സംശയം വേണ്ട, അമര്‍ അക്ബര്‍ ആന്റണി മഹാമോശം

ഡി. എസ്. തമ്പുരാന്‍
Sat, 24-10-2015 10:08:00 PM ;

സോഷ്യല്‍ മീഡിയയില്‍ വരുന്ന സിനിമാ റിവ്യൂകള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ വിശ്വാസ്യത ആര്‍ജിച്ച ഏതെങ്കിലും റിവ്യൂകളെ കണക്കിലെടുക്കാന്‍ ശീലിക്കണം. അതായത് അത്തരത്തിലുള്ള റിവ്യൂകള്‍ ഉണ്ടാവുകയും വേണം. പൊതുവേ സോഷ്യല്‍ മീഡിയയില്‍ വന്ന റിവ്യൂവിനെ ആധാരമാക്കി കണാന്‍ പോയ സിനിമയാണ് നാദിര്‍ഷാ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ ആന്റണി. ആയിരം പേര്‍ ഒരു കളവ് ആവര്‍ത്തിച്ചാലും കളവ് കളവല്ലാതാകുന്നില്ല. അതുപോലെ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ എത്രതന്നെ ഗംഭീര റിവ്യൂ വന്നുവെന്നു വെച്ചാലും ഈ സിനിമ മഹാമോശം അല്ലാതാകുന്നില്ല. ഒപ്പം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമല്ല. 

   സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വ്വമല്ല, സ്വാഭാവികമായി വന്ന റിവ്യൂകളാണെങ്കില്‍ കേരള സമൂഹം ഗുരുതരമായ രോഗത്തിന്റെ പിടിയിലാണെന്ന് നിസ്സംശയം പറയാം. കേരളസമൂഹം ഒരുപരിധിവരെ രോഗഗ്രസ്തമാണെന്നുള്ളത് വസ്തുതയാണ്. എന്നാലും ഇത്രയും ആയിട്ടുണ്ടോ എന്നുള്ളതാണ് സംശയം. 

   കുഞ്ഞുകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊന്നുകളയുന്നവരെ നാട്ടുകാര്‍ ചേര്‍ന്നു തല്ലിക്കൊല്ലുന്നതും അതിനു പോലീസ് പ്രത്യക്ഷമായ പിന്തുണ നല്‍കുന്നതുമാണ് പ്രമേയം. നോക്കുമ്പോള്‍ സാമൂഹികപ്രസക്തമായ പ്രമേയം. അതുവച്ചിട്ട് കൊച്ചിയുടെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയെന്നവണ്ണം മൂന്നാംകിട നാടകീയമൂഹൂര്‍ത്തങ്ങള്‍ കാണിച്ച് അറപ്പുളവാക്കുന്ന പശ്ചാത്തലമൊരുക്കിയിരിക്കുന്നു. നായകന്മാര്‍ മൂന്നുപേരാണ്. അമര്‍ ആയി പൃഥ്വിരാജ്, അക്ബറായി ജയ്‌സൂര്യ, ആന്റണിയായി ഇന്ദ്രജിത്. മതസൗഹാര്‍ദ്ദച്ചേരുവ ധാരാളം. പോരാത്തതിന് അമറിന്റെ വീട്ടില്‍ തികച്ചും യാദൃശ്ചികമായി എത്തപ്പെട്ട മുസ്ലീം യുവതിയും അവരുടെ കുട്ടിയുമുണ്ട്. അറുവഷളന്‍ രീതികളില്‍ ജീവിച്ചുകൊണ്ട് കള്ളുകുടിയും കറക്കവുമായാണ് ആദ്യപകുതിയും രണ്ടാം പകുതിയുടെ പകുതിവരേയും സിനിമ നീങ്ങുന്നത്. അമറിന്റെ വീട്ടില്‍ താമസിക്കുന്ന മുസ്ലീംയുവതിയുടെ കുട്ടി ഫാത്തിമയെ കാണാതാകുന്നതോടെയാണ് സിനിമയുടെ ഗതി മാറിത്തുടങ്ങുന്നത്. 

