മോഹന്‍ലാല്‍ കനല്‍ തിരിച്ചറിയണം

ഡി. എസ്. തമ്പുരാന്‍
Sun, 08-11-2015 03:28:00 PM ;

Malayalam Movie Kanal Mohanlalമോഹന്‍ലാല്‍ എന്ന നടന്‍ കേരളീയര്‍ക്ക് കിട്ടിയ സൗഭാഗ്യമാണ്. പ്രയത്‌നം കൊണ്ടല്ല മോഹന്‍ലാല്‍ ഇത്തരത്തിലൊരു ലോകോത്തര നടനായത്. പ്രകൃതി അദ്ദേഹത്തില്‍ നിക്ഷേപിച്ചിരിക്കുന്ന അസുലഭമായ സര്‍ഗ്ഗശേഷിയുടെ ഫലമാണ്. അതൊരുപക്ഷേ അദ്ദേഹം തിരിച്ചറിയുന്നുണ്ടാവില്ല. ഒരു വ്യക്തി എന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ പരാജയമാണ്. കാരണം തന്നിലെ പ്രകൃതിദത്തമായ സര്‍ഗ്ഗശേഷിയുടെ മഹത്വം തിരിച്ചറിഞ്ഞ് അതില്‍ അഹങ്കരിക്കാതെ അതിന്റെ വികാസം തേടുമ്പോഴാണ് അത്തരം സര്‍ഗ്ഗശേഷിയുള്ളവര്‍ വ്യക്തിപരമായ ഔന്നത്യത്തിലേക്ക് ഉയരുക. ഇവിടെ മോഹന്‍ ലാലിന് അതിനു കഴിയുന്നില്ല. അതു നിമിത്തം ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ ഒരു കലാകാരന്‍ വ്യക്തിയെന്ന നിലയില്‍ അനുദിനം വികസിക്കുന്നതിനു പകരം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ ജീവിതത്തില്‍ നേരിടുന്ന ഒട്ടുമിക്ക സന്ദര്‍ഭങ്ങളേയും ഭാവതീവ്രതയോടെ കഥാപാത്രങ്ങളിലൂടെ ഇതിനകം മോഹന്‍ലാല്‍ മലയാളി മനസ്സില്‍ സന്നിവേശിപ്പിച്ചു കഴിഞ്ഞു. പ്രശസ്തിയുടെ കാര്യത്തിലായാലും സമ്പത്തിന്റെ കാര്യത്തിലായാലും മോഹന്‍ലാല്‍ വളരെയധികം മെച്ചപ്പെട്ട അവസ്ഥയിലാണ്. അനുഭവത്തിന്റെ കാര്യത്തിലാണെങ്കില്‍ മൂന്നു പതിറ്റാണ്ടിലേറെയുള്ള അഭിനയചരിത്രം. ഇത്രയും പറയാന്‍ കാരണം മോഹന്‍ലാലിന് ഒരു നടന്‍ എന്നതിനുപരി സാമൂഹികമായി ചില പ്രസക്തിയുണ്ട് എന്നതിനാലാണ്. അത്രയ്ക്കാണ് അദ്ദേഹത്തിനു മലയാളിയിലുള്ള വൈകാരിക സ്വാധീനം. അതുകൊണ്ട് ഒരു നടനെന്ന നിലയിലും ഒരു സാമൂഹിക വ്യക്തി എന്ന നിലയിലും ഒരു സിനിമയുടെ ഭാഗമാകുമ്പോള്‍ അതു കലാപരമായും സാമ്പത്തികമായും സാമൂഹികമായും കുറച്ച് നിലവാരവും ആസ്വാദ്യതയും പുലര്‍ത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കേണ്ടതാണ്. എന്നാല്‍ അതിന് കടകവിരുദ്ധമായിട്ടാണ് ഏതാനും വര്‍ഷങ്ങളായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കനല്‍. എന്താണ് അതിലൂടെ സംവിധായകന്‍ പത്മകുമാര്‍ പറയാനുദ്ദേശിച്ചതെന്ന് അദ്ദേഹത്തിനോടു ചോദിച്ചാല്‍ അദ്ദേഹത്തിനു പോലും നന്നായി ആലോചിക്കാതെ പറയാന്‍ പറ്റാത്ത നിലയിലാണ് അതിന്റെ കഥാതന്തു. പകയാണോ, മാധ്യമപ്രവര്‍ത്തനത്തിലെ നെറികേടാണോ, അതോ ജീവിതത്തെക്കുറിച്ച് പൊതുവായിട്ടാണോ, കാട്ടുനീതിയെക്കുറിച്ചാണോ, ഇതിനെല്ലാമുപരി റിസഷനെക്കുറിച്ചാണോ, ചതിയേക്കുറിച്ചാണോ അങ്ങിനെ നീണ്ടുപോകുന്നു ചിതറിക്കിടക്കുന്ന കഥ.

ഏതാനും ദിവസം മുന്‍പ് മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ ഒരു പ്രസ്താവന നടത്തി. അതായത് സിനിമയിലെ ഇതിവൃത്തങ്ങള്‍ ജനങ്ങള്‍ മാതൃകയാക്കുകയോ അനുകരിക്കുകയോ ഒന്നും ചെയ്യരുത്. സിനിമയെ സിനിമയായിത്തന്നെ കാണണം. അത് സാമ്പത്തികമായി വിജയിക്കാന്‍ ചില ചേരുവള്‍ ചേര്‍ക്കും. അതിനെ ആ രീതിയിലേ കാണാവൂ. ഇവിടെയാണ് ഇത്രയും അനുഭവ സമ്പത്തും പ്രായവുമൊക്കെയുണ്ടായിട്ടും മോഹന്‍ലാല്‍ വ്യക്തിയെന്ന നിലയില്‍ പിന്നോട്ടു വളരുന്നതായി അനുഭവപ്പെടുന്നത്. മോഹന്‍ലാല്‍ പറയുന്നതുപോലെയാണെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമാണ്. ചില പുസ്തകങ്ങള്‍, ചില സന്ദര്‍ഭങ്ങള്‍ അങ്ങനെയുള്ള മുഹൂര്‍ത്തങ്ങളിലൂടെ എത്ര വ്യക്തികള്‍ മാറിയിരിക്കുന്നു. ആ മാറ്റങ്ങളിലൂടെ രാഷ്ട്രങ്ങള്‍ വരെ മാറിമറിയുന്നു. സിനിമയെന്നത് വ്യവസായമാണെങ്കിലും അത് സംസ്‌കാര നിര്‍മ്മിതിയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. അങ്ങനെ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും. ഇടയ്ക്ക് ചാര്‍ളി ചാപ്ലിനെ മാത്രം ഓര്‍ത്താല്‍ മതിയാവും. അതെങ്കിലും ഓര്‍മ്മ വന്നിരുന്നുവെങ്കില്‍ ലാല്‍ അത്തരത്തില്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കുകയില്ലായിരുന്നു. സാമൂഹികമായി ഇടപെടാനുള്ള അവകാശം ഏതു വ്യക്തിക്കുമുണ്ട്. എന്നാല്‍ ലാലിനേപ്പോലുള്ളവര്‍ പറയുന്ന ഒരോ വാക്കും ജനം സാകൂതം ശ്രദ്ധിക്കുന്നു എന്നതിനാല്‍ ഉത്തരവാദിത്വം വര്‍ധിക്കുന്നു. അറിയാന്‍ വയ്യാത്ത കാര്യങ്ങളാണെങ്കില്‍ മൗനം പാലിക്കുക.

Kanal Mohanlalനല്ല അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, യഥേഷ്ടം സാമ്പത്തികം എന്നിവയൊക്കെയുണ്ടായിട്ടും കനല്‍ വെറും പുകയും ചാരവുമായാണ് കാണികള്‍ക്ക് അനുഭവപ്പെട്ടത്. തന്റെ സിനിമയുടെ വിജയത്തേക്കാള്‍ താനൊരു ബുദ്ധിജീവിയാണെന്നറിയിക്കാനുള്ള സംവിധായകന്റെ വ്യഗ്രത ചിത്രത്തില്‍ ഉണ്ടാക്കിയ അലോസരം വല്ലാതെ മുഴച്ചു നില്‍ക്കുന്നു. മാര്‍ക്കേസും ഓഷോയുമൊക്കെ ചായയിലും കാപ്പിയിലും മുല്ലപ്പൂവും റോസ്സാപ്പൂവുമിട്ട് കുടിക്കുന്നതുപോലെ അനുഭവപ്പെട്ടു. തന്റെ ഭാര്യയേയും നാലു മക്കളേയും ഭാര്യയുടെ മാതാപിതാക്കളേയും ദുബായില്‍ വച്ച് ചതിച്ചുകൊന്ന രണ്ടു കുടുംബങ്ങളെ അതേ മാതൃകയില്‍ നായകകഥാപാത്രം വക വരുത്തുന്നതിലൂടെയാണ് എണ്ണിയാല്‍ തീരാത്ത കഥകളുള്ള കനല്‍ പുരോഗമിക്കുന്നത്. ദൃശ്യം സിനിമയുടെ സ്വാധീനമാകാം ഇത്തരത്തിലൊരു സിനിമയ്ക്ക് ലാലുള്‍പ്പടെയുള്ള ഈ സിനിമയുടെ പ്രവര്‍ത്തകര്‍ക്കു പ്രചോദനം നല്‍കിയിട്ടുണ്ടാവുക. മലയാള സിനമയില്‍ ഇടക്കാലത്ത് ക്രിമിനലുകളെ കാല്‍പ്പനിക നായകരാക്കി അവതരിപ്പിക്കുന്ന ഒട്ടേറെ സിനിമകള്‍ ഉണ്ടാവുകയുണ്ടായി. ക്രിമിനലുകള്‍ക്ക് സാമൂഹിക അംഗീകാരം നേടാനുള്ള ഒരു സാമൂഹിക പ്രയോഗമായിപ്പോലും അത്തരം സിനിമകളെ കാണുകയുണ്ടായി. ക്രിമിനലുകള്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്കു കടന്നുവരുന്നതിന്റെ ഫലമാണതെന്ന് അന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍ പറഞ്ഞത് ഓര്‍ക്കാവുന്നതാണ്. എന്നാല്‍ ദൃശ്യത്തിനു ശേഷം വന്ന പല സിനിമകളും കുറ്റകൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ഗണത്തില്‍ പെടുന്നവയാണ്. അമര്‍ അക്ബര്‍ ആന്റണിയും അതിന്റെ ഗണത്തില്‍ പെടുന്നു. ലോകോത്തര നടനായ മോഹന്‍ലാലിന്റെ പ്രതിഭയിലൂടെ ആള്‍ക്കാരെ ഉഗ്രകുറ്റവാളിയെപ്പോലെ കൊന്നൊടുക്കുന്ന കൊടും കുറ്റവാളിയെ കാല്‍പ്പനിക നായകനാക്കി ജനസ്സമ്മതിയിലേക്കു കൊണ്ടുവരുന്നതാണ് കനലിലൂടെ കാണുന്നത്. എന്തായാലും സിനിമ പരാജയമായത് മലയാളിയുടെ ഭാഗ്യം. മോഹന്‍ലാലിന്റെ ഉള്ളില്‍ ഒരു ഫയര്‍ അഥവാ കനലുണ്ട്. അതദ്ദേഹം തിരിച്ചറിയണം. അല്ലെങ്കില്‍ അത് താമസിയാതെ പുകയാന്‍ തുടങ്ങും. കനല്‍ ഊതിത്തെളിക്കുന്നതിനു പകരം അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത് പുകച്ചു കെടുത്തുന്ന പ്രക്രിയയിലാണെന്നും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: