Skip to main content
ദമാസ്കസ്

സിറിയയിലെ രാസായുധ നിര്‍മാണ സാമഗ്രികള്‍ പൂര്‍ണമായും നശിപ്പിചെന്നു രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു) വ്യക്തമാക്കി. റഷ്യയും യു.എസ്സും ഉണ്ടാക്കിയ സംയുക്ത ധാരണ  പ്രകാരമാണ് സിറിയ രാസായുധ നിര്‍മ്മാണ സാമഗ്രികള്‍ നശിപ്പിച്ചത്. ഇതിനായി അനുവദിക്കപ്പെട്ട അവസാന ദിവസമായിരുന്നു നവംബര്‍ ഒന്ന്. ഒ.പി.സി.ഡബ്ല്യു ആണ് സിറിയയിലെ രാസായുധ നശീകരണത്തിന് നേതൃത്വം നല്‍കിയത്. ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ലഭിച്ചത് ഒ.പി.സി.ഡബ്ല്യുക്കാണ്.

 

സിറിയയിലെ 23 രാസായുധ കേന്ദ്രങ്ങളില്‍ 21-ലും ഒ.പി.സി.ഡബ്ല്യു പരിശോധന നടത്തി. ആഭ്യന്തര യുദ്ധം രൂക്ഷമായ മേഖലയായതിനാല്‍ മറ്റിടങ്ങളില്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഇവിടങ്ങളിലെ രാസായുധശേഖരം മാറ്റിയിട്ടുണ്ട്. ആയിരം ടണ്ണോളം വരുന്ന രാസായുധശേഖരം പൂട്ടി മുദ്രവെച്ചെന്നും ഒ.പി.സി.ഡബ്ല്യു. അറിയിച്ചു. 2014 ആവുന്നതോടെ  രാസായുധശേഖരം പൂർണ്ണമായും നിർവീര്യമാക്കണമെന്നാണ്  സിറിയയ്ക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

 

ആഗസ്റ്റ്‌ 21-ന് സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് 1500 ഓളം ആളുകള്‍ മരിച്ചിരുന്നു. ഇതിനെതിരെ സിറിയ്ക്കു നേരെ കടുത്ത സൈനിക നടപടിക്ക് മുതിര്‍ന്ന യു.എസ് പിന്നീട് റഷ്യ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയായിരുന്നു. രാസായുധങ്ങള്‍ നശിപ്പിക്കുക എന്ന നിര്‍ദ്ദേശം സിറിയയിലെ അസദ് ഭരണകൂടം അംഗീകരിച്ചു. 

Tags