   മലയാള സിനിമ അനുഭവിക്കുന്ന ഗതികേട് അറിയണമെങ്കില്‍ ഈ സിനിമ ഉദാത്തമായ ഉദാഹരണമാണ്. നല്ല മൂന്നു പ്രധാനനടന്മാര്‍, ഒരു പണിയുമില്ലെങ്കിലും നടി നമിതാ പ്രമോദ്. പോരാത്തതിന് വലിയ പണിയില്ലെങ്കിലും ആസിഫ് അലിയുമുണ്ട്. പിന്നെ ഹാസ്യതാരങ്ങള്‍ വേണ്ടുവോളം. അത്ര ചെലവുചുരുക്കല്‍ പടവുമല്ല. ഇത്രയുമൊക്കെയുണ്ടായിട്ട് ഒരു നല്ല ദൃശ്യം പോലും ഈ സിനിമയ്ക്ക് കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല. എന്തിന് ഒരു നല്ല പാട്ടുപോലും ഇല്ലാതായിപ്പോയി. അതെല്ലാം സഹിക്കാം. ഒരു സമൂഹമെന്ന നിലയില്‍ ഈ സിനിമ മുമ്പോട്ടു വയ്ക്കുന്ന സംസ്‌കാരം സാമൂഹിക കുറ്റവാസനകളെ പ്രോത്സാഹിപ്പിക്കുന്നതാണ്. 

   ജനക്കൂട്ടം എന്നും എവിടെയും പൈശാചികമാണ്. അതാണ് ജനക്കൂട്ട മനശ്ശാസ്ത്രം. ഒരു സമൂഹത്തിന്റെ സംസ്‌കാരം അറിയണമെങ്കില്‍ ആ സമൂഹത്തിന്റെ ജനക്കൂട്ടത്തിന്റെ സ്വഭാവത്തിലേക്കു നോക്കിയാല്‍ അറിയാന്‍ കഴിയും. വ്യക്തികള്‍ ചെയ്യുമ്പോള്‍ കൊടുംകുറ്റങ്ങളാകുന്ന കൃത്യങ്ങള്‍ സമൂഹം ചെയ്യുകയും അതിന് സാമൂഹികമായ അംഗീകാരം ലഭിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കു നീങ്ങുന്നത് ക്രിമിനലുകളുടെ കൈകളിലേക്ക് സമൂഹത്തെ എറിഞ്ഞുകൊടുക്കുന്ന പ്രക്രിയയാണ്. ജനക്കൂട്ടത്തിന്റെ സ്വഭാവത്തെ നിശ്ചയിക്കുന്നത് ആ ജനക്കൂട്ടത്തിലെ ഏറ്റവും സംസ്‌കാരം കുറഞ്ഞ വ്യക്തിയുടെ സംസ്‌കാരമായിരിക്കും. അതുകൊണ്ടാണ് പലപ്പോഴും പെട്ടെന്ന് ജനക്കൂട്ടം അക്രമാസക്തമാകുന്നതും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകുന്നതും. കുറ്റവാസനയുള്ള മനസ്സുകളുടെ നീതിശാസ്ത്രത്തിന് അംഗീകാരം നേടിക്കൊടുക്കുന്ന ഒരുവിധ കലാമൂല്യവുമില്ലാത്തതായിപ്പോയി ഈ സിനിമ. ദൃശ്യം സിനിമയും ഈ സംസ്‌കാരമാണ് മുന്നോട്ടു വച്ചിരുന്നതെങ്കിലും സിനിമയെന്ന മാധ്യമത്തോട് നീതിപുലര്‍ത്തുന്ന ഒട്ടേറ ഘടകങ്ങള്‍ അതിനുണ്ടായിരുന്നു. ഈ ചിത്രം ഒരു ഘടകത്തില്‍ പോലും അത്തരത്തില്‍ ശരാശരി നിലവാരം പോലും പുലര്‍ത്തിയിട്ടില്ല.

 

Tags: