഈ ക്യാബിനറ്റ് നിയമനം ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഇടപാടുകള്‍ സംസ്ഥാനസര്‍ക്കാരിന് അനുകൂലം ആകുന്ന വിധം പ്രവര്‍ത്തിക്കുന്നതിന് ദില്ലിയില്‍ പരിമിതമായ ഒരു സംവിധാനത്തിന്റെ ആവശ്യമേ ഉള്ളൂ.

കാരണം ഇന്ന് ആശയവിനിമയ സംവിധാനങ്ങള്‍ ദൂരം എന്ന പരിമിതിയെ ഒരു പരിധിവരെ അതിജീവിച്ചിരിക്കുന്നു . കോര്‍പ്പറേറ്റ് കമ്പനികള്‍ പോലും അപൂര്‍വ്വമായി മാത്രമേ മീറ്റിങ്ങുകള്‍ നേരിട്ട് നടത്താറുള്ളൂ ,അല്ലാതെയുള്ള മീറ്റിങ്ങുകളും മറ്റു ആശയവിനിമയങ്ങളും എല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴിയും മറ്റ് ഉപാധികളിലൂടെയുമാണ് നിര്‍വഹിക്കപ്പെടുന്നത്.വീട്ടിലിരുന്നും ഏതുവിദൂരത്തുള്ള ഓഫീസിനു വേണ്ടിയും ആള്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന കാലമാണിത്.
പ്രളയസെസ് പ്രാബല്യത്തില്‍ വരുത്തിയ ദിനം തന്നെയാണ് സമ്പത്തിന് നിയമനം നല്‍കിയത്, പ്രളയാനന്തര കേരള നിര്‍മിതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു .കാരണം സ്ഥാപിത താല്‍പര്യവും സ്വജനപക്ഷപാതവുമാണ് ഏതു ദുരിത മുഖത്തുപോലും മുന്‍ഗണന. അത് പരസ്യമായി കാണിക്കാന്‍ മുതിരുകയും ചെയ്യുന്ന ഒരു സര്‍ക്കാറില്‍നിന്ന് ജനത്തിന് പ്രതീക്ഷിക്കാന്‍ വളരെ വിരളമായ കാര്യങ്ങളെ ഉണ്ടാവുകയുള്ളൂ.