റോബര്‍ട്ട് മുഗാബെ അന്തരിച്ചു.

GLINT STAFF
Fri, 06-09-2019 07:05:14 PM ;
zimbabwe

വര്‍ണവിവേചനത്തിനെതിരായ നിലപാടിലൂടെ ശ്രദ്ധേയനായ സിംബാബ്‌വെ മുന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസ്സായിരുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന സിംബാബ്‌വെ സ്വതന്ത്രമായതിന് ശേഷം ആദ്യത്തെ പ്രധാനമന്ത്രിയായ മുഗാബെ ഏഴ് വര്‍ഷം പ്രധാനമന്ത്രിയും മുപ്പത് വര്‍ഷം പ്രസിഡന്‍റുമായിരുന്നു.

1924ല്‍ അന്നത്തെ റൊഡേഷ്യയില്‍ ജനിച്ച മുഗാബെ ഏറെക്കാലം അധ്യാപകനായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അധ്യാപകനായിരിക്കെ തന്നെ സ്വദേശത്തെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തില്‍ അദ്ദഹം പങ്കാളിയായി. റൊഡേഷ്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം പല വട്ടം അറസ്റ്റിലായി. നെല്‍സണ്‍ മണ്ടേലയുടേതില്‍ നിന്ന് വ്യത്യസ്തമായി, പാശ്ചാത്യ വിരുദ്ധ നിലപാട് രൂക്ഷമായി ഉയര്‍ത്തിയാണ് മുഗാബെ ജനപിന്തുണ നേടിയത്.

എഴുപതുകളില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ ഗറില്ലാ പോരാട്ടങ്ങളുടെയും മുന്‍ നിര പോരാളിയായിരുന്നു മുഗാബെ. സ്വാതന്ത്ര്യാനന്തരം 1980ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഗാബെ പ്രധാനമന്ത്രിയായി. 1987ല്‍ പ്രസിഡന്‍റായ മുഗാബെ ഭരണഘടന ഭേദഗതിയിലൂടെ കൂടുതല്‍ അധികാരം തന്നിലേക്ക് സ്വരൂപിച്ചു.

പാശ്ചാത്യ രാജ്യങ്ങളുടെ വിശിഷ്യാ ബ്രിട്ടന്‍റെ കടുത്ത വിമര്‍ശകനായിരുന്നു മുഗാബെ. 2000 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ വെള്ളക്കാരുടെ ഭൂമി ദേശസാല്‍കരിക്കാനുള്ള ശ്രമം അന്താരാഷ്ട്ര തലത്തില്‍ കടുത്ത എതിര്‍പ്പിനും ഉപരോധത്തിനുമിടയാക്കി. ഉപരോധത്തോടെ സിംബാബ്‌വെ സാമ്പത്തികമായി തകര്‍ന്നു.

2017ല്‍ തന്‍റെ വൈസ് പ്രസിഡന്‍റായിരുന്ന എമേഴ്സണ്‍ മഗ്വാഗെയെ പുറത്താക്കിയതോടെ, സൈന്യം മുഗാബെയെ വീട്ടു തടങ്കലിലാക്കി. ഇതോടെ, സിംബാബ്‌വെയില്‍ മുഗാബെ യുഗം അവസാനിച്ചു. അവസാന നാളുകളില്‍ സിംബാബ്‌വെ രാഷ്ട്രീയത്തില്‍ അപ്രസക്തനായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സ്വാധീനം സിംബാബ്‌വെയിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ കാലം നിലനില്‍ക്കും.