പൊടിക്കഥ:ഫുൾജാർ സോഡ

ഗ്ലിന്റൺ
Sat, 22-06-2019 11:26:34 AM ;

SHORT STORY:FULLJAR SODA രമണിയുടെ മൂക്കിൻറെ അറ്റം  ചൊറിഞ്ഞു തെണുത്തു. തൊണ്ടിപ്പഴം  പോലെയായ അവളുടെ മൂക്ക് കണ്ട് രമേശൻ വല്ലാതെ പരിഭ്രമം കാട്ടി .ഇത്തിരി തണുത്ത വെള്ളത്തിൽ കഴുകിയാൽ പോകുന്നതേയുള്ളൂ എന്നു പറഞ്ഞു രമണി അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി. രമേശൻ സമ്മതിച്ചില്ല .ഉടനെ ഡോക്ടറെ കാണിക്കണം .രമണി ആവുന്നത് പറഞ്ഞുനോക്കി , ഇത് നിസ്സാര അസ്വസ്ഥതയെ ഉള്ളുവെന്ന്.രമേശൻ അത് കൂട്ടാക്കിയില്ല. ഏകാഗ്രതയാണോ ആശങ്കയാണോ അതോ അങ്കലാപ്പാണോ കാർ ഡ്രൈവ് ചെയ്യുന്ന രമേശിന്റെ മുഖത്തെന്ന് രമണിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല.നഗരത്തിലെ പ്രധാന ആശുപത്രി യിലെത്തി ഡോക്ടർ ദേവിക ഷിബുവിനെ കാണാൻ ചീട്ടാക്കി .രമേശൻറെ മുഖം വീണ്ടും വിവർണ്ണഭാവങ്ങളിൽ ഇളകി. നീപ വൈറസ് പോലെ എന്തെങ്കിലും പുതിയ
സംഗതികൾ എങ്ങാനും രംഗപ്രവേശനം ചെയ്തിട്ടുണ്ടോ എന്ന ആധിയിലായി രമണി. ഡോക്ടറുടെ മുന്നിലെത്തിയപ്പോൾ ഒന്ന് ചൊറിഞ്ഞു തെണുത്തു എന്നതിനപ്പുറം ര മണിക്കൊന്നും പറല്ലാനില്ലായിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി അത്യന്താധുനിക ആശുപത്രിയുടെ കഫറ്റീരിയയിലേക്ക് നടക്കുമ്പോൾ രമണി രമേശനെ കളിയാക്കി .എങ്കിലും തന്നെ കുറിച്ചും തൻറെ സൗന്ദര്യത്തെക്കുറിച്ചും ഇത്രയധികം കരുതൽ തൻറെ ഭർത്താവിന് ഉണ്ടല്ലോ എന്ന ചിന്തയും രമണിയുടെ കളിയാക്കലിൽ നിഴലിച്ചു .ഫുൾജാർ സോഡപോലെ രമേശൻറെ ഉള്ളിൽനിന്നും പൊന്തിവന്നത് അയാൾ അടക്കി. രമണിയുടെ കമന്റുകൾ തന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നു എന്ന വിധം ചിരി ഒതുക്കി രമേശൻ ജാറു പോലുള്ള കപ്പിൽ നിന്ന് ചൂടു കാപ്പി നുണഞ്ഞു.തലേ രാത്രി ഫുൾജാർസോഡ  പോലെ അപ്പോഴും രമേശനിൽ തനിയാവർത്തനം.   
     തലേ രാത്രി ചാനൽ ചർച്ച  കഴിഞ്ഞു നിന്ന ശ്രീക്കുട്ടനെ രമേശനാണ് സ്റ്റുഡിയോയിൽനിന്ന് വീട്ടിലേക്ക് കൂട്ടിയത്.   അവധിയായിരുന്നതിനാൽ ശ്രീക്കുട്ടന്റെ ഭാര്യയും മക്കളും ദൂരെയുള്ള ഭാര്യ വീട്ടിലായിരുന്നു. ചെറിയ കലാപരിപാടിക്ക് ശ്രീക്കുട്ടൻ ഗ്ലാസ് ടീപോയിൽ വെച്ചിട്ട് എഴുന്നേറ്റ് തുടങ്ങിയപ്പോഴാണ് ടീപ്പോയുടെ പുറത്തിരുന്ന അയാളുടെ മൊബൈൽ ഫോൺ ഒരു  വാട്സാപ്പ് മെസ്സേജ് ചിനുങ്ങൽ പുറപ്പെടുവിച്ചത്.
ഡോ.ദേവിക ഷിബുവിൻറെ ' ഗുഡ് നൈറ്റ് '. മറുപടിയയക്കാനായി ഫോൺ എടുത്തപ്പോൾ തന്നെ മറ്റൊരു മെസ്സേജും. " തകർപ്പനായിരുന്നു ഇന്നത്തെ ചർച്ച" അഭിനന്ദനത്തിന് നന്ദി അറിയിച്ചിട്ട് ശ്രീക്കുട്ടൻ തിരിച്ചു മെസ്സേജി, "ഇത്ര നേരത്തെ ഉറങ്ങാൻ പോകുന്നോ ''
"മണി 11 ആയാൽ സാധാരണ മനുഷ്യരൊക്കെ ഉറങ്ങില്ലേ "  അത് സാധാരണക്കാരുടെ കാര്യം അല്ലേ " എന്ന് ശ്രീക്കുട്ടന്റെ മറുശരം.
തുടർന്ന് താൻ  സാധാരണ സ്ത്രീയാണെന്നും, എന്നാൽ അതല്ല അസാധാരണമായ യുവതിയാണ് ദേവിക എന്ന് സമർത്ഥിച്ചുകൊണ്ട് ചാനൽ ചർച്ച വൈഭവത്തോടെ ശ്രീക്കുട്ടൻ ദേവികയ്ക്ക് മെസ്സേജ് ബാണങ്ങളയച്ചു.
ശ്രീക്കുട്ടൻ :" മൂപ്പരുറങ്ങിയോ "
ദേവിക : മൂപ്പർക്ക് രാവിലെ സർജറി ഉള്ളതാ.
ശ്രീ: ഇത്രയും നേരത്തെ ഉറങ്ങാൻ കഴിയുന്നവർ ഭാഗ്യവാൻമാരാ.   ദേവികാപതി എങ്ങനെ ഭാഗ്യവാൻ ആകാതിരിക്കും
ദേ :ഉറക്കമാണ് ഭാഗ്യലക്ഷണമെങ്കിൽ എന്റെ കെട്ടിയവൻ മഹാഭാഗ്യവാനാ.
പിന്നെ വന്നത് ദേവികയുടെ ഒരു വോയിസ് മെസ്സേജ് .  അതോപ്പൺ ചെയ്തപ്പോൾ പേടിപ്പെടുത്തുന്ന വിധമുള്ള അപസർപ്പക ശബ്ദം" കൊള്ളാമല്ലോ  സർജന്റെ നിദ്രാ സംഗീതം " കാൽപ്പനിക ശബ്ദത്തിൽ ശ്രീക്കുട്ടൻ മറുപടി കൊടുത്തു." ശ്രീയുടെ ഈ കഴിവിനെയാണ് ഞാൻ ആരാധിക്കുന്നെ. വെറും കൂർക്കംവലിയെ നിദ്രാ സംഗീതമായി കണ്ടില്ലേ.എനിക്കിനീ ഷിബുവിനൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എങ്ങനെ ചിരിയൂറാതിരിക്കും. ശ്രീ:സംഗീതത്തിൻറെ കാര്യം ഓർത്തപ്പോഴാ ,എത്ര നാളായി ആ സ്വരം ഒന്നു കേട്ടിട്ട്. ഒരു പാട്ട് പാട്ടിത്തരുമോ
ദേ :അയ്യോ ഇപ്പോഴോ .
ശ്രീ:രണ്ടു വരി മതി
ദേ :പിന്നെ ആവട്ടെ
ശ്രീ:ഒരു ഉറക്കുപാട്ടിന്റ രണ്ടുവരി ആയാലും മതി .തീരെ ഉറക്കം വരുന്നില്ല .
ദേ :ശ്ശൊ, ഇതിനൊക്കെ ഒരു നേരവും കാലവുമൊക്കെയില്ലേ
ശ്രീ: അതുകൊണ്ടാ പറഞ്ഞെ ,ഉറക്കുപാട്ട് മതിയെന്ന്
  ഫോണിൻറെ സ്ക്രീനിൽ ടൈപ്പിംഗ് മോഡ് അപ്രത്യക്ഷമായി.ദേവിക ഫോൺ വെച്ചിട്ട്  ഉറങ്ങാൻ പോയിക്കാണും എന്ന് സംശയിച്ച് ഇരിക്കുമ്പോൾ വാട്സാപ്പ് കാൾ മുഴങ്ങി. "മനുഷ്യന്മാരെ വെറുതെ വിടില്ല അല്ലേ. സർജറി അല്ലെങ്കിലും എനിക്കും രാവിലെ ഡ്യൂട്ടി ഉള്ളതാ", പതിഞ്ഞ ,ശ്വാസം ഞെരിച്ച ശബ്ദത്തിൽ ദേവിക .
ശ്രീ:ഡോക്ടർമാർ ക്യുവറേഴ്സ് ആകാതെ ഹീലേഴ്സ് ആകണം. ശരീരത്തിനെ മാത്രമല്ല അപ്പോൾ ചികിത്സിക്കേണ്ടത്.  ഉറങ്ങാനുള്ള അല്പം മരുന്ന് മാത്രമേ ഞാൻ ചോദിച്ചുള്ളൂ. ദേ :എൻറെ പൊന്നേ നിർത്തൂ.  വേണമെങ്കിൽ പാടിത്തരാം. നിശബ്ദത ...... "ഇന്ദ്രനീലിമയോലും "എന്ന തുടങ്ങുന്ന വൈശാലി സിനിമയിലെ പാട്ട് "അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ " എന്നത് ആവർത്തിച്ചുകൊണ്ട് ദേവിക പാട്ട് നിർത്തി. അവസാനത്തെ ഭാഗം ഒന്ന് രണ്ട് തവണ കൂടി ആവർത്തിക്കാൻ ശ്രീക്കുട്ടൻ ആവശ്യപ്പെട്ടു. ദേവിക പതിഞ്ഞസ്വരത്തിൽ  ശ്വാസം അടക്കിക്കൊണ്ട്  അതാവർത്തിച്ചു. ശ്രീ: എന്റെ പൊന്നു ദേവൂട്ടി, എന്റെ ഉറക്കം പോയല്ലോ.ഒന്ന്  വീഡിയോ കോൾ ചെയ്യൂമോ .
ദേ :അയ്യോ, എൻറെ പൊന്നുമോൻ പോയി കിടന്നുറങ്ങ്
ശ്രീ:പ്ലീസ്
ദേ :വേണ്ട ഞാൻ നൈറ്റ് ഡ്രസ്സിലാ ശ്രീ:പരവശതയോടെ ശ്രീക്കുട്ടൻ വീണ്ടും യാചിച്ചു.
       കുറേനേരം അപ്പുറത്തുനിന്ന് "അയ്യോ " യും ഇപ്പുറത്തുനിന്ന് "പ്ലീസും" പ്രവഹിച്ചു. ഒടുവിൽ ഫോൺ കട്ടായി .അതാ വരുന്നു വീഡിയോകോൾ. ക്യാമറ പരിധിയിൽ വരാത്ത വിധം മാറി നിൽക്കാൻ ശ്രീക്കുട്ടൻ രമേശനോട് ആംഗ്യം കാട്ടി.സ്ക്രീൻ കാണാവുന്ന വിധം രമേശൻ ക്യാമറ പരിധിയിൽനിന്ന് ഒഴിഞ്ഞു നിന്നു.

  കഫറ്റീരിയയിൽ നിന്ന് ഇറങ്ങുമ്പോൾ തൻറെ ഉച്ചി തുളച്ച് ഫുൾ ജാർ സോഡാ നുരച്ച് പൊന്തുന്നതുപോലെ രമേശന് അനുഭവപ്പെട്ടു. രമണിയുടെ മൂക്ക് പരിശോധിക്കുന്ന ഡോക്ടർ ദേവികയുടെ ചിത്രം ഓർമ്മയിലെത്തി. ജീവിതത്തിൽ ഒരിക്കൽ പോലും ലജ്ജ അറിയാത്ത ഭാവമായിരുന്നു രമണിയെ പരിശോധിച്ച ഡോ. ദേവികയുടെ മുഖത്തിന് . എതിർവശത്തെ കസേരയിലിരുന്ന തന്നെ ഒന്ന് രണ്ട് തവണ സംഭാഷണത്തിനിടയിൽ ഒന്നു നോക്കിയതല്ലാതെ  പരിഗണിച്ചതേയില്ല. ഏതാനും മണിക്കൂറുകൾ മുമ്പ് താൻ കണ്ട ലജ്ജയിലാണ്ട ദേവികയെയാണ് അപ്പോൾ അയാൾ കണ്ടത്. നഗ്നതയെ സൗന്ദര്യവത്കരിച്ച് ദേവികയുടെ നിറത്തോട് ലയിച്ച്ചേർന്ന റോസ് നിറത്തിലെ നിശാവസ്ത്രത്തിൽ. മാറിടത്തിന്റെ മധ്യത്തിൽ നിന്ന് ഒരു നേർത്ത വള്ളിയിൽ തൂങ്ങിക്കിടക്കുന്ന, കുഞ്ഞുങ്ങളുടെ പള്ളമൂടിയെ ഓർമ്മിപ്പിക്കുന്ന കുപ്പായം. രമണിയുടെ മൂക്കിൻറയറ്റത്തെ ചുവപ്പായിരുന്നു ലജ്ജയിൽ മുങ്ങിയ ദേവികയുടെ മുഖത്തിനപ്പോൾ.  ഉച്ചിയിൽ മുടി കെട്ടിവച്ചിരുന്ന ദേവികയുടെ മുഖത്തിന് ബുദ്ധഭാവമായിരുന്നുവെന്ന് ശ്രീക്കുട്ടൻ ദേവികയോട് പറയുകയുണ്ടായി. എന്നാൽ സമൃദ്ധമായ ദേവികയുടെ മാറിടങ്ങൾക്കാണ് ആ ഭാവമെന്ന് പറയാനുള്ള വെമ്പൽ അപ്പോൾ നുരഞ്ഞു പൊങ്ങിയതു രമേശനോർത്തു .അത് പറയാൻ കഴിയാതിരുന്നതിന്റെ ധർമ്മസങ്കടം ഡോ.ദേവിക രമണിയെ പരിശോധിക്കുന്ന വേളയിലും രമേശന് അനുഭവപ്പെട്ടു. ആശുപത്രിയിൽ നിന്നു പുറത്തിറങ്ങിയ രമേശനും രമണിയും അൽപ്പം അകലെയുള്ള പേ ആൻഡ് പാർക്കിലേക്കു നടന്നു. വഴിയരികിലെ ന്യൂ ജൻ പെട്ടിക്കടയിൽ ബീവറേജസ് ഔട്ലറ്റിലേതല്ലാത്തതുപോലെ ഒരു ചെറു കൂട്ടം .പെട്ടിക്കടയുടെ വശത്തെ നെറ്റിയിലെന്ന പോലെ ഒരു മിനുക്ക ബോർഡ് - ഫുൾജാർ സോഡ. അതു കണ്ട രമണി ചോദിച്ചു, എന്തായീ സാധനം .ഒന്നു കടിച്ചു നോക്കിയാലോ." എനിക്കു വേണ്ട, നീ വേണമെങ്കിൽ കടിച്ചോ "