മാട്ടിറച്ചിയും ബുദ്ധിജീവി യുദ്ധപ്രഖ്യാപനവും

Wed, 21-10-2015 11:33:00 PM ;

യുദ്ധത്തിന് അതിന്റെ ശാസ്ത്രമുണ്ട്. എന്തിന് സര്‍ഗ്ഗാത്മകതപോലുമുണ്ട്. ആദ്യമായി വേണ്ടത് യുദ്ധം ആവശ്യമാണോ എന്ന് കൃത്യമായി നിശ്ചയിക്കലാണ്.ആ തീരുമാനമെടുക്കലാണ് ഏറ്റവും സുപ്രധാനം. യുദ്ധം സമാധാന പുനഃസ്ഥാപനത്തിനായി അനിവാര്യമാണോ എന്ന് തിട്ടപ്പെടുത്തണം. അതിനുള്ള കാര്യങ്ങളെ വ്യക്തമായി കാണാനുള്ള കഴിവുണ്ടാകണം . അതിനു പ്രാഥമികമായി വേണ്ട ശേഷി കാര്യങ്ങളെ വിവേകത്തോടെ കാണുന്നതിനേക്കാള്‍ പൂര്‍ണ്ണമായും വൈകാരികതയില്‍ നിന്ന് സ്വതന്ത്രമായി നില്‍ക്കാനുള്ള കഴിവാണ്. പിന്നീടു വേണ്ടത് യുദ്ധം പ്രഖ്യാപിക്കുന്നവര്‍ക്ക് ശത്രുവിനെ എല്ലാ വിധത്തിലും നേരിട്ട് പരാജയപ്പെടുത്താനുള്ള കോപ്പുകളും ശേഷിയുമുണ്ടോ എന്നുള്ളതാണ്. അതും വസ്തുനിഷ്ഠമായി തിട്ടപ്പെടുത്തണം. അഥവാ അതില്ലെങ്കില്‍ ആ ശേഷി സമാഹരിക്കാന്‍ തീരുമാനമെടുക്കണം. ശേഷി സമാഹരിക്കാനായി പ്രവര്‍ത്തിക്കണം. അവിടെയാണ് യുദ്ധം ശാസ്ത്രാധിഷ്ഠിതവും സര്‍ഗ്ഗാത്മകവുമാകുന്നത്.

മേല്‍സൂചിപ്പിച്ച തയ്യാറെടുപ്പുകളില്ലാതെ യുദ്ധപ്രഖ്യാപനം നടത്തിയാല്‍ ശത്രു ശക്തി പ്രാപിക്കുകയും അവര്‍ യുദ്ധോത്സുകരായി രംഗത്തുവരികയും ചെയ്യും. യുദ്ധോത്സുകത വൈകാരികമായ അവസ്ഥയാണ്. അതുണര്‍ന്നു കഴിഞ്ഞാല്‍ ആ വികാരത്താല്‍ അതിനടിപ്പെടുന്ന വ്യക്തിയും സമൂഹവും നയിക്കപ്പെടും. തന്റെ അല്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുന്നു എന്ന ധാരണയില്‍ നിന്നാണ് യുദ്ധോത്സുകത ജന്യമാകുന്നത്. നിലനില്‍പ്പിനുവേണ്ടി പോരാടുക എന്നത് ജന്തുസഹജമാണ്. മനുഷ്യന്‍ വികാരത്തിന് കീഴ്‌പ്പെടുന്ന നിമിഷം വിവേകത്തിനോട് വിടപറഞ്ഞ് മാനുഷിക ഗുണത്തില്‍ നിന്ന് പിന്മാറി ജന്തുസ്വഭാവത്തിലേക്ക് പതിക്കുന്നു. അങ്ങിനെയാണ് തങ്ങള്‍ക്കെതിരെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന യുദ്ധത്തിനായി ശത്രു സജ്ജമാകുക. അവിടെ ശത്രു വിജയിക്കും. അക്കാര്യത്തില്‍ സംശയത്തിന്റേയോ രണ്ടഭിപ്രായത്തിന്റേയോ ആവശ്യമില്ല.

മതത്തെ രാഷ്ട്രീയലാഭത്തിനും അധികാരത്തിനുമായി മറയില്ലാതെ ബി.ജെ.പി. ഉപയോഗിക്കുന്നു. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ പരോക്ഷമായും ചിലപ്പോള്‍ ബി.ജെ.പി.യുടെ എതിര്‍പക്ഷത്തു നിന്ന് പുരോഗമനത്തിന്റെ മറവിലും മതത്തെ ഉപയോഗിക്കുന്നു. ഇന്ന് ഇന്ത്യയില്‍ മതേതരമെന്നാല്‍ ബി.ജെ.പി.യെ എതിര്‍ക്കുക എന്ന എളുപ്പവഴിപോലുമായിരിക്കുന്നു. തനിക്കെതിരെ സ്വന്തം പാര്‍ട്ടിയും ഇന്ത്യയിലെ മറ്റ് പാര്‍ട്ടികളും സാംസ്‌കാരികമായും അല്ലാത്തതുമായ എല്ലാ സംഘടനകളും ലോക രാഷ്ട്രങ്ങളും യുദ്ധപ്രഖ്യാപനം നടത്തിയപ്പോള്‍ അതിനെ ചെറുക്കാനും നിലനില്‍ക്കാനും യുദ്ധം ചെയ്യുന്നവരെ പരാജയപ്പെടുത്താനുമുള്ള ശേഷി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കരസ്ഥമാക്കി. ആ ശേഷിയിലൂടെ സമ്പാദിച്ച കരുത്താണ് തനിക്ക് ആ കരുത്തുകൊണ്ട് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പറ്റുമെന്ന ബോധം അദ്ദേഹത്തിലുണ്ടാക്കിയതും ഇപ്പോള്‍ ആ സ്ഥാനത്തേക്ക് അദ്ദേഹം എത്തിപ്പെടാന്‍ കാരണമായതും. അല്ലാതെ പടിപടിയായുള്ള സ്വന്തം നിലയിലുള്ള വികാസംകൊണ്ടല്ല. എന്നുവെച്ചാല്‍ അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് അദ്ദേഹത്തിനു ശക്തി പകര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കാരണമായത്.

ബി.ജെ.പി. മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിച്ച് അധികാരത്തിലെത്തിയ പാര്‍ട്ടിയാണ്. ബി.ജെ.പി.യും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധവും രഹസ്യമല്ല. എല്‍.ഡി.എഫ്. കേരളത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ എ.കെ.ജി. സെന്ററും ഭരണകൂടവും തമ്മിലുള്ള ബന്ധം പോലെയാണത്. ജനാധിപത്യത്തിലൂടെയാണ് അവരും അധികാരത്തിലെത്തിയത്. അവരെ ജനാധിപത്യം അനുവദിക്കുന്ന സമയം ഭരിക്കാന്‍ അനുവദിക്കേണ്ടത് ജനാധിപത്യ മര്യാദയാണ്. തെറ്റായ വഴിയില്‍ നീങ്ങുമ്പോള്‍ തിരുത്തേണ്ടതും ആവശ്യമാണ്. അതല്ല ആ സര്‍ക്കാര്‍ ജനാധിപത്യത്തിനു ഭീഷണിയാകുന്നു എന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ അതിനെ താഴെയിറക്കാന്‍ ശ്രമിക്കേണ്ടതും പ്രതിപക്ഷമുള്‍പ്പടെ എല്ലാ ജനാധിപത്യവിശ്വാസികളുടേയും ഉത്തരവാദിത്വമാണ്. ഇതൊന്നുമില്ലാതെ ഭര്‍ത്താവ് ഫസ്റ്റ്‌ഷോയ്ക്ക് കൊണ്ടുപോകാത്തതിന്റേയോ അല്ലെങ്കില്‍  താന്‍ തമാശ പറഞ്ഞപ്പോള്‍ ഭാര്യ ചിരിച്ചില്ല എന്നതിന്റേയോ പേരില്‍ വിവാഹമോചനത്തിന് ആവശ്യപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാരേപ്പോലെയായിപ്പോയി ഇപ്പോള്‍ രാജ്യത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും അവാര്‍ഡുകള്‍ തിരികെക്കൊടുത്തതും അതിന്റെ പേരില്‍ ചാനലുകളിലൂടെയും മറ്റും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നതും. ഇത് മുതലെടുക്കുന്നത് ബി.ജെ.പി.യും ഹിന്ദു തീവ്രവാദശക്തികളുമാണ്. ദാദ്രിയില്‍ നടന്ന സംഭവവും കര്‍ണ്ണാടകയില്‍ കുല്‍ബര്‍ഗിയടക്കമുള്ളവര്‍ കൊല ചെയ്യപ്പെട്ടതുമൊക്കെ അങ്ങേയറ്റം അപലപനീയമായ സംഭവങ്ങളാണ്. എന്നാല്‍ അത് ബി.ജെ.പി. സൃഷ്ടിച്ച രാഷ്ട്രീയ നീക്കങ്ങളായിരുന്നില്ല. അതേ സമയം ബി.ജെ.പി. സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ പര്യാപ്തമായി മാറിയ ഇന്ത്യന്‍ സാഹചര്യവുമാണ്. ഈ സംഭവങ്ങള്‍ക്കു ശേഷം മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും പേരില്‍ നിരുത്തുരവാദപരമായി ഇന്ത്യയിലെ ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ നടത്തിയ അവര്‍ഡ് തിരിച്ചു നല്‍കല്‍ പ്രതിഷേധവും മാധ്യമങ്ങളിലൂടെയുള്ള പൈങ്കിളി യുദ്ധപ്രഖ്യാപനങ്ങളും മാട്ടിറച്ചിയെ അതിശക്തമായ രാഷ്ട്രീയ വിഷയമാക്കി മാറ്റിക്കൊടുത്തു. ഈ സമയം ബി.ജെ.പി.യും നരേന്ദ്രമോദിയും മൗനത്തിലായിരുന്നു. അവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടിവന്നില്ല. ആ ശക്തമായ അന്തരീക്ഷമാണ് ഹിമാചല്‍ പ്രദേശില്‍ വെള്ളിയാഴ്ച പശുക്കളെ കടത്തിയതിന്റെ പേരില്‍ ഒരു യുവാവ് കൊലചെയ്യപ്പെടാന്‍ ഇടയാക്കിയത്. ദാദ്രിയില്‍ അഖ്‌ലാഖ് പ്രാദേശികമായ കിംവദന്തിയുടേയും പ്രകോപനത്തിന്റേയും പേരിലായിരുന്നു കൊല ചെയ്യപ്പെട്ടതെങ്കില്‍ ഹിമാചല്‍ പ്രദേശില്‍ ദേശീയ തലത്തിലുണ്ടായ വൈകാരികതയുടെ ഫലമാണ് പ്രകടമായത്. ഈ അന്തരീക്ഷം സൃഷ്ടിച്ചത് മാധ്യമ പിന്തുണയോടെ രാജ്യത്തെ ബുദ്ധിജീവികളാണ്. അതേ സമയം രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷവും നിശബ്ദമാണ്. കാരണം ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു. ബുദ്ധിജീവികള്‍ സൃഷ്ടിച്ചുകൊടുത്ത അന്തരീക്ഷത്തെ അവിടെ ബി.ജെ.പി.മുതലെടുക്കുന്നു. പ്രതിപക്ഷം ഗതികേടിലുമായി. മതത്തെ പരോക്ഷമായി ഉപയോഗിക്കുന്ന അവര്‍ ബുദ്ധിമുട്ടിലാകുന്നു. ഈ സമീപനമാണ് ബീഫ് കഴിക്കുന്ന ആര്‍.എസ്.എസ്.കാരുപോലുമുളള കേരളത്തിലും സി.പി.എമ്മിന്റേയും അവരുടെ വിദ്യാര്‍ഥി സംഘടനയുടേയും ബുദ്ധിജീവികളുടേയും സഹായത്തോടെ മോലോ മൊഞ്ചോ ചുളിക്കുക പോലും ചെയ്യാതെ മാട്ടിറച്ചി രാഷ്ട്രീയ വിഷയമാക്കി മാറ്റപ്പെട്ടത്. ബീഫ് ഫെസ്റ്റ് എന്ന ആഘോഷത്തിലൂടെ ആര്‍ക്കുവേണമെങ്കിലും വിളവെടുക്കാന്‍ പാകത്തില്‍ വിതച്ച് വളമിട്ടു വെള്ളമൊഴിച്ചു കൊടുത്തിരിക്കുന്നത്. ആസേതുഹിമാചലം ആ സാഹചര്യം സൃഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. മെയ്യനങ്ങാതെ ഒരു കൂട്ടര്‍ വിളവെടുത്ത് ജന്മികളാകും. പേടിയെ മൂലധനമാക്കി നീങ്ങുന്നവരുടെ വിധിയും ഗതിയുമാണ് അടിമത്വം. ജന്മിയും അടിമയും എങ്ങിനെ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കാനും ഈ വര്‍ത്തമാനകാല ഉദാഹരണം ധാരാളം.

 

Tags: