എസ്എഫ്ഐ ക്ക് പഠിക്കുന്ന കെ എസ് യു:കോൺ നേതാക്കളും ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നു

GLINT STAFF
Sun, 21-07-2019 02:08:52 PM ;

KSU

 

ഭ്രാന്തിനോട് അടുത്തു നിൽക്കുന്ന ഹിംസാത്മകതയെ പ്രക്ഷോഭത്തിന് മുഖമുദ്രയായി പ്രോത്സാഹിപ്പിച്ചതിന്റെ ബാക്കിപത്രമാണ് ഇന്ന് കേരളത്തിൻറെ മുന്നിൽ യൂണിവേഴ്സിറ്റി കോളേജ്.ഒരു കലാലയവും അവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും എങ്ങിനെ ആകരുതോ അതിന്റെ പ്രതീകമായി. എസ്എഫ്ഐ യിലൂടെ കോളജ് ക്യാമ്പസുകളിൽ ആ സംസ്കാരം വിദ്യാർത്ഥി രാഷ്ട്രീയത്തിൻറെ ഭാഗമായി.അതിനെ വളർത്തിയത് സി പി.എമ്മും. ആ സംസ്കാരത്തിൽ പ്രതിഷേധിക്കുന്നത് ഓരോ ചുവടും ആ സംസ്കാരത്തിൽ നിന്ന് പിൻവാങ്ങി കൊണ്ടുള്ളതായിരിക്കണം. ദൗർഭാഗ്യമെന്നു പറയട്ടെ അതിനെതിരെ കെഎസ്‌യു തലസ്ഥാന നഗരിയിൽ നടത്തിയ പ്രതിഷേധം എസ്എഫ്ഐ കാണിച്ചുതന്ന അതേ വഴിയിലൂടെ നീങ്ങുന്നു.എസ് എഫ് ഐയെ ഇന്ന് നിന്ദയോടെ കാണുന്ന അതേ കണ്ണുകൊണ്ടു തന്നയേ കെ എസ് യൂവിനെയും കേരളസമൂഹംകാണുകയുള്ളു. കൗമാരക്കാരായ കോളേജ് കുട്ടികൾ സ്വാഭാവികമായും ഇത്തരം പ്രവണതകൾ കാണിക്കും. അത് ഭ്രാന്തിന്റെ ലക്ഷണമാണെന്നും മനുഷ്യനെ അത് അധമത്വത്തിലേക്ക് നയിക്കുമെന്നും അവരെ ബോധ്യപ്പെടുത്തേണ്ടതിൻറെ ഉത്തരവാദിത്വം മുതിർന്നവർക്കാണ്.

എന്നാൽ ഈ ഭ്രാന്തിനെ ഷാളണിയിച്ച് മഹത്വവത്കരിച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്നും കാണാൻ കഴിയുന്നത് .കഴിഞ്ഞ ബുധനാഴ്ച സെക്രട്ടറിയേറ്റ് മുഖ്യ കവാടത്തിലേക്ക് ചുറ്റുമതിൽ ചാടിക്കടന്ന് എത്തിയ അഡ്വക്കറ്റ് ശില്പയെ പിറ്റേദിവസം പ്രതിഷേധ പന്തലിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാക്ഷിനിർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശില്പയെ ഷാളണിയിച്ച് അനുമോദിച്ചു .തലേദിവസം അഡ്വക്കേറ്റ് ശില്പ കാട്ടിയ സാഹസം പ്രകടിപ്പിക്കാൻ ഒരു വ്യക്തിക്ക് അല്പം കുറ്റവാസന ഉള്ളിൽ ഉണ്ടായാൽ മാത്രം മതി. അതിന് ഉയർന്ന ചിന്തയുടെയും സംസ്കാരത്തിൻറെ അകമ്പടിയൊന്നും ആവശ്യമില്ല.ശില്പയെ നേതാവാക്കി ഉയർത്തിക്കാട്ടിയതിന്റെ ഫലമാണ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻറെ ഔദ്യോഗിക വസതിക്കുമുന്നിൽ നാല് പെൺകുട്ടികൾ ഉൾപ്പെടെ ഉള്ളവർ കാണിച്ച പേയിളകിയതു പോലെയുള്ള രംഗങ്ങൾ.

മനുഷ്യത്വരഹിതമായ എസ്എഫ്ഐ യുടെ മുഖത്തെയാണ് കേരള ജനത തള്ളി ക്കളയുന്നത്. അല്ലാതെ എസ്എഫ്ഐ ആയതുകൊണ്ട് മാത്രമല്ല. ഏതു പ്രസ്ഥാനം അത്തരം വൃത്തികേടുകൾ കാണിച്ചാലും ജനം അതേ സമീപനം തന്നെ കാണിക്കുമെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമൊക്കെ മനസ്സിലാക്കേണ്ടതാണ്. തങ്ങളുടെ കുട്ടികൾ അക്രമത്തിന്റെയും ഭ്രാന്തിന്റെയും പാതയിലേക്ക് പോകുമ്പോൾ അതല്ല അവർ സ്വീകരിക്കേണ്ട വഴിയെന്ന് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അവരെ പരസ്യമായി ഉപദേശിക്കുവാൻ ആ അവസരങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിൽ എന്താണ് എസ്എഫ്ഐയും സിപിഎമ്മും മനസ്സിലാക്കേണ്ട സംസ്കാരമെന്നും അവർ സ്വീകരിച്ചതിന് പകരം വയ്ക്കേണ്ട സംസ്കാരം എന്താണെന്ന് കേരളവും തിരിച്ചറിയുമായിരുന്നു. ആ പക്വത പ്രായത്തിന്റെ ആനുകൂല്യത്തിൽ പോലും ഈ നേതാക്കളിൽ നിന്നും കാണാതെ പോയത് കേരളത്തിന് സമീപഭാവിയിൽ ഒന്നും തന്നെ സാമൂഹ്യ ജീവിയായ മനുഷ്യന് ചേർന്ന രാഷ്ട്രീയ പ്രവർത്തനം കാണാൻ കഴിയില്ല എന്നുള്ളതിന്റെ സൂചന കൂടിയാണ്.

 

ഈ സാഹചര്യത്തിൽ എ കെ ആൻറണിയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. അതായത് തങ്ങൾ അക്രമത്തിനും ഗുണ്ടായിസത്തിനു എതിരാണോ അതോ അതിനെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന്.ആദർശത്തിന്റെ കേരളത്തിലെ ആൾരൂപമായ എ കെ ആൻറണി ക്കാണ് ഇതിൽ കൂടുതൽ ഉത്തരവാദിത്വം. ദില്ലിയിൽ ഇരുന്നുകൊണ്ട് യൂണിവേഴ്സിറ്റി കോളേജ് പ്രശ്നത്തിൽ അദ്ദേഹം പത്രസമ്മേളനവും നടത്തിയ സാഹചര്യത്തിൽ. യൂണിവേഴ്സിറ്റി കോളേജിലെ പശ്ചാത്തലത്തിൽ യഥാർത്ഥത്തിൽ ആർജ്ജവം ഉണ്ടായിരുന്നുവെങ്കിൽ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അഡ്വക്കേറ്റ് ശില്പയെ പരസ്യമായി ശാസിച്ച് ഇല്ലെങ്കിലും ഉപദേശിക്കുകയായിരുന്നു വേണ്ടിയിരുന്നത് കാരണം വിദ്യാർഥി രാഷ്ട്രീയത്തിലെയും പ്രതിഷേധത്തെയും പേരിൽ പരസ്യമായ കാലത്ത് കാലത്ത് പ്രകടനം കേരളത്തിന് താങ്ങാൻ വയ്യാതെ ആയിരിക്കുന്നു അതാണ് യൂണിവേഴ്സിറ്റി കോളേജ് കേരളത്തിനോട് സംസാരിക്കുന്നത് എന്നാൽ ആ സംസ്കാരത്തിന് എതിർക്കുന്നതിനെ പേരിൽ അതേ സംസ്കാരത്തെ കൂടുതൽ മാലയിടും ഷാളണിയിച്ച് പ്രോത്സാഹിപ്പിക്കുന്ന നടപടിയായി പ്രതിപക്ഷനേതാവിനെ ഭാഗത്തുനിന്ന് ഉണ്ടായത് .സിപിഎമ്മും അതിൻറെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയും ഇപ്പോൾ സമൂഹത്തിൽ നിന്ന് ഒരു തിരസ്കാരത്തെ നേരിടുന്നുണ്ട് ആ സംസ്കാരം പിന്തുടർന്ന് ഏത് രാഷ്ട്രീയ പ്രസ്ഥാനവും ഈ പുരസ്കാരത്തെ പിന്നീട് നേരിടേണ്ടി വരും എന്നുള്ള കുറച്ച് ബോധമുണ്ടാകുന്നത് നല്ലതാണ്.