ആരാംകോയിലെ ഡ്രോണ്‍ ആക്രമണം; ഇന്ധന വിലയില്‍ വന്‍ വര്‍ധന

Glint Desk
Mon, 16-09-2019 11:25:24 AM ;
Dubai

drone attack

റിയാദ്: അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. സൗദി അറേബ്യയിലെ ആരാംകോ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് ഇന്ധനവില ക്രമാതീതമായി ഉയരുന്നത്. ക്രൂഡോയില്‍ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൂഡ് ഒരു ബാരലിന് 70 ഡോളര്‍ വരെ എത്തി. 80 ഡോളര്‍ വരെ വില വര്‍ധിക്കാനാണ് സാധ്യത. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.

ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായതോടെ സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ എണ്ണ ഉത്പാദനം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സൗദിയിലെ എണ്ണ ഉത്പാദനം പകുതിയായി കുറഞ്ഞതും വിലകൂടിയതും ഇന്ത്യയെയും സാരമായി ബാധിക്കും. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്!ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പംമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ദിവസേന ഏഴു ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. അപകടത്തോടെ ഇത് അഞ്ചു ദശലക്ഷം ബാരലായി കുറയും. ഇതിനെത്തുടര്‍ന്നാണ് സൗദിയുടെ എണ്ണ ഉത്പാദനം പകുതിയോളം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചത്. അരാംകോയുടെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Tags: